< Back
India
Youth Dies from Cobra Bite During Selfie in telengana
India

മൂർഖൻ പാമ്പിനെ പിടിച്ച് തല വായിലാക്കി വീഡിയോ ഷൂട്ട്; കടിയേറ്റ് 20കാരന് ദാരുണാന്ത്യം

Web Desk
|
6 Sept 2024 8:22 PM IST

പ്രദേശവാസികൾ പാമ്പുശല്യത്തെ കുറിച്ച് സ്നേക് റെസ്ക്യൂവറായ ​ഗം​ഗാറാമിനെയും മകൻ ശിവരാജിനേയും അറിയിക്കുകയായിരുന്നു.

നിസാമാബാദ്: മൂർഖൻ പാമ്പിനെ പിടിച്ച് തല വായിലാക്കി സാഹസ വീഡിയോ പകർത്തുന്നതിനിടെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ ദേശായിപേട്ട് ​ഗ്രാമത്തിൽ കഴിഞ്ഞദിവസമാണ് സംഭവം. 20കാരനായ മോച്ചി ശിവരാജാണ് മരിച്ചത്.

ദേശായ്പേട്ടിലെ ഡബിൾബെഡ്റൂം കോളനി നിവാസികൾ തങ്ങളുടെ പ്രദേശത്തെ പാമ്പുശല്യത്തെ കുറിച്ച് സ്നേക് റെസ്ക്യൂവറായ ​ഗം​ഗാറാമിനെയും മകൻ ശിവരാജിനേയും അറിയിക്കുകയായിരുന്നു. പാമ്പുപിടിത്തത്തിൽ ​ഗം​ഗാറാം മകൻ ശിവരാജിന് പരിശീലനം നൽകിയിരുന്നു. ഇതനുസരിച്ച് ശിവരാജ് പാമ്പിനെ പിടിക്കാൻ സ്ഥലത്തെത്തി.

തുടർന്ന് രണ്ട് മീറ്റർ നീളമുള്ള പാമ്പിനെ പിടികൂടിയ ശിവരാജ്, ഇതിനെ ഉപയോ​ഗിച്ച് സെൽഫി ഫോട്ടോയും വീഡിയോയും പകർത്താൻ തുടങ്ങി. ഇതിനിടെ, പാമ്പിന്റെ തല തന്റെ വായിലാക്കി സാഹസ വീഡിയോ പകർത്താനുള്ള ഇയാളുടെ ശ്രമമാണ് അപകടത്തിലേക്ക് നയിച്ചത്. പൊടുന്നനെ മൂർഖൻ ശിവരാജന്റെ നാവിൽ കടിക്കുകയും വായിലേക്ക് വിഷം ചീറ്റുകയുമായിരുന്നു. ഇതോടെ യുവാവ് ബോധംകെട്ടു വീണു.

സംഭവമറിഞ്ഞു സ്ഥലത്തെത്തിയ പിതാവ് ​ഗം​ഗാറാമും പ്രദേശവാസികളും ചേർന്ന് ശിവരാജിനെ ഉടൻതന്നെ ബൻസ്വാഡയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ യുവാവ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. സംഭവം പ്രദേശത്ത് വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

Similar Posts