< Back
India
യോഗി ആദിത്യനാഥ് നുഴഞ്ഞുകയറ്റക്കാരന്‍, ഉത്തരാഖണ്ഡിലേക്ക് മടക്കി അയക്കണം: അമിത് ഷായ്ക്ക് മറുപടിയുമായി അഖിലേഷ് യാദവ്‌

അഖിലേഷ് യാദവ്- യോഗി ആദിത്യാനാഥ്  Photo-PTI

India

'യോഗി ആദിത്യനാഥ് നുഴഞ്ഞുകയറ്റക്കാരന്‍, ഉത്തരാഖണ്ഡിലേക്ക് മടക്കി അയക്കണം': അമിത് ഷായ്ക്ക് മറുപടിയുമായി അഖിലേഷ് യാദവ്‌

Web Desk
|
12 Oct 2025 9:11 PM IST

ചില രാഷ്ട്രീയ പാർട്ടികൾ നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കായി കണക്കാക്കുന്നുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞതിനുള്ള മറുപടിയായാണ് അഖിലേഷ് യാദവിന്റെ പ്രതികരണം.

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നുഴഞ്ഞുകയറ്റക്കാരനോട് ഉപമിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എംപി. യോഗി ആദിത്യനാഥ് ഉത്തരാഖണ്ഡുകാരനാണെന്നും അദ്ദേഹത്തെ അവിടേക്ക് തിരിച്ചയക്കണമെന്നും അഖിലേഷ് യാദവ് പറഞ്ഞു.

ലഖ്‌നൗവിലെ ലോഹ്യ പാർക്കിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അഖിലേഷ് യാദവ്. ചില രാഷ്ട്രീയ പാർട്ടികൾ നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കായി കണക്കാക്കുന്നുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞതിനുള്ള മറുപടിയായാണ് അഖിലേഷ് യാദവിന്റെ പ്രതികരണം. ഗുജറാത്ത്, രാജസ്ഥാൻ അതിർത്തികളിൽ നുഴഞ്ഞുകയറ്റം എന്തുകൊണ്ട് നടക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചിരുന്നു.

ബിജെപിയുടെ കൈവശമുള്ളത് വ്യാജ സ്ഥിതിവിവരക്കണക്കുകളാണെന്ന് യാദവ് കൂട്ടിച്ചേര്‍ത്തു. ''പലായനം ചെയ്തവരുടെ സ്ഥിതിവിവരക്കണക്കുകൾ തിട്ട​പ്പെടുത്താൻ തിരക്കുകൂട്ടുന്ന ബിജെപിയുടെ മുഖ്യമന്ത്രി ഉത്തരാഘണ്ഡുകാരനാണ്. അങ്ങനെയെങ്കിൽ, അയാളെയും സ്വന്തം സംസ്ഥാനത്തേക്ക് തിരിച്ചയക്കണം''- അഖിലേഷ് പറഞ്ഞു. അതേസമയം, യാദവിന്റെ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോൾ, പിന്നീട് പ്രതികരിക്കാമെന്നായിരുന്നു യുപി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥകിന്റെ പ്രതികരണം.

''ബിജെപി തങ്ങളുടെ പരാജയങ്ങൾ മറച്ചുവെക്കാൻ ആഗ്രഹിക്കുന്നു, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കല്ലുവെച്ച നുണകള്‍ പറയുകയാണ്. നിരവധി പീഡനങ്ങളുള്‍പ്പെടെ ഗുരുതരമായ സംഭവങ്ങളാണ് യുപിയില്‍ നടക്കുന്നത്. അഴിമതിയുടെ എല്ലാ പരിധികളും ലംഘിച്ചു. എല്ലാ വകുപ്പുകളിലും അഴിമതിയുണ്ടെന്നും''- അഖിലേഷ് യാദവ് വ്യക്തമാക്കി.

Similar Posts