< Back
India
വനിതകള്‍ക്ക് ഡിഫന്‍സ് അക്കാദമിയില്‍ പ്രവേശനം; തീരുമാനമായതായി കേന്ദ്ര സര്‍ക്കാര്‍
India

വനിതകള്‍ക്ക് ഡിഫന്‍സ് അക്കാദമിയില്‍ പ്രവേശനം; തീരുമാനമായതായി കേന്ദ്ര സര്‍ക്കാര്‍

Web Desk
|
8 Sept 2021 3:06 PM IST

വനിതകളുടെ പ്രവേശനത്തിനുള്ള മാര്‍ഗരേഖ തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രിം കോടതി സമയം അനുവദിച്ചു.

വനിതകള്‍ക്ക് നാഷണല്‍ ഡിഫന്‍സ് അക്കാദമി(എന്‍.ഡി.എ)യിലും, നേവല്‍ അക്കാദമിയിലും പ്രവേശനം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ തലത്തിലും പ്രതിരോധ സേനകളുടെ ഉന്നതതലത്തിലും തീരുമാനമായതായി കേന്ദ്ര സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി സുപ്രിം കോടതിയെ അറിയിച്ചു. തീരുമാനം ചരിത്രപരമാണെന്നും അവര്‍ കോടതിയില്‍ വ്യക്തമാക്കി.

ഈ അധ്യയന വര്‍ഷം പ്രവേശനം നല്‍കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുള്ളതായും ഭട്ടി ചൂണ്ടിക്കാട്ടി. നിലവില്‍ വനിതകളുടെ പ്രവേശനത്തിനുള്ള മാര്‍ഗരേഖയില്ല. അത് തയ്യാറാക്കുന്നതിന് സമയം ആവശ്യമാണെന്നും അവര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത സുപ്രിം കോടതി, നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കേന്ദ്രത്തോട് നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, പരിഷ്‌കാരങ്ങള്‍ ഒരു ദിവസം കൊണ്ട് ഉണ്ടാകില്ലെന്ന് ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അഭിപ്രായപ്പെട്ടു. സൈനിക വിഭാഗങ്ങള്‍ തന്നെ സ്വന്തമായി ലിംഗ നീതി ഉറപ്പാക്കുന്നതിനുള്ള തീരുമാനം എടുത്തതില്‍ സന്തോഷമുണ്ടെന്നും കോടതി ഉത്തരവുകള്‍ക്ക് കാത്തുനില്‍ക്കാതെ കൂടുതല്‍ നടപടികള്‍ എടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍.ഡി.എ പ്രവേശന പരീക്ഷ എഴുതാന്‍ വനിതകള്‍ക്ക് ഇടക്കാല ഉത്തരവിലൂടെ സുപ്രിം കോടതി അനുമതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സെപ്റ്റംബര്‍ അഞ്ചിന് നടത്താനിരുന്ന പരീക്ഷ നവംബര്‍ 14ലേക്ക് സുപ്രിം കോടതി നീട്ടിയത്.

Related Tags :
Similar Posts