
അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിലുള്ള തകരാറുകൾ ചൂണ്ടിക്കാട്ടി യുവാവ്, വീഡിയോ വൈറൽ
|'തകർന്നു വീഴുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഞാൻ അതേ വിമാനത്തിൽ ഉണ്ടായിരുന്നു'. ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര ചെയ്ത ആകാശ് വത്സ എക്സിൽ പങ്കുവെച്ച പോസ്റ്റിലെ ദുരൂഹതയാണ് ആശങ്ക ഉയർത്തുന്നത്
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നു വീണതുമായി ബന്ധപ്പെട്ട് ഒരു യാത്രക്കാരൻ പകർത്തിയ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണിപ്പോൾ പുറത്ത് വരുന്നത്. ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര ചെയ്ത ആകാശ് വത്സ എക്സിൽ പങ്കുവെച്ച പോസ്റ്റിലെ ദുരൂഹതയാണ് ആശങ്ക ഉയർത്തുന്നത്.
അഹമ്മദാബാദിൽ നിന്നും യുകെയിലേക്ക് പറക്കുമ്പോഴാണ് ഈ വിമാനം അപകടത്തിൽപ്പെട്ടത്. ഇതിനും രണ്ട് മണിക്കൂർ മുൻപ് ഇതേ വിമാനം ഡൽഹിയിൽ നിന്നും അഹമ്മദാബാദിലേക്ക് പുറപ്പെട്ടിരുന്നു. ഇതിലെ യാത്രക്കാരനാണ് ആകാശ് വത്സ.
വിമാനത്തിൽ എ സി അടക്കമുള്ള നിരവധി സാങ്കേതിക തകരാറുകള്ളതായി ആകാശ് ഈ വീഡിയോയിലൂടെ പറയുന്നുണ്ട്. വിമാനത്തിലെ യാത്രക്കാർ ചൂടുകാരണം അതിലുള്ള മാസിക ഉപയോഗിച്ചാണ് വീശുന്നത്, പതിവ് പോലെ ടിവി സ്ക്രീനുകളും പ്രവർത്തിക്കുന്നില്ല, ക്യാബിൻ ക്രൂവിനെ വിളിക്കാനുള്ള ബട്ടണോ ലൈറ്റോ ഒന്നും തന്നെ പ്രവർത്തിക്കുന്നില്ല. ഈ വിമാനത്തിൽ ഒന്നും തന്നെ പ്രവർത്തിക്കുന്നില്ല, ഞാൻ വീണ്ടും എന്തിനാണ് ഈ വിമാനം തന്നെ ബുക്ക് ചെയ്തതന്നും വീഡിയോയിലൂടെ ആകാശ് പറയുന്നതായി കാണാം.
എയർ ഇന്ത്യയിലെ ഈ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി ആകാശ് വത്സ എക്സിൽ പോസ്റ്റ് ഇട്ടിരുന്നു. പിന്നീട് അത് പിൻവലിക്കുകയും ചെയ്തു. ഇതിന് പിന്നാലെ വീഡിയോ പങ്കുവെച്ചതിന്റെ ലക്ഷ്യം എയർ ഇന്ത്യയെ താറടിക്കാനാണോ എന്ന ചോദ്യവും ഉയർന്നിരുന്നു.
ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് വീണ് 242 പേർ കൊല്ലപ്പെട്ടതോടെ ആകാശ് വത്സയുടെ വീഡിയോ ഗുരുതര ചോദ്യങ്ങളാണ് ഉയർത്തുന്നത്.
ഇന്ന് ഉച്ചയ്ക്കാണ് അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണത്. സംഭവത്തിൽ 242 പേർ മരണപ്പെട്ടപ്പോൾ ഒരാൾ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.11 A സീറ്റിലിരുന്ന വിശ്വാസ് കുമാർ രമേശ് ആണ് എമർജൻസി എക്സിറ്റ് വഴി രക്ഷപ്പെട്ടത്.
മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും ഉൾപ്പെടുന്നു.
169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, ഏഴ് പോർച്ചുഗീസുകാർ, ഒരു കനേഡിയൻ പൗരൻ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് തകർന്നുവീണത്. വിമാനത്താവളത്തിന് സമീപത്തുള്ള ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിലേക്ക് വിമാനം തകർന്ന് വീഴുകയായിരുന്നു. 625 അടി ഉയരത്തിലെത്തിയ വിമാനത്തിൽ നിന്ന് എയർ ട്രാഫിക് കൺട്രോളിലേക്ക് അപായ സന്ദേശം ലഭിച്ചിരുന്നു. വിമാനവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സിഗ്നൽ ലഭിച്ചില്ല. പിന്നാലെ തകർന്നു വീഴുകയായിരുന്നു.
വാർത്ത കാണാം:-