< Back
International Old
പട്ടാള അട്ടിമറി ശ്രമത്തിന്റെ വാര്‍ഷികം തുര്‍ക്കി ആഘോഷിച്ചുപട്ടാള അട്ടിമറി ശ്രമത്തിന്റെ വാര്‍ഷികം തുര്‍ക്കി ആഘോഷിച്ചു
International Old

പട്ടാള അട്ടിമറി ശ്രമത്തിന്റെ വാര്‍ഷികം തുര്‍ക്കി ആഘോഷിച്ചു

Subin
|
29 May 2018 7:39 PM IST

അട്ടിമറി ശ്രമത്തില്‍ പങ്കാളികളെന്ന് സംശയിക്കുന്ന 50000 ത്തോളം ആളുകളെ അറസ്റ്റ് ചെയ്യുകയും ഒന്നര ലക്ഷത്തോളം പേരെ വിവിധ സര്‍ക്കാര് സര്‍വീസുകളില്‍ നിന്ന് പുറത്താക്കുകയും ചെയ്തിട്ടുണ്ട്...

തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ശ്രമത്തെ പരാജയപ്പെടുത്തിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ വിപുലമായ പരിപാടികള്‍. വാര്‍ഷികത്തിന്റെ ഭാഗമായി നിരവധി അനുസ്മരണ പരിപാടികള്‍ രാജ്യമെമ്പാടും സംഘടിപ്പിച്ചു. രാജ്യത്തിന് വേണ്ടി പോരാടിയ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും, ജൂലായ് 15 ജനാധിപത്യത്തിന്റ വിജയമാണെന്നും പ്രസിഡന്റ് റജബ് ത്വയ്യബ് ഉറുദുഗാന്‍ പറഞ്ഞു. ജൂലായ് 15 തുര്‍ക്കിയുടെ ദേശീയ അവധി ദിനമായും ഉറുദുഗാന്‍ പ്രഖ്യാപിച്ചു.

പതിനായിരങ്ങളാണ് തലസ്ഥാനമായ ഇസ്താംബൂളില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തത്. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഗാനും ഇസ്താംബൂളിലെ പരിപാടിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു. ഏറ്റവും ദുര്‍ഘടം പിടിച്ച ആ നിമിഷം കടന്നു പോയി, ജനാധിപത്യത്തിന്റെ വിജയമായിരുന്നു അത്. ആ അര്‍ഥത്തില്‍ ജൂലൈ 15 തുര്‍ക്കിയുടെ റിപ്പബ്ലിക് ദിനമാണെന്നും ഇനി മുതല്‍ ദേശീയ അവധിയായിരിക്കുമെന്നും ഉറുദുഗാന്‍ അറിയിച്ചു.

2016 ജൂലൈ 15ന് മുമ്പുള്ളത് പോലെയാകില്ല ഇനി കാര്യങ്ങളെന്നും ഉറുദുഗാന്‍ പറഞ്ഞു. തുര്‍ക്കിയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള രണ്ടാം യുദ്ധമെന്നായിരുന്നു അട്ടിമറി ശ്രമം പരാജയപ്പെടുത്തിയതിനെ തുര്‍ക്കി പ്രധാനമന്ത്രി ബിനലിയില്‍ ഡ്രിം വിശേഷിപ്പിച്ചത്. ചരിത്ര സംഭവത്തിന്റെ സ്മരണ പുതുക്കി അര്‍ധരാത്രി പാര്‍ലമെന്റിലും പ്രത്യേക സമ്മേളനം സംഘടിപ്പിച്ചിരുന്നു.

അട്ടിമറി ശ്രമത്തിന് സാക്ഷിയായ ഇസ്താംബൂളിലെ ബോസ്‌ഫോറസ് പാലം ഇനിമുതല്‍ ജൂലൈ 15ലെ രക്തസാക്ഷികളുടെ പാലമെന്ന് അറിയപ്പെടും. 2016 ജൂലൈ 15നാണ് റജബ് ത്വയിബ് ഉര്‍ദുഗാന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ഒരു വിഭാഗം സൈനികര്‍ നീക്കം നടത്തുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളും റോഡുകളും പിടിച്ചെടുത്ത വിമതസൈനികര്‍ രാജ്യം പട്ടാള ഭരണത്തിലായതായി പ്രഖ്യാപിക്കുകയായിരുന്നു.

പ്രസിഡന്റ് ഉര്‍ദുഗാന്റെ ആഹ്വാനപ്രകാരം തെരുവിലിറങ്ങിയ ജനങ്ങളും സൈന്യവും ചേര്‍ന്ന് അട്ടിമറി ശ്രമം പരാജയപ്പെടുത്തുകയായിരുന്നു. തെരുവിലിറങ്ങിയ ജനങ്ങള്‍ക്ക് നേരെ സൈനികര്‍ നടത്തിയ വെടിവെപ്പില്‍ 265 പേരാണ് കൊല്ലപ്പെട്ടത് അട്ടിമറി ശ്രമത്തില്‍ പങ്കാളികളെന്ന് സംശയിക്കുന്ന 50000 ത്തോളം ആളുകളെ അറസ്റ്റ് ചെയ്യുകയും ഒന്നര ലക്ഷത്തോളം പേരെ വിവിധ സര്‍ക്കാര് സര്‍വീസുകളില്‍ നിന്ന് പുറത്താക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയില്‍ ഒളിവില്‍ കഴിയുന്ന ഫത്ഹുല്ല ഗുലനാണ് അട്ടിമറിക്ക് പിന്നിലെന്ന് തുര്‍ക്കി ആരോപിക്കുന്നത്.

Similar Posts