< Back
India
വളർത്തുനായ കുരച്ചതിനെ ചൊല്ലി തർക്കം; മധ്യപ്രദേശിൽ സ്ത്രീകളെ ക്രൂരമായി മർദിച്ചു
India

വളർത്തുനായ കുരച്ചതിനെ ചൊല്ലി തർക്കം; മധ്യപ്രദേശിൽ സ്ത്രീകളെ ക്രൂരമായി മർദിച്ചു

Web Desk
|
11 Dec 2021 9:56 AM IST

സംഭവുമായി ബന്ധപ്പെട്ട് അയൽവാസിയടക്കം നാല് പേർ അറസ്റ്റിൽ

വളർത്തുനായ കുരച്ചതിനെചൊല്ലിയുള്ള തർക്കത്തിൽ സ്ത്രീകളെ ഒരു സംഘം പുരുഷന്മാർ വളഞ്ഞിട്ടാക്രമിച്ചു. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. സ്ത്രീകളെ ആക്രമിച്ച നാലു പേർ അറസ്റ്റിലായി. പ്രിൻസ് ശ്രീവാസ്തവ (21), സുഹൃത്തുക്കളായ മോനു വിശ്വകർമ (26), ബബ്ലു ശ്രീവാസ്തവ (50), സിബു ധയ്യ (21) എന്നിവരാണ് അറസ്റ്റിലായത്.

ഗർഹ ഗ്രാമത്തിലാണ് സംഭവം നടന്നത്. സോനം സിംഗൂർ എന്ന സ്ത്രീയുടെ വളർത്തുനായ അവരുടെ അയൽവാസിയായ പ്രിൻസ് ശ്രീവാസ്തവക്കെതിരെ കുരച്ചതിനെ തുടർന്നാണ് പ്രശ്‌നങ്ങൾ തുടങ്ങുന്നത്. പ്രിൻസ് നായയെ വടികൊണ്ടടിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത സോനത്തിനെയും അവരുടെ ബന്ധുക്കളായ നാല് സ്ത്രീകൾക്കെതിരെയും പ്രിൻസും സുഹൃത്തുക്കളും വടികളും മറ്റ് ആയുധങ്ങളുമായെത്തി മർദിക്കുകയായിരുന്നു. ഇവർ സത്രീകളെ മർദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞതും പൊലീസ് കേസെടുത്തതും.

പ്രതികൾക്കെതിരെ സ്ത്രീകളെ അപകീർത്തിപെടുത്തിയതിനും അസഭ്യം പറഞ്ഞതടക്കമുള്ള കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

Similar Posts