തെരഞ്ഞെടുപ്പ് ചൂട് ബാധിക്കാതെ അമേരിക്കയിലെ കുടിയേറ്റക്കാര്‍തെരഞ്ഞെടുപ്പ് ചൂട് ബാധിക്കാതെ അമേരിക്കയിലെ കുടിയേറ്റക്കാര്‍
|കുടിയേറ്റക്കാരും ഹിസ്പാനിക്സും ഇത്തവണയും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്നാണ് സര്‍വേ ഫലങ്ങള്‍

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് അമേരിക്കയിലെ ഓരോ മുക്കും മൂലയും. എന്നാല്‍ ഇതിലൊന്നും പൂര്‍ണമായും ഇടപെടാന്‍ കഴിയാത്ത ചിലരുണ്ട്. പൌരന്‍മാരാകാത്ത കുടിയേറ്റക്കാരാണ് ഇവര്‍.
ടെക്സാസിലെ അമേരിക്ക-മെക്സിക്കന്‍ അതിര്‍ത്തിയില്‍ മാത്രം ഏതാണ്ട് 2300 നടുത്ത് കോളനികളുണ്ട്. ഏതാണ്ട് അഞ്ച് ലക്ഷത്തിലധികം പേര്‍ കുടിയേറ്റക്കാരായി ടെക്സാസില്‍ കഴിയുന്നു. തീര്‍ത്തും പരിതാപകരമായ സാഹചര്യത്തില്‍ കഴിയുന്ന ഇവരില്‍ അധികം പേര്‍ക്കും അമേരിക്കന്‍ ഇലക്ഷനില്‍ പങ്കാളികളാകാന്‍ കഴിയാറില്ല. മെക്സികോയില്‍ നിന്നും വന്നെങ്കിലും അമേരിക്കന്‍ പൌരത്വം ലഭിക്കാത്തതാണ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന് കാരണം. വര്‍ഷങ്ങളായി അമേരിക്കയില്‍ താമസമാക്കിയെങ്കിലും പരിതാപകരമാണ് ഇവരുടെ സാഹചര്യം. ശുദ്ധമായ വെള്ളവോ, ഭക്ഷണമോ വെളിച്ചമോ ഒന്നുമില്ലാത്തതാണ് പല കോളനികളും. ഫെഡറല്‍ റിസര്‍വ് ബാങ്ക് ഓഫ് ഡെള്ളാസിന്റെ കണക്ക് പ്രകാരം 38000 ആളുകള്‍ ടെക്സാസില്‍ മാത്രംഇത്തരത്തില്‍ കഴിയുന്നുണ്ട്. വിദ്യാഭ്യാസം ലഭിക്കാത്തവരുടെ എണ്ണവും കുറവല്ല. പകുതിയിലേറെ പേര്‍ക്കും വേണ്ടത്ര വിദ്യാഭ്യാസം ലഭിക്കാത്തവരാണ്. തലമുറകളായി പൌരത്വത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും ലഭിക്കാത്തതാണ് തെരഞ്ഞെടുപ്പിന് പങ്കെടുക്കാന്‍ ഇവര്‍ക്ക് കഴിയാത്തത്. കുടിയേറ്റ വിരുദ്ധ നിലപാട് സ്വീകരിച്ച ട്രംപിനെതിരെ വോട്ട് ചെയ്യാന്‍ കഴിയുന്നില്ലെന്ന വികാരമാണ് പൌരത്വം ലഭിക്കാത്ത കുടിയേറ്റക്കാര്‍ പ്രകടിപ്പിക്കുന്നത്.
അതുപോലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ് സ്പാനിഷ് വംശജരായ ഹിസ്പാനിക്സുകളുടെ നിലപാട്. സ്വിംങ് സ്റ്റേറ്റുകളില്‍ നിര്‍ണായകമാണ് ഇവരുടെ വോട്ട്. കുടിയേറ്റക്കാരും ഹിസ്പാനിക്സും ഇത്തവണയും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്നാണ് സര്‍വേ ഫലങ്ങള്‍. സ്വിംങ് സ്റ്റേറ്റുകളില്‍ ഊന്നിയാണ് അവസാന ഘട്ടത്തില്‍ ഇരു പാര്‍ട്ടികളുടെയും പ്രചാരണം.
എന്നും ഡെമാക്രാറ്റിക് സ്ഥാനാര്‍ഥികള്‍ക്കൊപ്പമായിരുന്നു ആടിയുലയുന്ന സ്റ്റേറ്റുകളില്‍ നിര്‍ണായകമായ ഹിസ്പാനിക് വോട്ടുകള്‍. പക്ഷേ, ഇത്തവണത്തെ സ്ഥാനാര്‍ഥി ഹിലരിക്ക് ഹിസ്പാനിക്കുകളുടെ പ്രശ്നങ്ങള്‍ ഹിലരിക്കയില്ലെന്ന് ഇവര്‍ കരുതുന്നു. ഇവരില്‍ ഭൂരിഭാഗവും ഇത്തവണ വോട്ടുചെയ്തേക്കില്ല.
ഇതിനെ ഹിലരി മറികടക്കുന്നത് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയും സ്പാനിഷ് ഭാഷയില്‍ അഗ്രഗണ്യനുമായ ടിം കെയ്നെ ഉപയോഗിച്ചാണ്.
പക്ഷേ ഇത് എത്ര വിജയിക്കുമെന്ന് കാത്തിരുന്ന് കാണാം. ഹിസ്പാനിക്കുകള്‍ ഭൂരിപക്ഷം താമസിക്കുന്ന മെക്സിക്കോയാണ് മയക്കു മരുന്നിന്റെയും കൊള്ളക്കാരുടെയും കേന്ദ്രമെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊനാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇതടക്കം ഹിസ്പാനിക്സുകള്‍ക്കെതിരായി നിരവധി ദ്വയാര്‍ഥ പ്രയോഗം നടത്തി വോട്ടു കിട്ടാനുള്ള വഴിയെല്ലാമടച്ചു ട്രംപ്. കുടിയേറ്റക്കാരുടെ വോട്ടുകളും ട്രംപ് തട്ടിക്കളഞ്ഞു.
ട്രംപ് അധികാരത്തിലെത്തിയാല്‍ കുടിയേറ്റ നിയമം കര്‍ശനമാക്കുന്ന നിയമമാകുമുണ്ടാവുക. മനുഷ്വത്വം നോക്കാതെ നിലപാടെടുക്കാനാകില്ലയെന്നാണ് വിഷയത്തില്‍ ഹിലരിയുടെ നയം.