< Back
International Old
ചൈനയുമായി വ്യാപാര യുദ്ധത്തിനൊരുങ്ങി അമേരിക്കചൈനയുമായി വ്യാപാര യുദ്ധത്തിനൊരുങ്ങി അമേരിക്ക
International Old

ചൈനയുമായി വ്യാപാര യുദ്ധത്തിനൊരുങ്ങി അമേരിക്ക

Jaisy
|
21 May 2018 7:57 PM IST

ചൈനയില്‍ നിന്നുള്ള ഇറക്കുമതി തീരുവ 25 ശതമാനമായി അമേരിക്ക വര്‍ധിപ്പിച്ചു

ചൈനയുമായി വ്യാപാര യുദ്ധത്തിനൊരുങ്ങി അമേരിക്ക. ചൈനയില്‍ നിന്നുള്ള ഇറക്കുമതി തീരുവ 25 ശതമാനമായി അമേരിക്ക വര്‍ധിപ്പിച്ചു. അമേരിക്കന്‍ നടപടി നേരിടുമെന്ന് ചൈന. ലോകസാമ്പത്തിക ശക്തികള്‍ തമ്മിലുള്ള വ്യാപാരയുദ്ധം ആഗോളതലത്തില്‍ പ്രതിഫലിക്കാനാണ് സാധ്യത.

ബൌദ്ധിക സ്വത്തവകാശത്തിലും സാങ്കേതികവിദ്യ കൈമാറ്റത്തിലുമുണ്ടായ വീഴ്ചകള്‍ മൂലം ചൈനക്കെതിരെ ഉപരോധത്തിനൊരുങ്ങിയിരിക്കുകയാണ് അമേരിക്ക. ഇതിന്റെ ഭാഗമായാണ് ചൈനയില്‍ നിന്നുള്ള ഇറക്കുമതി തീരൂവ വര്‍ധിപ്പിച്ചത്. 60 ബില്യണ്‍ ഡോളറിന് മുകളിലുള്ള ഇറക്കുമതിക്ക് 25 ശതമാനം താരിഫ് ഈടാക്കാനാണ് അമേരിക്കന്‍ തീരുമാനം. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഈ ഉത്തരവില്‍ ഒപ്പുവെച്ചു. ചൈനയില്‍ നിന്നുള്ള കാര്‍ ഇറക്കുമതിക്ക് 2.5 ശതമാനം മാത്രമായിരുന്നു നേരത്തെയുണ്ടായിരുന്ന ഇറക്കുമതി തീരുവ. പക്ഷേ ചൈനയിലെ അമേരിക്കന്‍ ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചൈന ഈടാക്കിയിരുന്ന. ഇത് വ്യാപാര അസമത്വമാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. ചൈനയുമായി അമേരിക്കയ്ക്കുണ്ടായിരുന്ന വ്യാപാരക്കമ്മി 375 ബില്ല്യണ്‍ ഡോളറാണ്. ഇത് ലോകത്തില്‍ തന്നെ ഒരു രാജ്യം മാത്രം നേരിടുന്ന കമ്മിയാണ്. ഇത് നിയന്ത്രണാതീതമാണെന്നും ചൂണ്ടിക്കാട്ടിയാണ് ചൈനീസ് ഇറക്കുമതിക്ക് അമേരിക്ക താരിഫ് ഉയര്‍ത്തിയത്.

വ്യാപാരക്കരാറുകളിലെ ഗുരുതര ചട്ടലംഘനങ്ങളും അമേരിക്ക ഉയര്‍ത്തിക്കാട്ടി. നിരവധി രാജ്യങ്ങള്‍ അമേരിക്കയെ ഉപയോഗിച്ച് നേട്ടം കൊയ്യുകയാണ്. വര്‍ഷങ്ങളായി ഇത് തുടര്‍ന്നുപോരുകയാണെന്നും ഇനി അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. അതേസമയം എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കുമെന്ന് ചൈന നേരത്തെ അറിയിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധം ആഗോള വ്യാപാര യുദ്ധത്തിലേക്ക് വഴി വക്കുമോയെന്ന ഭീതിയും ഉയരുന്നുണ്ട്.

Similar Posts