< Back
India
യുഎസ് വിസ നിരസിച്ചു; യുവ വനിതാ ഡോക്ടർ ജീവനൊടുക്കി

AI Generated Image

India

യുഎസ് വിസ നിരസിച്ചു; യുവ വനിതാ ഡോക്ടർ ജീവനൊടുക്കി

Web Desk
|
24 Nov 2025 5:05 PM IST

രോഹിണി (38) എന്ന യുവതിയെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്

ഹൈദരാബാദ്: യുഎസ് വിസ നിരസിച്ചതിനെ തുടർന്ന് ഹൈദരാബാദിലെ ഫ്ലാറ്റിൽ യുവ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു. രോഹിണി (38) എന്ന യുവതിയെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. യുഎസ് വിസ അപേക്ഷ നിരസിച്ചതിനെ തുടർന്ന് യുവതി മനഃപ്രയാസത്തിലായിരുന്നെന്ന് ആത്മഹത്യാക്കുറിപ്പിൽ കണ്ടെത്തി. ശനിയാഴ്ചയാണ് യുവതി ആത്മഹത്യ ചെയ്തതായി വീട്ടുജോലിക്കാരി വീട്ടുകാരെ വിവരമറിയിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്തു.

മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും അമിതമായി ഉറക്കഗുളിക കഴിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം പൊലീസ് മൃതദേഹം കുടുംബത്തിന് കൈമാറി. 2005നും 2010നും ഇടയിൽ കിർഗിസ്ഥാനിൽ എംബിബിഎസ് പൂർത്തിയാക്കിയ രോഹിണിക്ക് മികച്ച അക്കാദമിക് ട്രാക്ക് റെക്കോർഡ് ഉണ്ടെന്നും അമ്മ ലക്ഷ്മി പറഞ്ഞു. ഭാവിയിൽ യുഎസിൽ ഇന്റേണൽ മെഡിസിനിൽ സ്പെഷ്യലൈസേഷൻ നേടാനാണ് അവർ ആഗ്രഹിച്ചത്.

മകളോട് നാട്ടിൽ തന്നെ താമസിച്ച് വൈദ്യശാസ്ത്രം പരിശീലിക്കാൻ താൻ ഉപദേശിച്ചതായും അവർ കൂട്ടിച്ചേർത്തു. എന്നാൽ നല്ല സാധ്യതയും കൂടുതൽ ശമ്പളവും രോഗികളുടെ എണ്ണവും കാരണം രോഹിണി തന്റെ അമേരിക്കൻ സ്വപ്നം പിന്തുടരാൻ ആഗ്രഹിച്ചു. ഇതിനിടെ വിസ അംഗീകാരത്തിനായി കാത്തിരുന്ന രോഹിണിയുടെ നിരാശയും വിഷാദവും കഴിഞ്ഞ ആഴ്ചകളിൽ രൂക്ഷമായി. എന്നാൽ പ്രതീക്ഷിച്ചിരുന്ന വിസ അപേക്ഷ നിരസിക്കപ്പെട്ടതോടെ രോഹിണി തകർന്നുപോയി.

Similar Posts