ഊര്‍ജ പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടുന്ന ഗസ്സക്ക് ഇന്ധനം നല്‍കി ഈജിപ്ത്ഊര്‍ജ പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടുന്ന ഗസ്സക്ക് ഇന്ധനം നല്‍കി ഈജിപ്ത്
|ഒരു മില്യണ്‍ ലിറ്റര്‍ എണ്ണയുമായി ഈജിപ്ഷ്യന്‍ ടാങ്കര്‍ ബുധനാഴ്ച ഗസ്സയിലെത്തി
ഊര്‍ജ പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടുന്ന ഗസ്സക്ക് ഇന്ധനം നല്‍കാനൊരുങ്ങി ഈജിപ്ത്. ഒരു മില്യണ്‍ ലിറ്റര്‍ എണ്ണയുമായി ഈജിപ്ഷ്യന്‍ ടാങ്കര്‍ ബുധനാഴ്ച ഗസ്സയിലെത്തി. 2007 ല്‍ ഹമാസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദ്യമായാണ് ഒരു ഈജിപ്ഷ്യന്‍ വാഹനം ഗസ്സയില്‍ ഇന്ധനമെത്തിക്കുന്നത്.
ബുധനാഴ്ചയാണ് ഈജിപ്തില്‍ നിന്നുള്ള പത്തുലക്ഷം ലിറ്റര്‍ എണ്ണയുമായി ആദ്യ ഇന്ധന ടാങ്കര്‍ ഗസ്സയിലെത്തിയത്. ഇരുപത് ലക്ഷം ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന ഗസ്സക്ക് നിനച്ചിരിക്കാത്ത സഹായമാവുകയാണ് ഈജിപ്തിന്റെ നടപടി. ഹമാസ് നേതാവ് യഹ്‌യ അല്‍ സിന്‍വാറും ഈജിപ്ഷ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരും അടുത്തിടെ കെയറോയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇന്ധനക്കൈമാറ്റത്തിന് ധാരണയായത്. 2007 ല്‍ ഹമാസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റതിനെ തുടര്‍ന്ന് ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ ടണലുകള്‍ തകര്‍ത്തും ഗതാഗതം തടഞ്ഞും ഈജിപ്തും പങ്കാളികളായിരുന്നു. ഈജിപ്തിലെ ജനാധിപത്യ പ്രക്ഷോഭകാലത്ത് നയംമാറ്റത്തിന്റെ സൂചനകളുണ്ടായെങ്കിലും പട്ടാള അട്ടിമറിയെ തുടര്‍ന്ന് ഈജിപ്ത് വീണ്ടും നിലപാട് കടുപ്പിച്ചു. ഗസ്സക്കും ഹമാസിനുമെതിരായ ഈജിപ്ത് സര്‍ക്കാറിന്റെ ഈ നയത്തില്‍ മാറ്റമുണ്ടാകുന്നതിന്റെ സൂചനയായാണ് ഇന്ധനക്കൈമാറ്റത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
വര്‍ഷങ്ങളായി തുടരുന്ന ഉപരോധത്തിലും ഇടക്കിടെയുണ്ടാകുന്ന ഇസ്രായേല്‍ ആക്രമണങ്ങളിലും കടുത്ത ദുരിതത്തിലാണ് ഗസ്സ. രൂക്ഷമായ ഊര്‍ജ പ്രതിസന്ധി ജനജീവിതത്തെയും ആശുപത്രികളുടെ പ്രവര്‍ത്തനത്തെയും കാര്യമായി ബാധിച്ചിരുന്നു. മൂന്ന് ദിവസത്തിലൊരിക്കല്‍ മാത്രമാണ് പൊതു ജനങ്ങള്‍ക്ക് വൈദ്യുതി അനുവദിക്കാന്‍ സര്‍ക്കാരിനായിരുന്നത്. അതുകൊണ്ടുതന്നെ ഈജിപ്ത് സര്‍ക്കാരിന്റെ നയം മാറ്റം ആഹ്ലാദത്തോടെയാണ് ജനങ്ങള്‍ നോക്കിക്കാണുന്നത്. വരും ദിവസങ്ങളിലും ഇന്ധന വിതരണം തുടരുമെന്നാണ് സൂചന.