< Back
India
പഹൽഗാമിൽ ഭർത്താക്കന്മാർ കൊല്ലപ്പെട്ട സ്ത്രീകൾക്ക് യോദ്ധാവിന്റെ ഉത്സാഹമില്ലായിരുന്നു: വിവാദ പരാമർശവുമായി ബിജെപി എംപി
India

'പഹൽഗാമിൽ ഭർത്താക്കന്മാർ കൊല്ലപ്പെട്ട സ്ത്രീകൾക്ക് യോദ്ധാവിന്റെ ഉത്സാഹമില്ലായിരുന്നു': വിവാദ പരാമർശവുമായി ബിജെപി എംപി

Web Desk
|
25 May 2025 4:32 PM IST

ആക്രമണത്തിൽ ഭർത്താക്കന്മാർ നഷ്ടപ്പെട്ട സ്ത്രീകൾ ഹോൾക്കറിന്റെ ചരിത്രം വായിച്ചിരുന്നെങ്കിൽ ആരും അവരുടെ മുന്നിൽ വെച്ച് ഇങ്ങനെ കൊല്ലുമായിരുന്നില്ലെന്നും രാം ചന്ദർ ജാൻഗ്ര പറഞ്ഞു

ഹരിയാന: പഹൽഗാമിൽ ഭർത്താക്കന്മാർ കൊല്ലപ്പെട്ട സ്ത്രീകൾക്ക് യോദ്ധാവിന്റെ ഉത്സാഹമില്ലായിരുന്നുവെന്ന വിവാദ പരാമർശവുമായി ബിജെപി എംപി രാം ചന്ദർ ജാൻഗ്ര. ജീവൻ നഷ്ടപ്പെട്ട വിനോദസഞ്ചാരികൾ തീവ്രവാദികൾക്കെതിരെ പോരാടേണ്ടതായിരുന്നുവെന്നും രാം ചന്ദർ ജാൻഗ്ര പറഞ്ഞു. 'ഭർത്താക്കന്മാരെ നഷ്ടപ്പെട്ട സ്ത്രീകൾക്ക് യോദ്ധാവിന്റെ ഉത്സാഹമുണ്ടായിരുന്നില്ല. അതിനാലാണ് അവർ ആക്രമണത്തിന് ഇരയായത്.' ജാൻഗ്ര പറഞ്ഞു. 'തീവ്രവാദികൾ ഒരിക്കലും അഭ്യർത്ഥനകൾ കൊണ്ട് വെറുതെ വിടില്ല. നമ്മുടെ ആളുകൾ കൂപ്പുകൈകളോടെയാണ് മരിച്ചത്.' ജാൻഗ്ര കൂട്ടിച്ചേർത്തു.

അഹല്യഭായ് ഹോൾക്കറുടെ 300 ാം ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ ഭിവാനിയിലെ ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ഹരിയാനയിൽ നിന്നുള്ള ബിജെപിയുടെ രാജ്യസഭ എംപി. ആക്രമണത്തിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട സ്ത്രീകൾ ഹോൾക്കറിന്റെ ചരിത്രം വായിച്ചിരുന്നെങ്കിൽ ആരും അവരുടെ മുന്നിൽ വെച്ച് ഇങ്ങനെ ഭർത്താക്കന്മാരെ കൊല്ലുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 'നമ്മുടെ വിനോദസഞ്ചാരികൾ പരിശീലനം ലഭിച്ചവരായിരുന്നെങ്കിൽ മൂന്ന് തീവ്രവാദികൾക്ക് 26 പേരെ കൊല്ലാൻ കഴിയുമായിരുന്നില്ല.' ജാൻഗ്ര പറഞ്ഞു.

അഗ്നിവീർ പദ്ധതിയെക്കുറിച്ച് പരാമർശിച്ച ബിജെപി എംപി ഓരോ വിനോദസഞ്ചാരിയും അഗ്നിവീർ പരിശീലനം നേടിയിരുന്നെങ്കിൽ അവർക്ക് തീവ്രവാദികളെ വളയാൻ കഴിയുമായിരുന്നുവെന്നും മരണസംഖ്യ കുറയുമായിരുന്നുവെന്നും പറഞ്ഞു. വിനോദസഞ്ചാരികൾ തീവ്രവാദികൾക്കെതിരെ പോരാടേണ്ടതായിരുന്നുവെന്നും ജാൻഗ്ര പിന്നീട് പറഞ്ഞു.


Similar Posts