< Back
India
Jyoti Maurya incident
India

വീട്ടുജോലിയെടുത്ത് ഭർത്താവിനെ പഠിപ്പിച്ചു; സർക്കാർ ജോലി കിട്ടിയതോടെ മറ്റൊരു സ്ത്രീക്കൊപ്പം പോയന്ന് ഭാര്യയുടെ പരാതി

Web Desk
|
11 July 2023 1:11 PM IST

നിരവധി വീടുകളിൽ പാത്രം കഴുകിയും അടിച്ചുവാരിയുമാണ് ഭർത്താവിന് പഠിക്കാനുള്ള പണം കണ്ടെത്തിയതെന്നും മമത പറയുന്നു

ഭോപ്പാൽ: വീട്ടുജോലിയും മറ്റ് ചെറിയ ജോലികളും ചെയ്ത് തന്നെ പഠിപ്പിച്ച് സർക്കാർ ഉദ്യോഗസ്ഥനാക്കിയ ഭാര്യയെ ഉപേക്ഷിച്ച് യുവാവ്. മധ്യപ്രദേശിലാണ് സംഭവം. കമ്രു ഹാത്തിലെ എന്നയാൾക്കെതിരെയാണ് ഭാര്യയായ മമത രംഗത്തെത്തിയിരിക്കുന്നത്. ഭർത്താവിനെ പഠിപ്പിക്കാനും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കാനുമായി കുടുംബത്തിന്റെ ചുമതല മുഴുവൻ താൻ ഏറ്റെടുക്കുകയായിരുന്നെന്നാണ് മമത പറയുന്നു. ഒടുവിൽ മത്സരപരീക്ഷയിൽ വിജയിച്ച് കൊമേഴ്സ്യൽ ടാക്സ് ഓഫീസറായ ശേഷം ഭർത്താവ് തന്നെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയുടെ കൂടെ പോയെന്നാണ് പോയെന്നാണ് ദേവാസ് സ്വദേശിനിയായ മമതയുടെ ആരോപണം.

മമതയും കമ്രുവും 2015 ലാണ് പ്രണയിച്ച് വിവാഹം ചെയ്തത്. ബിരുദധാരിയാണെങ്കിലും കമ്രുവിന് ആ സമയത്ത് ജോലിയൊന്നും ഇല്ലായിരുന്നു. എന്നാൽ മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ മമതയാണ് നിർദേശിച്ചത്. പഠിക്കാനുള്ള പണം മുഴുവൻ താൻ തരാമെന്നും അവൾ ഭർത്താവിനോട് പറഞ്ഞു.

നിരവധി വീടുകളിൽ പാത്രം കഴുകിയും അടിച്ചുവാരിയുമാണ് ഭർത്താവിന് പഠിക്കാനുള്ള പണം കണ്ടെത്തിയത്. ഇതിന് പുറമെ കടകളിൽ ജോലി ചെയ്തിരുന്നതിനാൽ ഭർത്താവിന് പഠിക്കാനായി പുസ്തകങ്ങളും നോട്ടുകളും ലഭിക്കുമായിരുന്നെന്നും മമത പറയുന്നു. ഒടുവിൽ കമ്രു പരീക്ഷ പാസായി 2019-20 ൽ വാണിജ്യ നികുതി ഓഫീസറായി ചുമതലയേറ്റു.രത്ലാമിലാണ് കമ്രുവിന് നിയമനം ലഭിച്ചത്. ഇവിടെ വെച്ച് കണ്ടുമുട്ടിയ ഒരു സ്ത്രീയുമായി അയാൾ അടുപ്പത്തിലായെന്നും ഒരുമിച്ച് താമസം തുടങ്ങിയെന്നും ഭാര്യ പറയുന്നു. തന്നെ സ്വന്തം വീട്ടിലേക്ക് പറഞ്ഞയച്ചിരിക്കുകയാണെന്നും മമത പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

അതേസമയം, സമാനമായ സംഭവം ഉത്തര്‍പ്രദേശിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.എന്നാല്‍ ഇവിടെ ഭാര്യയെ പഠിപ്പിച്ച് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റായ ശേഷം ഉപേക്ഷിച്ച് പോയെന്നാണ് ഭര്‍ത്താവിന്‍റെ പരാതി. ജ്യോതി മൗര്യയെന്ന യുവതിയുടെ പഠനത്തിനും മത്സരപരീക്ഷകള്‍ക്കും പണം കണ്ടെത്താന്‍ താന്‍ തൂപ്പുകാരനായി ജോലി ചെയ്തെന്നും ഭര്‍ത്താവ് അലോക് മൗര്യ പറയുന്നു. എന്നാല്‍ ജോലി കിട്ടിയ ശേഷം വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചെന്നാണ് അലോക് മൗര്യയുടെ പരാതി.

Similar Posts