< Back
India
Babanrao Lonikar
India

'നിങ്ങൾക്ക് ഷൂസും വസ്ത്രങ്ങളും ഫോണുമുണ്ട്, ഇതെല്ലാം തന്നത് ഞങ്ങളാണ്'; ബിജെപി എംഎൽഎയുടെ പരാമര്‍ശം വിവാദത്തിൽ

Web Desk
|
26 Jun 2025 4:52 PM IST

മധ്യ മഹാരാഷ്ട്രയിലെ ജൽന ജില്ലയിലെ തന്‍റെ മണ്ഡലമായ പാർത്തൂരിൽ 'ഹർ ഘർ സോളാർ' പദ്ധതിയെക്കുറിച്ചുള്ള ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു ലോണിക്കര്‍

മുംബൈ: മഹാരാഷ്ട്രയിലെ ബിജെപി എംഎൽഎ ബബൻറാവു ലോണിക്കറുടെ പ്രസ്താവന വിവാദത്തിൽ. തങ്ങൾ കാരണമാണ് അവര്‍ക്ക് വസ്ത്രങ്ങൾ, ഷൂസ്, മൊബൈൽ ഫോൺ, പദ്ധതികളുടെ സാമ്പത്തിക ആനുകൂല്യങ്ങൾ, വിതയ്ക്കുന്നതിനുള്ള പണം എന്നിവ ലഭിക്കുന്നതെന്ന് ബിജെപിയെയും മഹാരാഷ്ട്ര സര്‍ക്കാരിനെയും വിമര്‍ശിക്കുന്നവര്‍ അറിയണമെന്നായിരുന്നു ലോണിക്കര്‍ പറഞ്ഞത്.

മധ്യ മഹാരാഷ്ട്രയിലെ ജൽന ജില്ലയിലെ തന്‍റെ മണ്ഡലമായ പാർത്തൂരിൽ 'ഹർ ഘർ സോളാർ' പദ്ധതിയെക്കുറിച്ചുള്ള ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന്‍റെ ക്ഷേമ പദ്ധതികളെയും വികസന പ്രവർത്തനങ്ങളെയും എടുത്തുകാട്ടിയ അദ്ദേഹം തന്‍റെ പാർട്ടിയുടെ വിമർശകരെ രൂക്ഷമായി വിമർശിച്ചു. ലോണിക്കറുടെ വിവാദ പരാമർശങ്ങളുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെ വിമര്‍ശനവുമായി കോൺഗ്രസ് രംഗത്തെത്തി. "സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഞങ്ങളെയും ഞങ്ങളുടെ പാർട്ടിയെയും വിമർശിക്കുന്ന ചില ആളുകളുണ്ട്, പ്രത്യേകിച്ച് യുവാക്കൾ. നിങ്ങളുടെ ഗ്രാമത്തിൽ ഞങ്ങൾ ഓവർഹെഡ് വാട്ടർ ടാങ്കുകൾ, കോൺക്രീറ്റ് റോഡുകൾ, ഫംഗ്ഷൻ ഹാളുകൾ, വിവിധ സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ എന്നിവ നൽകിയിട്ടുണ്ട്," അദ്ദേഹം പറയുന്നു.

"നമ്മളെ വിമർശിക്കുന്നവരുടെ അമ്മമാർക്ക് ബാബൻറാവു ലോണികർ ശമ്പളം നൽകി, അവരുടെ അച്ഛന്മാർക്ക് പെൻഷനും അനുവദിച്ചു. നരേന്ദ്ര മോദി നിങ്ങളുടെ പിതാവിന് വിതയ്ക്കാൻ 6,000 രൂപ നൽകി. നിങ്ങളുടെ സഹോദരി ലഡ്കി ബഹിൻ യോജനയിൽ നിന്ന് പ്രയോജനം നേടുന്നു. നിങ്ങളുടെ (ബിജെപി വിമർശകരുടെ) കൈവശമുള്ള വസ്ത്രങ്ങൾ, ഷൂസ്, മൊബൈൽ ഫോണുകൾ എന്നിവ ഞങ്ങൾ കാരണമാണ്," എംഎൽഎ വീഡിയോയിൽ പറയുന്നത് കേൾക്കാം.

ശിവസേന (യുബിടി) എംഎൽസിയും ലെജിസ്ലേറ്റീവ് കൗൺസിലിലെ പ്രതിപക്ഷ നേതാവുമായ അംബാദാസ് ദാൻവെ ബിജെപി നിയമസഭാംഗത്തിന്‍റെ പരാമർശങ്ങളെ വിമർശിക്കുകയും അദ്ദേഹത്തെ ബ്രിട്ടീഷുകാരുടെ തദ്ദേശീയ പതിപ്പ് എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. അത്തരമൊരു ഭാഷ ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "നിങ്ങളുടെ എംഎൽഎ പദവി ജനങ്ങൾ കാരണമാണ്. നിങ്ങളുടെ വസ്ത്രങ്ങൾ, ഷൂസ്, വിമാന ടിക്കറ്റുകൾ, നേതൃസ്ഥാനം, (നിങ്ങളുടെ) കാറിലെ ഡീസൽ എന്നിവയെല്ലാം ജനങ്ങൾ കാരണമാണ്," ദാൻവെ എക്സിൽ കുറിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് വരുമ്പോൾ ജനം ലോണിക്കറുടെ വാക്കുകൾ ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar Posts