< Back
India
ഓരോ നീക്കവും നിരീക്ഷിക്കും, മുറിയില്‍ തനിച്ചാണെന്ന് പോലും മനസിലാക്കും; സ്മാര്‍ട്ട്ഫോണുകളിലെ ജിപിഎസ് നിസാരമല്ലെന്ന് പഠനം

Photo | NDTV

India

'ഓരോ നീക്കവും നിരീക്ഷിക്കും, മുറിയില്‍ തനിച്ചാണെന്ന് പോലും മനസിലാക്കും'; സ്മാര്‍ട്ട്ഫോണുകളിലെ ജിപിഎസ് നിസാരമല്ലെന്ന് പഠനം

Web Desk
|
31 Oct 2025 3:46 PM IST

കൃത്യമായ ലൊക്കേഷന്‍ അനുമതികളുള്ള ഏതൊരു ആപ്പിനും ഉപയോക്തൃ സമ്മതമില്ലാതെ സെന്‍സിറ്റീവ് വിവരങ്ങള്‍ ആക്സസ് ചെയ്യാന്‍ കഴിയുമെന്ന് റിപ്പോർട്ടുകൾ പറയുന്നു

ന്യൂഡല്‍ഹി: സ്മാര്‍ട്ട്ഫോണുകളിലെ ജിപിഎസ് ചിപ്പിന് ഉപയോക്താവിന്റെ ലൊക്കേഷനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തല്‍. ഐഐടി-ഡല്‍ഹിയില്‍ നിന്നുള്ള പുതിയ പഠനമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.

ഐഐടി-ഡല്‍ഹിയിലെ എംടെക് വിദ്യാര്‍ഥിയായ സോഹം നാഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ് വകുപ്പിലെ പ്രൊഫസര്‍ സ്മൃതി ആര്‍. സാരംഗി എന്നിവർ നടത്തിയ പഠനമാണ് നിര്‍ണായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നത്. ഇവര്‍ വികസിപ്പിച്ച ആന്‍ഡ്രോകോണ്‍ എന്ന ഒരു സംവിധാനത്തിലൂടെയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചത്. ജിപിഎസ് ഡാറ്റയില്‍ നിന്ന് സന്ദര്‍ഭോചിത വിവരങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുന്നതാണ് ആന്‍ഡ്രോകോണ്‍ എന്നാണ് ഗവേഷകര്‍ പറയുന്നത്.

ഫോണ്‍ ഉപഭോക്താവ് എന്താണ് ചെയ്യുന്നതെന്ന് കൃത്യമായി വിലയിരുത്താന്‍ വിവിധ ആന്‍ഡ്രോയിഡ് ആപ്പുകള്‍ക്ക് ജിപിഎസ് ഡാറ്റയെ മാത്രം അടിസ്ഥാനമാക്കി സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഫോണ്‍ ഉപയോഗിക്കുന്ന വ്യക്തി ഇരിക്കുക, നടക്കുക തുടങ്ങി ഏത് തരം സാഹചര്യത്തിലാണ് ഉള്ളതെന്ന് ജിപിഎസ് സംവിധാനം കൃത്യമായി വിലയിരുത്തുന്നു എന്നും പഠനം വ്യക്തമാക്കുന്നു.

ലൊക്കേഷന്‍ അനുമതികളോടെ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ സൂക്ഷ്മമായ ജിപിഎസ് വിവരങ്ങള്‍ ശേഖരിക്കുന്ന തരത്തില്‍ രഹസ്യ പരിസ്ഥിതി സെന്‍സറായി പ്രവര്‍ത്തിക്കുന്നു എന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഫോണ്‍ ഉപയോഗിക്കുന്നയാള്‍ വീടിനകത്താണോ, പുറത്താണോ, തിരക്കേറിയ സ്ഥലത്താണോ, വിമാനത്തിലാണോ എന്നിങ്ങനെയുള്ള വിവരങ്ങള്‍ ജിപിഎസ് ഡാറ്റ വിശകലനം ചെയ്യുന്നു. ഫോണിന്റെ ക്യാമറ, മൈക്രോഫോണ്‍, മോഷന്‍ സെന്‍സറുകള്‍ എന്നിവയെ ആശ്രയിക്കാതെ, ഡോപ്ലര്‍ ഷിഫ്റ്റ്, സിഗ്‌നല്‍ പവര്‍, മള്‍ട്ടിപാത്ത് ഇടപെടല്‍ തുടങ്ങിയ ഒമ്പത് ജിപിഎസ് പാരാമീറ്ററുകള്‍ വിശകലനം ചെയ്ത് മനുഷ്യ പ്രവര്‍ത്തനങ്ങളെയും പരിസ്ഥിതി സാഹചര്യങ്ങളും വിലയിരുത്താന്‍ കഴിയും.

ഫോണ്‍ ഉപഭോക്താവുള്ള മുറിയുടെ തറയുടെയോ ലേഔട്ട് പോലും രേഖപ്പെടുത്താന്‍ സാധിക്കുമെന്നും ഫോണിനടുത്ത് കൈ വീശുന്നത് പോലുള്ള സൂക്ഷ്മമായ ചലനങ്ങള്‍ പോലും നിരീക്ഷിക്കപ്പെടുന്നു എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. കൃത്യമായ ലൊക്കേഷന്‍ അനുമതികളുള്ള ഏതൊരു ആപ്പിനും ഉപയോക്തൃ സമ്മതമില്ലാതെ സെന്‍സിറ്റീവ് വിവരങ്ങള്‍ ആക്സസ് ചെയ്യാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ വിശ്വസനീയമായ ആപ്പുകള്‍ക്ക് മാത്രമേ ലൊക്കേഷന്‍ അനുമതികള്‍ നല്‍കാവൂ എന്നതിന്റെ പ്രാധാന്യമാണ് പഠനം കാണിക്കുന്നതെന്നും ഗവേഷകര്‍ പറഞ്ഞു.

Similar Posts