< Back
India
biggest traffic jam
India

300 കി.മീറ്ററോളം ദൂരത്തിൽ ഗതാഗതക്കുരുക്ക്; കുംഭമേളയിൽ 'ലോകത്തിലെ ഏറ്റവും വലിയ ട്രാഫിക് ബ്ലോക്ക്'

Web Desk
|
10 Feb 2025 11:39 AM IST

മധ്യപ്രദേശിലെ കട്‌നി, ജബൽപൂർ, മൈഹാർ, രേവ ജില്ലകളിലെ റോഡുകളിൽ കിലോമീറ്ററുകളോളം ആയിരക്കണക്കിന് കാറുകളും ട്രക്കുകളും കുടുങ്ങിക്കിടക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്

പ്രയാഗ്‍രാജ്: 300 കിലോമീറ്ററോളം ദൂരത്തിൽ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾ...കുംഭമേളയിലേക്ക് വിശ്വാസികൾ ഒഴുകിയെത്തിയതിനെ തുടര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്കിനാണ് ഞായറാഴ്ച ഉത്തര്‍പ്രദേശിലെ പ്രയാഗ്‍രാജിലേക്കുള്ള റോഡുകൾ സാക്ഷിയായത്. ലക്ഷക്കണക്കിന് ഭക്തരാണ് കുംഭമേള നടക്കുന്ന സ്ഥലത്ത് നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെ തങ്ങളുടെ കാറുകളിൽ കുടുങ്ങിയത്.

പ്രയാഗ്‍രാജിലേക്കുള്ള നൂറ് കണക്കിന് വാഹനങ്ങൾ മധ്യപ്രദേശിലെ വിവിധ ഇടങ്ങളിൽ നിർത്തിയിട്ടതിന് പിന്നാലെയാണ് 300 കിലോമീറ്ററോളം ദൂരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. മധ്യപ്രദേശിലെ കട്നി ജില്ലയിൽ പൊലീസ് വാഹനങ്ങൾ ഗതാഗതം തിങ്കളാഴ്ച വരെ നിർത്തി വയ്ക്കുന്നതായി അറിയിപ്പ് നൽകുന്ന സാഹചര്യവും ഉണ്ടായി. കത്‌നി ജില്ലയിലെ പൊലീസ് വാഹനങ്ങൾ തിങ്കളാഴ്ച വരെ ഗതാഗതം നിർത്തിവച്ചതായി അറിയിപ്പ് നൽകി. അതേസമയം കാട്‌നിയിലേക്കും ജബൽപൂരിലേക്കും മടങ്ങാനും അവിടെ തങ്ങാനും മൈഹാർ പൊലീസ് നിര്‍ദേശിച്ചു. മണിക്കൂറുകളോളമാണ് ഭക്തര്‍ റോഡിൽ കുടുങ്ങിയത്.

200-300 കിലോമീറ്റർ ഗതാഗതക്കുരുക്ക് ഉള്ളതിനാൽ പ്രയാഗ്‌രാജിലേക്ക് നീങ്ങുക അസാധ്യമാണെന്ന് പൊലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. മധ്യപ്രദേശിലെ കട്‌നി, ജബൽപൂർ, മൈഹാർ, രേവ ജില്ലകളിലെ റോഡുകളിൽ കിലോമീറ്ററുകളോളം ആയിരക്കണക്കിന് കാറുകളും ട്രക്കുകളും കുടുങ്ങിക്കിടക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്. രേവ ജില്ലയിലെ ചക്ഘട്ടിലെ കട്‌നി മുതൽ എംപി-യുപി അതിർത്തി വരെയുള്ള 250 കിലോമീറ്റർ ദൂരത്തിൽ വലിയ ഗതാഗതക്കുരുക്കുണ്ടായതായി ദൃക്‌സാക്ഷികൾ അവകാശപ്പെട്ടു.'ജബല്‍പൂരിലേക്ക് എത്തുന്നതിന് 15 കിലോമീറ്റര്‍ മുന്‍പെ ട്രാഫിക് ബ്ലോക്ക്..പ്രയാഗ്‍രാജിലേക്ക് ഇനിയും 400 കിലോമീറ്റർ. മഹാകുംഭമേളയിലേക്ക് വരുന്നതിന് മുമ്പ് ദയവായി ട്രാഫിക് കാര്യങ്ങള്‍ ശ്രദ്ധിക്കുക' നെറ്റിസണ്‍സ് മുന്നറിയിപ്പ് നൽകുന്നു. “ അഞ്ച് മണിക്കൂറെടുത്താണ് അഞ്ച് കിലോമീറ്റര്‍ കടന്നത്. ഈ സമയം കൊണ്ട് ഞാന്‍ ലഖ്നൗവിൽ എത്തിയിരിക്കണം. വളരെ മോശമായ ട്രാഫിക് മാനേജ്മെന്‍റ്. എൻ്റെ ഫ്ലൈറ്റ് ടിക്കറ്റ് റദ്ദാക്കുകയും ഇരട്ടി തുകയിൽ മറ്റൊന്ന് ബുക്ക് ചെയ്യുകയും ചെയ്യേണ്ടിവന്നു'' മറ്റൊരാൾ കുറിച്ചു.

ഞായറാഴ്ചത്തെ അനിയന്ത്രിതമായ ഭക്തരുടെ തിരക്ക് ഗതാഗതക്കുരുക്കിന് കാരണമായെന്ന് ഇൻചാർജ് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (രേവ സോൺ) സാകേത് പ്രകാശ് പാണ്ഡെ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ സ്ഥിതിഗതികൾ ശാന്തമാകുമെന്ന് അദ്ദേഹം പറഞ്ഞു.പ്രയാഗ്‌രാജ് ഭരണകൂടവുമായി ഏകോപിപ്പിച്ചതിന് ശേഷമാണ് മധ്യപ്രദേശ് പൊലീസ് വാഹനങ്ങൾ നീക്കാൻ അനുവദിക്കുന്നതെന്ന് പാണ്ഡെ പറഞ്ഞു. 48 മണിക്കൂറോളം വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ കുടുങ്ങിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. “50 കിലോമീറ്റർ ദൂരം പിന്നിടാൻ ഏകദേശം 10-12 മണിക്കൂർ എടുക്കും,” മറ്റൊരാൾ പറഞ്ഞു. എംപി-യുപി അതിർത്തികളിൽ ജനത്തിരക്ക് തടയാൻ വിവിധ സ്ഥലങ്ങളിൽ വാഹനങ്ങൾ തടയുകയാണെന്ന് പൊലീസ് പറഞ്ഞു.

Similar Posts