< Back
International Old
ദക്ഷിണ സുഡാനില്‍ സംഘര്‍ഷം: 100ലേറെ പേര്‍ കൊല്ലപ്പെട്ടുദക്ഷിണ സുഡാനില്‍ സംഘര്‍ഷം: 100ലേറെ പേര്‍ കൊല്ലപ്പെട്ടു
International Old

ദക്ഷിണ സുഡാനില്‍ സംഘര്‍ഷം: 100ലേറെ പേര്‍ കൊല്ലപ്പെട്ടു

Sithara
|
15 May 2018 11:07 PM IST

സ്വാതന്ത്ര്യദിനത്തിലാണ് രാജ്യത്ത് പുതിയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

ദക്ഷിണ സുഡാന്‍ തലസ്ഥാനമായ ജുബയിലുണ്ടായ ഏറ്റുമുട്ടലുകളില്‍ 100ലേറെ പേര്‍ കൊല്ലപ്പെട്ടു. സ്വാതന്ത്ര്യദിനത്തിലാണ് രാജ്യത്ത് പുതിയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സര്‍ക്കാരും വിമതപക്ഷവും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കവേയാണ് സംഘര്‍ഷം. എന്നാല്‍ സമാധാന ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ടെന്ന് ഇരുവിഭാഗവും പ്രതികരിച്ചു.

രാജ്യത്തിന്റെ അഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിനിടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സമാധാന ചര്‍ച്ചകളുടെ ഭാഗമായി പ്രസിഡന്‍റ് സാല്‍വാ കിറും വിമത നേതാവും വൈസ് പ്രസി‍ഡന്റുമായ റിക് മഷാറും ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. പ്രസിഡന്റിന്റെ വസതിക്ക് പുറത്താണ് സംഘര്‍ഷത്തിന്റെ തുടക്കം. പിന്നീട് സൈനിക ആസ്ഥാനത്തിന് നേരെയും ആക്രമണമുണ്ടായി. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം പേര്‍ സര്‍ക്കാര്‍ സൈനികരാണ്.

2011 ജൂലൈ 9നാണ് സുഡാനില്‍ നിന്ന് സ്വതന്ത്രമായി ദക്ഷിണ സുഡാന്‍ രൂപം കൊണ്ടത്. ഹിതപരിശോധനയിലൂടെയാണ് പുതിയ രാജ്യമെന്ന തീരുമാനത്തിലേക്ക് സുഡാന്‍ ജനതയെത്തിയത്. എന്നാല്‍ പ്രസിഡന്റ് സാല്‍വാ കിര്‍ സ്ഥാനമൊഴിയണമെന്ന ആവശ്യവുമായി റിക് മഷാറിന്റെ നേതൃത്വത്തില്‍ വിമതപക്ഷം ശക്തമായത് മുതല്‍ രാജ്യം സംഘര്‍ഷാവസ്ഥയിലാണ്.

Related Tags :
Similar Posts