
സമാധാനത്തിൽ ഭക്ഷണം കഴിക്കാൻ പോലുമാകില്ലെങ്കിൽ പിന്നെന്തിനാണിതെല്ലാം; ഇന്ത്യയിലെ അധികസമയ ജോലി സംസ്‌കാരത്തിനെതിരെ യുവതി
|ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ ജോലി സ്ഥലത്ത് തനിക്കുണ്ടായ അനുഭവം പറയുന്ന വീഡിയോയാണ് യുവതി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്
ആത്മാർഥതയെന്നും സമർപ്പണമെന്നും ചെല്ലപ്പേര് നൽകി അധികസമയം ജോലി ചെയ്യുന്നതിനെ മഹത്വവൽക്കരിക്കുന്നതിനെതിരെ സംസാരിച്ച ഇരുപതുകാരിയുടെ വീഡിയോ സാമൂഹ്യ മാധ്യമത്തിൽ ചർച്ചക്ക് വഴിവെച്ചിരിക്കുകയാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ ജോലി സ്ഥലത്ത് തനിക്കുണ്ടായ അനുഭവം പറയുന്ന വീഡിയോയാണ് യുവതി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്.
തന്റെ മാനേജറുമായി നടന്ന സംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് യുവതിയുടെ പ്രതികരണം. ഒരു ജോലി പൂർത്തിയാക്കുന്നതിനായി ജോലി സമയം കഴിഞ്ഞും ഓഫീസിൽ തുടരാൻ മാനേജർ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ നേരത്തെ പറഞ്ഞുറപ്പിച്ച ആവശ്യങ്ങളുണ്ടായിരുന്നതിനാൽ യുവതി ഇതിന് വിസമ്മതിച്ചു.
'ഞാൻ കൃത്യസമയത്ത് തന്നെ ജോലി കഴിഞ്ഞിറങ്ങുമെന്ന് അദ്ദേഹത്തോട് പറഞ്ഞു. നേരത്തെ പോലുമല്ല, എന്റെ നിശ്ചയിച്ച ജോലി സമയം കൃത്യമായി പൂർത്തിയാക്കിയ ശേഷം ഇറങ്ങുമെന്നാണ് ഞാൻ പറഞ്ഞത്. എനിക്ക് വൈകിയും ജോലിയിൽ തുടരാൻ താൽപര്യമുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, ഞാൻ വ്രതത്തിലുമായിരുന്നു' എന്ന് യുവതി വിശദീകരിക്കുന്നു.
താൻ ജോലിയുടെ ആവശ്യങ്ങൾക്കായി രാത്രി മുഴുവൻ യാത്ര ചെയ്തിട്ടുണ്ടെന്നും വൈകിയും ജോലിയിൽ തുടർന്നിട്ടുണ്ടെന്നുമാണ് ഇതിന് മറുപടിയായി മാനേജർ നൽകിയത്. ഒരു വ്യക്തി ജോലി ചെയ്യുന്നത് കുറഞ്ഞത് രണ്ടു നേരമെങ്കിലും കൃത്യമായി ഭക്ഷണം കഴിക്കാനുള്ളത് സമ്പാദിക്കാനല്ലേ, സമാധാനമായി വീട്ടിലിരുന്ന് ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാൻ സാധിക്കുന്നില്ലെങ്കിൽ പിന്നെ ജോലി കൊണ്ടെന്താണ് പ്രയോജനം എന്നാണ് യുവതി ചോദിക്കുന്നത്. അധിക ജോലി സമയത്തെ ഇത്ര സാധാരണവൽക്കരിക്കുന്ന മാനസികാവസ്ഥ എവിടെ നിന്നുണ്ടായതാണെന്ന് മനസിലാകുന്നില്ലെന്നും യുവതി പറയുന്നു.
അധിക ജോലി സമയത്തെ നിസാരവൽക്കരിക്കുകയും അടിസ്ഥാന സൗകര്യത്തെപോലും പണയപ്പെടുത്തുകയും ചെയ്യുന്ന ജോലി സംസ്‌കാരം തനിക്കൊരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് യുവതി വീഡിയോയിൽ വ്യക്തമാക്കുന്നു. വീഡിയോ വൈറലായതോടെ നിരവധിപേരാണ് യുവതിയെ പ്രശംസിച്ച് രംഗത്തെത്തിയത്.
'പുതിയ തലമുറ തങ്ങളുടെ അവകാശങ്ങൾക്കായി ധൈര്യപൂർവ്വം നിലകൊള്ളുന്നുവെന്ന കാര്യം ശരിക്കും പ്രചോദിപ്പിക്കുന്നതാണ്. എന്റെ ഇരുപതുകളിൽ എനിക്ക് ഇങ്ങനെ ആകാൻ കഴിഞ്ഞില്ലല്ലോ എന്നതാണ് എന്റെ സങ്കടം' എന്നാണ് ഒരാൾ പ്രതികരിച്ചത്.
അധിക സമയം ജോലി ചെയ്തുവെന്നത് ഒരിക്കലും അഭിമാനിക്കേണ്ട കാര്യമല്ല, മറിച്ച് ചൂഷണമാണ്. അതിനെതിരെ ശബ്ദമുയർത്തിയെന്നതിൽ ബഹുമാനം മാത്രം' എന്ന് മറ്റൊരു വ്യക്തി പറഞ്ഞു.