< Back
India
മണിപ്പൂരിൽ പുതിയ സർക്കാർ; യുംനാം ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
India

മണിപ്പൂരിൽ പുതിയ സർക്കാർ; യുംനാം ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

അൻഫസ് കൊണ്ടോട്ടി
|
4 Feb 2026 6:48 PM IST

മണിപ്പൂരിലെ രാഷ്ട്രപതിഭരണം പിൻവലിച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരുന്നു

ഇംഫാല്‍: മണിപ്പൂരില്‍ രാഷ്ട്രപതിഭരണം പിന്‍വലിച്ചതിന് തൊട്ടുപിന്നാലെ ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി ചുമതലയേറ്റു. ബിജെപി നേതാക്കളായ നെംച കിപ്‌ഗെന്‍, നാഗ പീപ്പിള്‍സ് ഫ്രണ്ട്(എന്‍പിഎഫ്) നേതാവ് ലോസി ദിഖോ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. മണിപ്പൂരിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയാണ് കിപ്‌ഗെന്‍.

മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് തുടക്കമിട്ടതായി ബിജെപി നേരത്തെ അവകാശവാദമുന്നയിച്ചിരുന്നു. പിന്നാലെ മണിപ്പൂരിലെ രാഷ്ട്രപതിഭരണം അവസാനിപ്പിച്ചുകൊണ്ട് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കുകയും ചെയ്തു. ഇതേതുടർന്ന് ഇന്ന് ലോക്ഭവനിൽ വൈകിട്ട് ആറിന് നടന്ന ചടങ്ങിലാണ് ചുമതലയേറ്റത്.

നേരത്തെ, മുഖ്യമന്ത്രിയായിരുന്ന ബിരേന്‍ സിങ്ങിന്റെ രാജിയെ തുടര്‍ന്ന് പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ബിജെപി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഫലം കാണാത്തതിനാലാണ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 13ന് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത്. മണിപ്പൂര്‍ മുഖ്യമന്ത്രിയായി ഖേംചന്ദ് സിങ് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യുമെന്ന് നേരത്തെ മണിപ്പൂര്‍ ബിജെപി എക്‌സില്‍ കുറിച്ചിരുന്നു.

'അദ്ദേഹത്തിന്റെ പരിചയസമ്പത്തും നേതൃപാടവവും മണിപ്പൂരിനെ സമാധാനത്തിലേക്കും വികസനത്തിലേക്കും നയിക്കുമെന്നതില്‍ സംശയമില്ല. അദ്ദേഹത്തിന്റെ കീഴില്‍ സംസ്ഥാനം സുസ്ഥിരമായ പുരോഗതി കൈവരിക്കും'. ബിജെപി എക്‌സില്‍ കൂട്ടിച്ചേര്‍ത്തു.

മണിപ്പൂര്‍ കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, ഇത് അംഗീകരിക്കാന്‍ അദ്ദേഹം ആദ്യം കൂട്ടാക്കിയിരുന്നില്ല. ബിരേന്‍ സിങിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയും ചെയ്തു. മുഖ്യമന്ത്രിയോട് അതൃപ്തിയുള്ള ബിജെപി എംഎല്‍എമാരും അവിശ്വാസത്തെ പിന്തുണക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ബിരേന്‍ സിങ് പടിയിറങ്ങിയത്.

2017ല്‍ ആദ്യമായി എംഎല്‍എയായ ഖേംചന്ദ് സിങ് മണിപ്പൂര്‍ സ്പീക്കറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2022ലെ ബിരേന്‍ സിങ് മന്ത്രിസഭയില്‍ നഗരവികസനം, വിദ്യാഭ്യാസം, പഞ്ചായത്ത് രാജ് ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

Similar Posts