< Back
India
ഇന്ത്യയിലെ ജോലി സമയം ആറ് ദിവസവും രാവി​ലെ 9 മുതൽ രാത്രി 9 വരെയാക്കണം: നാരായണമൂര്‍ത്തി

Photo: Hindustan times

India

'ഇന്ത്യയിലെ ജോലി സമയം ആറ് ദിവസവും രാവി​ലെ 9 മുതൽ രാത്രി 9 വരെയാക്കണം': നാരായണമൂര്‍ത്തി

Web Desk
|
19 Nov 2025 11:09 AM IST

ആഴ്ചയില്‍ 72 മണിക്കൂര്‍ ആളുകളെ കൊണ്ട് ജോലി ചെയ്യിപ്പിക്കണമെന്ന വാദത്തിനെതിരെ ആരോഗ്യ വിദഗ്ധര്‍ രംഗത്തെത്തി

ന്യൂഡൽഹി: ഇന്ത്യയിലെ ജോലിസമയം ഇനിയും വര്‍ധിപ്പിക്കണമെന്ന വാദം ആവര്‍ത്തിച്ച് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തി. ചൈനയിലെ 9-9-6(രാവിലെ 9 മുതല്‍ രാത്രി 9 വരെ ആഴ്ചയില്‍ ആറ് ദിവസം ജോലി) എന്ന സംസ്‌കാരം എല്ലാവര്‍ക്കും മാതൃകയാണ്. ഇത് പിന്തുടരുന്നതിലൂടെ ആഴ്ചയില്‍ 72 മണിക്കൂര്‍ ജോലി ചെയ്യാന്‍ ആളുകള്‍ക്ക് സാധിക്കും. ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ അഭിവൃദ്ധിപ്പെടണമെന്നുണ്ടെങ്കില്‍ എല്ലാവരും ചൈനയില്‍ നിന്ന് ഈ മാതൃക പിന്‍പറ്റണമെന്നാണ് നാരായണ മൂര്‍ത്തിയുടെ അഭിപ്രായം. എന്നാല്‍, നാരായണ മൂര്‍ത്തിയുടെ ഈ വാദത്തിനെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ചിരിക്കുകയാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍.

തൊഴിലാളികളുടെ ജോലിസമയം ഉയര്‍ത്തണമെന്ന വാദം ഇതാദ്യമായല്ല നാരായണ മൂര്‍ത്തി മുന്നോട്ടുവെക്കുന്നത്. രാഷ്ട്രത്തിന്റെ പുരോഗതിക്കായി ഓരോ ഇന്ത്യക്കാരനും ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലിയെടുക്കണമെന്ന് 2023ലും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. മൂര്‍ത്തിയുടെ അഭിപ്രായത്തെ വലിയ രീതിയില്‍ വിമര്‍ശനാത്മകമായി ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ.

ജോലിസമയം ഉയര്‍ത്തുന്നത് തൊഴിലാളികളുടെ ആരോഗ്യത്തിന് വല്ലാതെ ക്ഷതം വരുത്തുകയും ജോലിയോടുള്ള മനോഭാവം മാറ്റിമറിക്കുമെന്നുമാണ് ഒരു കൂട്ടരുടെ വാദം. തൊഴിലാളികളുടെ മാനസികാരോഗ്യത്തിനും ഉത്പാദനക്ഷമതയ്ക്കും പ്രഥമ പരിഗണന നല്‍കുന്നതിലൂടെ മാത്രമാണ് തൊഴിലിടങ്ങളില്‍ സ്ഥിരമായ ലാഭമുണ്ടാകുകയുള്ളൂവെന്ന് മറ്റൊരു വാദം.

മൂര്‍ത്തിയുടെ പുതിയ വാദത്തിനെതിരെ വലിയ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മണിപാല്‍ ആശുപത്രിയിലെ ആരോഗ്യവിദഗ്ധന്‍ ഡോക്ടര്‍ പ്രദീപ് നാരായണ്‍ സാഹൂ. '72 മണിക്കൂര്‍ ജോലി ചെയ്യാന്‍ സാധിക്കുമെങ്കില്‍ വലിയ കാര്യം തന്നെയാണത്. എന്നാല്‍, ഇത് നിങ്ങള്‍ പോലുമറിയാതെ നിങ്ങളെ ദുര്‍ബലനാക്കും. ആഴ്ചകള്‍തോറും നീണ്ട ജോലിസമയം വിട്ടുമാറാത്ത സമ്മര്‍ദങ്ങളിലേക്ക് നിങ്ങളെ തള്ളിവിടും. കൂടാതെ, ക്ഷീണം, ഉത്കണ്ഠ, അസ്വസ്ഥത, ഉറക്കമില്ലായ്മ തുടങ്ങിയവയിലേക്കും കൊണ്ടെത്തിക്കും.' ഡോക്ടര്‍ പറഞ്ഞു.

'നിങ്ങളുടെ ഉറക്കത്തെയാണ് ആദ്യം ബാധിക്കുക. ദീര്‍ഘനേരം ജോലി ചെയ്യുന്നതിലൂടെ ഉറക്കമില്ലായ്മ രൂക്ഷമാകും. ഏകാഗ്രതക്കുറവ്, ഓര്‍മക്കുറവ്, തീരുമാനമെടുക്കാന്‍ കഴിയാത്ത അവസ്ഥ തുടങ്ങിയവയിലേക്കും അമിതമായ ജോലിസമയം നിങ്ങളെ വലിച്ചിഴയ്ക്കും.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമിതമായ ജോലിസമയം ഭക്ഷണക്രമത്തിന്റെ താളം തെറ്റിക്കുമെന്നാണ് ഡോക്ടര്‍ സത്യയുടെ നിരീക്ഷണം. 'പ്രാതല്‍ കഴിക്കാന്‍ വിട്ടുപോകുക, ഉച്ചഭക്ഷണം വൈകുക, സമയം ലാഭിക്കുന്നതിനായി ജങ്ക് ഫുഡുകളെ ആശ്രയിക്കുക തുടങ്ങിയവ പതിയെ നമ്മുടെ ആരോഗ്യത്തെ നശിപ്പിച്ചുകളയും'. ഡോക്ടര്‍ വ്യക്തമാക്കി.

'ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുന്നതിലൂടെ നിങ്ങളുടെ ശരീരം അത് ശീലമാക്കാന്‍ തുടങ്ങുകയും ഭക്ഷണം കഴിച്ചില്ലെങ്കിലും കുഴപ്പമില്ല എന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യും. ഇത് ഭാരക്കുറവിനും ക്രമരഹിതമായ രക്തസമ്മര്‍ദത്തിനും ഇടയാക്കും'. ഡോക്ടര്‍ സാഹൂ വിശദമാക്കി.

'72 മണിക്കൂര്‍ ജോലി പതിയെ നിങ്ങളുടെ പ്രതിരോധശേഷി ദുര്‍ബലമാക്കും. നിരന്തരമായി ജോലിയെടുക്കുന്നതിലൂടെ അണുബാധ പോലുള്ള അവസ്ഥകള്‍ക്ക് കടന്നുവരാന്‍ സാധ്യതയേറും. ഇത്രയും മണിക്കൂറുകള്‍ ജോലിയെടുക്കുകയെന്നത് യഥാര്‍ഥത്തില്‍ ലാഭമല്ല ഉണ്ടാക്കുന്നത്, മറിച്ച് ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുകയാണ് ചെയ്യുന്നത്'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar Posts