ഗസ്സയിലേക്കുള്ള വൈദ്യുതി വിതരണം പുനസ്ഥാപിച്ചതായി ഇസ്രായേല്‍
|വൈദ്യുതിക്ക് ഇസ്രായേല്‍ ആവശ്യപ്പെട്ട പണം നല്‍കാന്‍ ഫലസ്തീന്‍ തയ്യാറായതോടെയാണ് നടപടി
ഗസ്സയിലേക്കുള്ള വൈദ്യുതി വിതരണം പുനസ്ഥാപിച്ചതായി ഇസ്രായേല്‍. വൈദ്യുതിക്ക് ഇസ്രായേല്‍ ആവശ്യപ്പെട്ട പണം നല്‍കാന്‍ ഫലസ്തീന്‍ തയ്യാറായതോടെയാണ് നടപടി. ഗസ്സ അനുഭവിക്കുന്ന വൈദ്യുത പ്രതിസന്ധിക്ക് ഇതോടെ ചെറിയ ശമനമാകുമെന്നാണ് വിലയിരുത്തല്‍.
വൈദ്യുതിയും വെള്ളവു ഇല്ലാതായതോടെ വര്‍ഷങ്ങളായി കടുത്ത ദുരിതത്തിലായിരുന്നു ഗസ്സ നിവാസികള്‍. പത്ത് വര്‍ഷത്തിലധികമായി തുടരുന്ന ഇസ്രായേല്‍ ഉപരോധവും ഇടക്കിടെയുണ്ടാകുന്ന ഇസ്രായേല്‍ ആക്രമണങ്ങളും ദുരിതം ഇരട്ടിപ്പിച്ചു. കഴിഞ്ഞ ഏപ്രിലിലോടെ മഹ്മൂദ് അബ്ബാസ് അധ്യക്ഷനായ ഫലസ്തീന്‍ അതോറ്റി കൂടി കൈവിട്ടതോടെ ഗസ്സയിലെ ജനജീവിതം ദുസ്സഹമായി. സ്കൂളുകളും ഫാക്ടറികളും നിശ്ചലമായി. ആശുപത്രികളുടെ പ്രവര്‍ത്തനവും തടസ്സപ്പെട്ടു. വര്‍ഷങ്ങളായുള്ള കടുത്ത ദുരിതത്തിലും പൊരുതി നിന്ന ഗസ്സ നിവാസികള്‍ പുതിയ തീരുമാനത്തോടെ ഏറെ പ്രതീക്ഷയിലാണ് .
പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗസ്സയില്‍ ഹമാസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് ഇസ്രായേല്‍ ഉപരോധം കനപ്പിച്ചത്. ഫലസ്തീന്‍ അതോറിറ്റിയുമായുള്ള ഭിന്നതകള്‍ അവസാനിപ്പിക്കുകയും ഗസ്സയുടെ നിയന്ത്രണത്തില്‍ ഫലസ്തീന്‍ അതോറിറ്റിക്ക് പങ്കാളിത്തം അനുവദിക്കുകയും ചെയ്തതോടെയാണ് ഗസ്സക്ക് വൈദ്യുതി അനുവദിക്കാനുള്ള തീരുമാനമെന്നാണ് സൂചന.