
‘ഗുഡ്ബൈ മൈ മിത്ര’; മൻമോഹൻ സിങ്ങിന് അനുശോചനവുമായി ലോക നേതാക്കൾ
|ഇരു രാജ്യങ്ങൾക്കും ഇത് ദുഖത്തിന്റെ നിമിഷമെന്ന് റഷ്യ
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ലോക നേതാക്കൾ. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനും മൻമോഹൻ സിങ്ങിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി. 'ഗുഡ്ബൈ മൈ മിത്ര, മൈ ബായ്' എന്നായിരുന്നു മലേഷ്യൻ പ്രസിഡന്റ് അൻവർ ഇബ്രാഹിം എക്സിൽ കുറിച്ചത്.
'തന്ത്രപരമായ ഉഭയകക്ഷി പങ്കാളിത്തത്തിന്റെ ഏറ്റവും മഹത്തായ ചാമ്പ്യന്മാരിൽ ഒരാൾ' എന്നായിരുന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഡോ. മൻമോഹൻ സിങ്ങിനെ വിശേഷിപ്പിച്ചത്. 'കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നമ്മുടെ രാജ്യങ്ങൾ ഒരുമിച്ച് നേടിയെടുത്ത പലതിനും ഡോ. സിങ്ങിന്റെ പ്രവർത്തനം അടിത്തറയിട്ടു. യുഎസ്-ഇന്ത്യ സിവിൽ ആണവ സഹകരണ ഉടമ്പടി മുന്നോട്ട് കൊണ്ടുപോകുന്നതിൽ മുൻ പ്രധാനമന്ത്രിയുടെ നേതൃത്വം വലിയ പങ്കുവഹിച്ചുവെന്നും' ബ്ലിങ്കെൻ പറഞ്ഞു. ഇന്ത്യയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിച്ച സാമ്പത്തിക പരിഷ്‌കാരങ്ങൾക്കായി അദ്ദേഹം ഓർമിക്കപ്പെടുമെന്നും അമേരിക്കയെയും ഇന്ത്യയെയും കൂടുതൽ അടുപ്പിക്കാനുള്ള അദ്ദേഹത്തിന്റെ സമർപ്പണം എപ്പോഴും ഓർക്കുമെന്നും ബ്ലിങ്കൻ കൂട്ടിച്ചേർത്തു.
ഇരു രാജ്യങ്ങൾക്കും ഇത് ദുഖത്തിന്റെ നിമിഷമാണെന്ന് റഷ്യ അറിയിച്ചു. മൻമോഹൻ സിങ് ഒരു മികച്ച രാഷ്ട്രതന്ത്രജ്ഞനായിരുന്നു. പ്രധാനമന്ത്രിയെന്ന നിലയിൽ, ഇന്ത്യയുടെ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹം ഒരുപാട് കാര്യങ്ങൾ ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധം ശക്തിപ്പെടുത്താൻ അദ്ദേഹം വ്യക്തിപരമായ സംഭാവനകൾ നൽകി. അദ്ദേഹവുമായി പലതവണ സംസാരിക്കാൻ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. അദ്ദേഹത്തിൻ്റെ സ്മരണ ഞങ്ങൾ കാത്തുസൂക്ഷിക്കുമെന്നും റഷ്യൻ പ്രസിഡൻറ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു. ഇന്ത്യയിലെ റഷ്യൻ എംബസിയും മൻമോഹൻ സിങ്ങിന് അനുശോചനം അറിയിച്ചു.
മൻമോഹൻ സിങ്ങിന്റെ വേർപാടിൽ മലേഷ്യൻ പ്രസിഡന്റ് അൻവർ ഇബ്രാഹിം അനുശോചനം രേഖപ്പെടുത്തി. 'ഗുഡ്ബൈ മൈ മിത്ര, മൈ ബായ്' എന്നായിരുന്നു അൻവർ ഇബ്രാഹിം എക്സിൽ കുറിച്ചത്. എൻ്റെ പ്രിയപ്പെട്ട സുഹൃത്തിൻ്റെ വിയോഗവാർത്തയിൽ സങ്കടത്തിൻ്റെ ഭാരം എന്നെ ചുമക്കുന്നു എന്നും അൻവർ ഇബ്രാഹിം കൂട്ടിച്ചേർത്തു.
ഇന്ത്യ-ചൈന ബന്ധത്തിൽ മൻമോഹൻ സിങ് നല്ല സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. 'അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യ-ചൈന അതിർത്തി പ്രശ്നം പരിഹരിക്കുന്നതിനുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. കൂടാതെ സമാധാനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള പങ്കാളിത്തം ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്നു' എന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് പറഞ്ഞു. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ കാനഡ, ഫ്രാൻസ്, ശ്രീലങ്ക, നേപ്പാൾ, മാലിദ്വീപ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും അനുശോചനം രേഖപ്പെടുത്തി.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ മരണം രാജ്യത്തിന് വലിയ നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 'ജനങ്ങളോടും രാജ്യത്തിന്റെ വികസനത്തോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത എന്നും ബഹുമാനിക്കപ്പെടും. ഇല്ലായ്മയിൽനിന്ന് ഒരാൾക്ക് എങ്ങനെ ഉയരാമെന്നും വിജയത്തിന്റെ ഉന്നതിയിലെത്താൻ എങ്ങനെ പോരാടാമെന്നും ഭാവി തലമുറകൾക്ക് ഒരു പാഠമായി അദ്ദേഹത്തിന്റെ ജീവിതം എപ്പോഴും നിലകൊള്ളുമെന്നും മോദി പറഞ്ഞു.
അക്കാദമിക ലോകത്തും ഭരണരംഗത്തും ഒരുപോലെ അനായാസം തിളങ്ങിയ അപൂർവ രാഷ്ട്രീയക്കാരിൽ ഒരാളായിരുന്നു ഡോ. മൻമോഹൻ സിങ്ങെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു അനുസ്മരിച്ചു. 'ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പരിഷ്കരിക്കാൻ അദ്ദേഹം നിർണായകസംഭാവനകൾ നൽകി. രാഷ്ട്രത്തിനായുള്ള സേവനത്തിനും കളങ്കമില്ലാത്ത രാഷ്ട്രീയജീവിതത്തിനും അങ്ങേയറ്റത്തെ വിനയത്തിനും അദ്ദേഹം എന്നും ഓർമിക്കപ്പെടും. അദ്ദേഹത്തിന്റെ വേർപാട് നമുക്കെല്ലാവർക്കും തീരാനഷ്ടമാണെന്നും ദ്രൗപദി മുർമു കൂട്ടിച്ചേർത്തു.
ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയായ മൻമോഹൻ സിങ് ഡൽഹി എയിംസിൽ വ്യാഴാഴ്ച രാത്രിയാണ് അന്തരിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന അദ്ദേഹത്തെ ശ്വാസകോശ രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.