< Back
International Old
ഉത്തര കൊറിയക്കെതിരെ അമേരിക്ക ഉപരോധം ശക്തമാക്കുംഉത്തര കൊറിയക്കെതിരെ അമേരിക്ക ഉപരോധം ശക്തമാക്കും
International Old

ഉത്തര കൊറിയക്കെതിരെ അമേരിക്ക ഉപരോധം ശക്തമാക്കും

Sithara
|
6 April 2018 6:14 PM IST

ഉത്തര കൊറിയയുടെ ആണവ- മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് തടയിടാന്‍ നയതന്ത്ര ചര്‍ച്ചകളിലൂടെ സമ്മര്‍ദം ചെലുത്താനുള്ള ശ്രമത്തിലാണ് യുഎസ്.

ഉത്തര കൊറിയക്കെതിരെ ഉപരോധം ശക്തിപ്പെടുത്താന്‍ അമേരിക്ക ഒരുങ്ങുന്നു. ഒപ്പം ഉത്തര കൊറിയയുടെ ആണവ- മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് തടയിടാന്‍ നയതന്ത്ര ചര്‍ച്ചകളിലൂടെ സമ്മര്‍ദം ചെലുത്താനുള്ള ശ്രമത്തിലുമാണ് യുഎസ്. ഉത്തര കൊറിയ നിരന്തരം മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്ന പശ്ചാത്തലത്തിലാണ് യുഎസ് നീക്കം.

ഉത്തര കൊറിയന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സെനറ്റര്‍മാരുടെ പ്രത്യേക യോഗത്തിലാണ് തീരുമാനം. നിലവില്‍ ഉത്തര കൊറിയക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം കൂടുതല്‍ ശക്തിപ്പെടുത്താനാണ് അമേരിക്കയുടെ തീരുമാനം. സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുക വഴി പരിശീലനത്തിന് ആവശ്യമായ ആയുധങ്ങളും ഉപകരണങ്ങളും ഉത്തരകൊറിയക്ക് ലഭിക്കാതെ വരും. ഇത് പരീക്ഷണങ്ങള്‍ക്ക് തടയിടാന്‍ സഹായകമാകുമെന്നാണ് യുഎസ് വിലയിരുത്തല്‍.

നയതന്ത്ര ചര്‍ച്ചകളിലൂടെ ആയുധ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കാന്‍ ഉത്തര കൊറിയയെ സമ്മര്‍ദത്തിലാക്കുകയാണ് മറ്റൊരു തന്ത്രം. സഖ്യരാജ്യങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഉത്തര കൊറിയക്കെതിരെ നയതന്ത്രപരമായി നീങ്ങുക തുടങ്ങിയ പദ്ധതികളും അമേരിക്ക മുന്നോട്ട് വെക്കുന്നു. ഉത്തര കൊറിയ വീണ്ടും പരീക്ഷണങ്ങള്‍ തുടരുകയാണെങ്കില്‍ കരിമ്പട്ടികയില്‍ പെടുത്തുക, സൈനിക നടപടി തുടങ്ങിയ മാര്‍ഗങ്ങളും മുന്നിലുണ്ട്. എങ്കിലും നയതന്ത്ര ചര്‍ച്ചകള്‍ക്ക് തന്നെയാകും മുന്‍തൂക്കം നല്‍കുകയെന്ന് വൈറ്റ് ഹൌസ് വ്യക്തമാക്കുന്നു.

പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്, സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സന്‍, ദേശീയ ഇന്‍ലിജന്‍സ് ഡയറക്ടര്‍ ഡാന്‍‌ കോട്ട്സ് എന്നിവര്‍ നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ട്രംപ് ഭരണകൂടത്തിന്‍റെ നിലപാടുകള്‍ വ്യക്തമാക്കിയത്. ആണവ പരീക്ഷണത്തിന്‍റെയും ഉപഗ്രഹ വിക്ഷേപണത്തിന്‍റെയും പശ്ചാത്തലത്തില്‍ ഒരു വര്‍ഷം മുന്‍പ് അമേരിക്കന്‍
ഭരണകൂടം ഉത്തര കൊറിയക്ക് ഏര്‍പ്പെടുത്തിയ ഉപരോധം നിലവിലുണ്ട്. ഉത്തര കൊറിയയയുമായി ബന്ധം സ്ഥാപിക്കുന്ന ഏത് രാജ്യത്തെയും കരിമ്പട്ടികയില്‍ പെടുത്താനും കഴിയും.

Related Tags :
Similar Posts