ഫലസ്തീന്‍ ഇസ്രായേല്‍ ജലകൈമാറ്റ കരാറില്‍ ധാരണയായിഫലസ്തീന്‍ ഇസ്രായേല്‍ ജലകൈമാറ്റ കരാറില്‍ ധാരണയായി
|ചെങ്കടലിലെ വെള്ളത്തില്‍നിന്നും ഉപ്പു വേര്‍തിരിച്ച് ശുദ്ധീകരിക്കുന്ന പദ്ധതിക്ക് 2013ലാണ് മൂന്ന് രാജ്യങ്ങളും സംയുക്തമായി രൂപംനല്‍കിയത്. ഇത് യാഥാര്‍ഥ്യമായാല്‍ ഫലസ്തീനിലെ കുടിവെള്ള ക്ഷാമത്തിന് ആശ്വാസമാകും.
ഫലസ്തീനുമായി ഇസ്രായേല്‍ ജലകൈമാറ്റ കരാറില്‍ ധാരണയായി. പ്രതിവര്‍ഷം ഫലസ്തീന് ആവശ്യമുള്ള ജലത്തിന്റെ നാലിലൊന്ന് ഇസ്രായേല്‍ നല്‍കുന്നതാണ് കരാര്‍. മേഖല സന്ദര്‍ശിച്ച അമേരിക്കന്‍ നയതന്ത്ര പ്രതിനിധിയുടെ മധ്യസ്ഥതയില്‍ ചേര്‍ന്ന ചര്‍ച്ചയിലാണ് തീരുമാനം.
അമേരിക്കയുടെ മിഡില്‍ ഈസ്റ്റ് വിഭാഗം പ്രതിനിധി ജാസണ്‍ ഗ്രീന്‍ബാള്‍ട്ടിന്റെ മധ്യസ്ഥതയില്‍ ചേര്‍ന്ന യോഗത്തിലാണ് ജല കൈമാറ്റ കരാര്‍ സംബന്ധിച്ച് ധാരണയായത്. പ്രാദേശിക സഹകരണ മന്ത്രി സാക്കി ഹാനെബിയാണ് ഇസ്രായേലിന് പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്. ജെറുസലേമില്‍ നടന്ന യോഗത്തില്‍ ഇരുവിഭാഗവും കരാറില്‍ ഒപ്പുവെച്ചു. നിശ്വിത അളവില്‍ പലസ്തീന് വെള്ളം വിട്ടുനല്‍കാമെന്ന് ഇസ്രായേല്‍ സമ്മതിച്ചു.
ദുരിതക്കയത്തില്‍ വീര്‍പ്പുമുട്ടുന്ന ഫലസ്തീന്‍ ജനതക്ക് ആശ്വാസമാകുന്നതാണ് പുതിയ ഉടമ്പടി. ഫലസ്തീന് പ്രതിവര്‍ഷം ആവശ്യമുള്ള വെള്ളത്തിന്റെ നാലിലൊന്ന് ശതമാനം ഇത്തരത്തില്‍ ലഭിക്കും. ആദ്യ ഘട്ടമെന്നോണം വെസ്റ്റ് ബാങ്ക്, ഗസ മുനന്പ് എന്നീ പ്രദേശങ്ങളില്‍ 32 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളം ഉടനെത്തിക്കും. 22 ദശലക്ഷം വെസ്റ്റ് ബാങ്കിലേക്കും, 10 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളം ഗസയിലേക്കുമാണ് എത്തിക്കുക.
തീരുമാനത്തെ യോഗത്തില്‍ പങ്കെടുത്ത ഫലസ്തീന്‍ ജലവിഭവ വകുപ്പ് മേധാവി മാസിന്‍ ഗുനെയിം സ്വാഗതം ചെയ്തു. 2014ല്‍ വഴിമുട്ടിയ നയതന്ത്ര ചര്‍ച്ചകളെ പുനരുജ്ജീവിപ്പിക്കുന്നതാണ് പുതിയ കരാറെന്ന് ഇരു വിഭാഗവും പ്രത്യാശ പ്രകടിപ്പിച്ചു. ജോര്‍ദാനുമായി സഹകരിച്ച് നടപ്പാക്കുന്ന ഫലസ്തീന്റെ വന്‍കിട ജലസേചന പദ്ധതി അടുത്ത അഞ്ച് വര്‍ഷത്തോടെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.
ചെങ്കടലില്‍ നിന്ന് ചാവുകടലിലേക്ക് വെള്ളമെത്തിക്കുന്ന പദ്ധതി നടപ്പാക്കുന്നത് 900 ദശലക്ഷം ഡോളര്‍ ചിലവിട്ടാണ്. ചെങ്കടലിലെ വെള്ളത്തില്‍നിന്നും ഉപ്പു വേര്‍തിരിച്ച് ശുദ്ധീകരിക്കുന്ന പദ്ധതിക്ക് 2013ലാണ് മൂന്ന് രാജ്യങ്ങളും സംയുക്തമായി രൂപംനല്‍കിയത്. ഇത് യാഥാര്‍ഥ്യമായാല്‍ ഫലസ്തീനിലെ കുടിവെള്ള ക്ഷാമത്തിന് ആശ്വാസമാകും.