വെനസ്വേലയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തംവെനസ്വേലയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തം
|പൊലീസും പ്രതിഷേധക്കാരും നടത്തിയ ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം 29 ആയി
വെനസ്വേലയില്‍ സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭം ശക്തിയാര്‍ജിക്കുന്നു. പൊലീസും പ്രതിഷേധക്കാരും നടത്തിയ ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം 29 ആയി. ഇന്നലെ തലസ്ഥാനമായ കാരക്കസില്‍ നടന്ന കൂറ്റന്‍ റാലിക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതിനെ തുടര്‍ന്ന് റാലി അക്രമാസക്തമായി.
പ്രസിഡന്‍റ് നിക്കോളാസ് മഡുറോയുടെ രാജി ആവശ്യപ്പെട്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടും രാജ്യത്ത് വന്‍ പ്രക്ഷോഭമാണ് നടക്കുന്നത്. ഇന്നലെ തലസ്ഥാനമായ കാരക്കസില്‍ നടന്ന കൂറ്റന്‍ റാലിയില്‍ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകും വാട്ടര്‍ കാനുകളും പ്രയോഗിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
പ്രസിഡന്‍റ് സ്വേച്ഛാധിപതിയെപ്പോലെ പെരുമാറുന്നുവെന്നും സമാധാനപരമായി നടത്തുന്ന സമരത്തെ സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷം സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് നിക്കോളാസ് മഡുറോ കുറ്റപ്പെടുത്തി. ആയുധധാരികളെ ഉപയോഗിച്ച് സമരം ആളിക്കത്തിക്കുകയാണെന്നും മഡുറോ പറഞ്ഞു.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ക്ക് കനത്ത ക്ഷാമമാണ് നേരിടുന്നത്. പ്രതിസന്ധി നേരിടാന്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഫലപ്രദമായ നടപടികള്‍ ഉണ്ടാവാത്തതാണ് ജനരോഷം വര്‍ധിപ്പിച്ചത്. നിക്കോളാസ് മഡുറോയെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ തെരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.