< Back
India
എക്സ്പ്രസ് ട്രെയിനിൽ  ന്യൂഡിൽസ് പാകം ചെയ്ത സംഭവം; മാപ്പ് പറഞ്ഞ് യാത്രക്കാരി
India

എക്സ്പ്രസ് ട്രെയിനിൽ ന്യൂഡിൽസ് പാകം ചെയ്ത സംഭവം; മാപ്പ് പറഞ്ഞ് യാത്രക്കാരി

Web Desk
|
28 Nov 2025 11:18 AM IST

ചിഞ്ച്‌വാഡ് നിവാസിയായ സരിത ലിംഗായത്ത് എന്ന സ്ത്രീക്കെതിരെ റെയിൽവേ നിയമത്തിലെ സെക്ഷൻ 154 പ്രകാരം യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കിയതിന് കേസെടുത്തിട്ടുണ്ട്

പൂനെ: ഓടിക്കൊണ്ടിരുന്ന എക്സ്പ്രസ് ട്രെയിനിൽ മാഗി ന്യൂഡിൽസ് പാചകം ചെയ്യുന്ന യാത്രക്കാരിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവത്തിൽ പൂനെയിലെ ചിഞ്ച്‌വാഡ് നിവാസിയായ സരിത ലിംഗായത്ത് എന്ന സ്ത്രീക്കെതിരെ റെയിൽവേ നിയമത്തിലെ സെക്ഷൻ 154 പ്രകാരം യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കിയതിന് കേസെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് യാത്രക്കാരി. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ക്ഷമാപണ വീഡിയോ പങ്കുവച്ചത്.

മുംബൈയിലെ ആർ‌പി‌എഫ് ഉദ്യോഗസ്ഥരുമൊത്തുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട്, ഹരിദ്വാറിൽ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ വെച്ചാണ് സംഭവം നടന്നതെന്ന് അവർ വിശദീകരിക്കുന്നു. ട്രെയിനിലെ ചില കുട്ടികൾ മാഗി കെറ്റിലിൽ ഉണ്ടാക്കാമോ എന്ന് ചോദിച്ചതിനാലാണ് താൻ കെറ്റിൽ ഉപയോഗിച്ച് മാഗി ഉണ്ടാക്കിയതെന്ന് അവർ പറഞ്ഞു. താനും മറ്റ് മുതിർന്നവരും ഏകാദശി വ്രതം അനുഷ്ഠിച്ചിരുന്നതിനാൽ വെള്ളം തിളപ്പിച്ച് ചായ ഉണ്ടാക്കാനും കെറ്റിൽ ഉപയോഗിച്ചു. ട്രെയിൻ 6-7 മണിക്കൂർ വൈകിയതിനാൽ കുറച്ചു ചായ ഉണ്ടാക്കി എല്ലാവരും അത് പങ്കിട്ടുവെന്നും സരിത വീഡിയോയിൽ പറയുന്നു. ട്രെയിനിൽ പാചകം ചെയ്താലുണ്ടാകുന്ന അപകടത്തെക്കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്നും തനിക്ക് സംഭവിച്ച തെറ്റിന് മാപ്പ് പറയുന്നതായും സരിത പറഞ്ഞു.

"ട്രെയിനുകളിൽ മാഗി പാചകം ചെയ്യരുത് അല്ലെങ്കിൽ ഹെവി ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കരുത്. ഇത് ഒരു കുറ്റകൃത്യവും ജീവന് ഭീഷണി ഉയര്‍ത്തുന്നതുമാണ്. എന്റെ തെറ്റിനെക്കുറിച്ച് എന്നെ ബോധ്യപ്പെടുത്തിയതിന് മുംബൈ ആർ‌പി‌എഫിന് നന്ദി.ഇത്തരമൊരു തെറ്റ് ചെയ്യരുതെന്ന് എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. സുരക്ഷിതമായ യാത്രയ്ക്ക് ഇന്ത്യൻ റെയിൽ‌വേയ്ക്ക് നന്ദി, ഇനി തെറ്റ് ആവര്‍ത്തിക്കില്ല'' സരിത കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 16ന് ഹരിദ്വാറിൽ നിന്ന് പൂനെയിലേക്ക് പോകുന്ന 07364 നമ്പർ ട്രെയിനിന്റെ B2 കോച്ചിലാണ് സരിതയും കുടുംബവും യാത്ര ചെയ്തിരുന്നത്. ''എവിടെയും അടുക്കള സജീവമാണ്. ഒരു അവധിക്കാല യാത്രയിൽ പോലും തനിക്ക് അവധിക്കാലം ലഭിക്കുന്നില്ല" എന്ന് സ്ത്രീ തമാശയായി പറയുന്നത് വീഡിയോയിൽ കേൾക്കാം. മാഗി പാചകം ചെയ്യുമ്പോൾ അതേ കെറ്റിൽ ഉപയോഗിച്ച് കുറഞ്ഞത് 15 പേര്‍ക്കെങ്കിലും ചായ ഉണ്ടാക്കാൻ പദ്ധതിയുണ്ടെന്നും സരിത പറയുന്നുണ്ട്. വീഡിയോ വ്യാപക വിമര്‍ശത്തിനാണ് ഇടയാക്കിയത്.

View this post on Instagram

A post shared by Sarita Lingayat (@saritatai_lingayat)

Similar Posts