< Back
India
world witnessed Indias amazing tech capabilities PM Modi
India

ഇന്ത്യയുടെ വിസ്മയകരമായ സാങ്കേതിക ശേഷി എഐ ഉച്ചകോടിയിലൂടെ ലോകം കണ്ടു -മോദി

ശരത് ലാൽ തയ്യിൽ
|
22 Feb 2026 3:32 PM IST

ആഗോള വേദിയെ തങ്ങളുടെ വൃത്തികെട്ട രാഷ്ട്രീയം പ്രദര്‍ശിപ്പിക്കാനുള്ള വേദിയാക്കി കോണ്‍ഗ്രസ് മാറ്റിയെന്ന് കുറ്റപ്പെടുത്തല്‍

ന്യൂഡല്‍ഹി: സാങ്കേതികവിദ്യാ രംഗത്തെ ഇന്ത്യയുടെ വിസ്മയിപ്പിക്കുന്ന ശേഷികള്‍ ഡല്‍ഹിയില്‍ നടന്ന ആഗോള എഐ ഉച്ചകോടിയിലൂടെ ലോകം കണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ ടെക് മേധാവികളെയും വിദഗ്ധരെയും സംരംഭകരെയുമെല്ലാം ഉച്ചകോടിയില്‍ ഒന്നിച്ച് അണിനിരത്താനായി. ലോക നേതാക്കള്‍ക്കും ടെക് കമ്പനി മേധാവികള്‍ക്കും കൂടിക്കാഴ്ചക്കുള്ള വേദിയായും എഐ ഉച്ചകോടി മാറിയെന്ന് മോദി മന്‍ കി ബാത്തില്‍ പറഞ്ഞു.

'ഭാവിയില്‍ ലോകം എഐയെ എങ്ങനെ ഉപയോഗിക്കുമെന്നതില്‍ നിര്‍ണായക വഴിത്തിരിവാണ് എഐ ഉച്ചകോടി. ലോക നേതാക്കള്‍ക്ക് മുന്നില്‍ പുത്തന്‍ സാങ്കേതിക വിദ്യകള്‍ പ്രദര്‍ശിപ്പിക്കാന്‍ നമുക്കായി. എഐ ഉപയോഗിച്ചുള്ള അമുല്‍ ബൂത്തിനെയും സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനുള്ള പ്രൊജക്ടിനെയും ഞാന്‍ പ്രത്യേകം അഭിനന്ദിക്കുന്നു. ആദ്യത്തേത് മൃഗങ്ങളെ ചികിത്സിക്കുന്നതില്‍ എഐ എങ്ങനെ സഹായിക്കുന്നുവെന്നും എഐ സഹായത്തോടെ കര്‍ഷകര്‍ക്ക് അവരുടെ ക്ഷീര പ്രവര്‍ത്തനങ്ങളെയും കന്നുകാലികളെയും എങ്ങനെ നിരീക്ഷിക്കാനാകുമെന്നും വിശദീകരിച്ചു. രണ്ടാമത്തേതില്‍, എഐ ഉപയോഗിച്ച് നമ്മുടെ പുരാതന ഗ്രന്ഥങ്ങള്‍, പരമ്പരാഗത ജ്ഞാനം, കൈയെഴുത്തുപ്രതികള്‍ എന്നിവ എങ്ങനെ സംരക്ഷിക്കാമെന്നും പുതുതലമുറയ്ക്ക് അനുയോജ്യമാക്കാമെന്നതും കണ്ട് ലോകമെമ്പാടുമുള്ള നേതാക്കള്‍ അത്ഭുതപ്പെട്ടു' -മോദി പറഞ്ഞു.

അതേസമയം, എഐ ഉച്ചകോടി വേദിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ മോദി കുറ്റപ്പെടുത്തി. ഒരു ആഗോള വേദിയെ തങ്ങളുടെ വൃത്തികെട്ട, നഗ്നമായ രാഷ്ട്രീയം പ്രദര്‍ശിപ്പിക്കാനുള്ള വേദിയാക്കി കോണ്‍ഗ്രസ് മാറ്റി. വിദേശ പ്രതിനിധികള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വസ്ത്രമില്ലാതെയാണ് വന്നത്. നിങ്ങള്‍ നഗ്നരാണെന്ന് രാജ്യത്തിന് മുന്‍പേതന്നെ അറിയാം. പിന്നെ എന്താണ് നിങ്ങള്‍ വസ്ത്രം അഴിക്കേണ്ട ആവശ്യം? -മോദി ചോദിച്ചു. സ്വന്തം രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തിരക്കിലാണ് കോണ്‍ഗ്രസ് നേതാക്കളെന്നും മോദി കുറ്റപ്പെടുത്തി.

Similar Posts