ഗസ്സ അതിർത്തിയുടെ നിയന്ത്രണാധികാരം ഫലസ്തീൻ അതോറിറ്റിക്ക്ഗസ്സ അതിർത്തിയുടെ നിയന്ത്രണാധികാരം ഫലസ്തീൻ അതോറിറ്റിക്ക്
|ഈജിപ്തിലേക്ക് തുറക്കുന്ന കറം അബു സലീം, റഫ, ബെയ്ത്ഹാനൗൻ എന്നീ അതിർത്തികളാണ് വിട്ടുകൊടുത്തത്
ഗസ്സ അതിർത്തിയുടെ നിയന്ത്രണാധികാരം ഹമാസ് ഫലസ്തീൻ അതോറിറ്റിക്ക് കൈമാറി. ഈജിപ്തിലേക്ക് തുറക്കുന്ന കറം അബു സലീം, റഫ, ബെയ്ത്ഹാനൗൻ എന്നീ അതിർത്തികളാണ് വിട്ടുകൊടുത്തത്. ഈജിപ്തിന്റെ മധ്യസ്ഥതയിൽ കെയ്റോയില്‍ നടന്ന ഹമാസ്-ഫതഹ് അനുരഞ്ജന ചര്‍ച്ചയുടെ ഭാഗമായാണ് നീക്കം.
കെയ്റോയിൽ നടന്ന അനുരഞ്ജന ചർച്ചയില്‍ രൂപപ്പെട്ട ധാരണയുടെ അടിസ്ഥാനത്തിലാണ് തന്ത്രപ്രധാന അതിർത്തികളുടെ നിയന്ത്രണാധികാരംഫലസ്തീന്‍ അതോറിറ്റിക്ക് കൈമാറാന്‍ ഹമാസ് തയ്യാറായത്. ഈജിപ്തിന്റെ മധ്യസ്ഥതയിൽ ഒക്ടോബർ 12നായിരുന്നു അനുരഞ്ജന ചർച്ച. ചർച്ചയിൽ ഒരു പതിറ്റാണ്ടോളം നീണ്ട ഭിന്നതകൾ മാറ്റിവെച്ച് ഒന്നിച്ചുപ്രവർത്തിക്കാൻ ഹമാസും ഫതഹും തീരുമാനിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ചരിത്രപരം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇപ്പോഴത്തെ നടപടി. ഈജിപ്തിലേക്ക് തുറക്കുന്ന കറം അബു സലീം, റഫ, ബെയ്ത് ഹാനൗൻ എന്നീ അതിർത്തികളാണ് ഫലസ്തീൻ അതോറിറ്റിക്ക് കൈമാറിയത്. ചരക്കുകടത്തിനുള്ള കാർനി, കറം, ഷാലോം എന്നീ അതിർത്തി പോയന്റുകളും ഫലസ്തീൻ അതോറിറ്റിയുടെ കയ്യിലാവും. ദക്ഷിണ ഗസ്സ മുനമ്പിലെ അതീവ പ്രധാന്യമുള്ള അതിർത്തിയാണ് റഫ. ഹമാസ് അധികാരത്തിലെത്തിയതു മുതല്‍ ഇസ്രായേല്‍ ഉരോധം കടുപ്പിച്ചതിനാല്‍ കടുത്ത ദുരിതത്തിലായിരുന്നു ഗസ്സ. അനുരഞ്ജന ശ്രമങ്ങള്‍ പൂര്‍ണതയിലെത്തുന്നതോടെ ഇത് വലിയ അളവോളം കുറക്കാനാകുമെന്നാണ് ഹമാസിന്റെ കണക്കുകൂട്ടല്‍. 2007ൽ ഫലസ്തീൻ അതോറിറ്റിയുടെ നിയന്ത്രണത്തിലായിരുന്നപ്പോഴുള്ള സ്ഥിതിയിലേക്ക് ഈ അതിർത്തികൾ ഉടന്‍ മടങ്ങിയെത്തുമെന്നും ഇതോടെ ഗസ്സയിലെ ഫലസ്തീനികളുടെ ദുരിതങ്ങൾ കുറയുമെന്നും ഫതഹ് വക്താവ് പ്രതികരിച്ചു.