< Back
India
uma bharti

ഉമാഭാരതി

India

ക്ഷണിച്ചാലും പോകില്ല, ഞാന്‍ വന്നാല്‍ ജനശ്രദ്ധ എന്നിലാകുമെന്ന് ബി.ജെ.പി നേതാക്കള്‍ ഭയക്കുന്നു: ഉമാഭാരതി

Web Desk
|
4 Sept 2023 1:28 PM IST

ജൻ ആശിർവാദ് യാത്രയിലേക്ക് ആദ്യം ക്ഷണം ലഭിച്ചില്ലെന്നുള്ളത് ശരിയാണ്

ഡല്‍ഹി: മധ്യപ്രദേശിൽ പാർട്ടിയുടെ ജൻ ആശിർവാദ് യാത്രയിലേക്ക് ക്ഷണിക്കാത്തതിൽ നിരാശ പ്രകടിപ്പിച്ച് ദിവസത്തിന് ശേഷം, ക്ഷണം ലഭിച്ചാലും യാത്രയുടെ ഭാഗമാകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുതിർന്ന ബി.ജെ.പി നേതാവും മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ ഉമാഭാരതി.

“ജൻ ആശിർവാദ് യാത്രയിലേക്ക് ആദ്യം ക്ഷണം ലഭിച്ചില്ലെന്നുള്ളത് ശരിയാണ്. ക്ഷണിച്ചാലും ഇല്ലെങ്കിലും അതെന്നെ ചെറുതാക്കുകയോ വലുതാക്കുകയോ ചെയ്യുന്നില്ല. എന്നെ ഇപ്പോൾ ക്ഷണിച്ചാൽ ഞാൻ പോകില്ല. സെപ്തംബർ 25ന് നടക്കുന്ന സമാപന ചടങ്ങിലും ഞാൻ പങ്കെടുക്കില്ല'' ഉമാഭാരതി ട്വിറ്ററില്‍ കുറിച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ ഞായറാഴ്ചയാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 30ൽ 24 സീറ്റും ബി.ജെ.പി നേടിയ മധ്യപ്രദേശിലെ വിന്ധ്യ മേഖലയിലൂടെയാണ് യാത്ര കടന്നുപോകുന്നത്.

‘‘ഞാൻ അവിടെയുണ്ടെങ്കിൽ ശ്രദ്ധ മുഴുവൻ എന്നിലേക്കാകുമെന്ന് അവർ ഭയപ്പെടുന്നു. 2020ൽ സർക്കാർ രൂപീകരിക്കാൻ ജ്യോതിരാദിത്യ സിന്ധ്യ അവരെ സഹായിച്ചെങ്കിൽ, 2003ൽ വലിയ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കാൻ സഹായിച്ചത് ഞാനാണ്. ജ്യോതിരാദിത്യ സിന്ധ്യയെ എന്‍റെ മരുമകനെ പോലെയാണ് കാണുന്നത്. യാത്രയിലേക്ക് എന്നെ ക്ഷണിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചെങ്കിലും ചിന്തിക്കണമായിരുന്നു. ഞാൻ അവിടേക്ക് പോകില്ല. പക്ഷേ, വരുന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കു വേണ്ടി വോട്ട് അഭ്യർഥിക്കുകയും പ്രചരണ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്യും.’’എന്നാണ് ഉമാഭാരതി കഴിഞ്ഞ ദിവസം പറഞ്ഞത്.

Similar Posts