< Back
International Old
ജറുസലേമിലെ യു എസ് എംബസിയുടെ ഉദ്ഘാടനം ഇന്ന്ജറുസലേമിലെ യു എസ് എംബസിയുടെ ഉദ്ഘാടനം ഇന്ന്
International Old

ജറുസലേമിലെ യു എസ് എംബസിയുടെ ഉദ്ഘാടനം ഇന്ന്

Khasida
|
5 Jun 2018 7:45 AM IST

വീഡിയോ കോണ്‍ഫറന്‍സിങ് വഴി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എംബസിയുടെ ഉദ്ഘാടനം നിര്‍വഹിക്കും

ജറുസലേമിലെ യു എസ് എംബസി ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. വീഡിയോ കോണ്‍ഫറന്‍സിങ് വഴി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എംബസിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. തെല്‍ അവീവില്‍ നിന്ന് എംബസി മാറ്റി സ്ഥാപിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് എംബസിയുടെ ഉദ്ഘാടനം.

ജറുസലേമില്‍ യു എസ് എംബസി തുറക്കാനുള്ള തീരുമാനം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിദേശനയങ്ങളില്‍ ഏറ്റവും വിവാദമായ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്കും ഇത് കാരണമായിരുന്നു. വിവാദങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലാണ് യുഎസ് എംബസി ജറുസലേമില്‍ ഇന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും ട്രംപ് എംബസിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുക.

ട്രംപിന്റെ മകള്‍ ഇവാംക, മരുമകന്‍ ജാറേദ് കുഷ്നര്‍, ട്രഷറി സെക്രട്ടറി സ്റ്റീവന്‍ ന്യൂചിന്‍, ഡെപ്യൂട്ടി സെക്രട്ടറി ജോണ്‍ സുല്ലിവനും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. 800 ലധികം പേര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് യുഎസ് കണക്ക്. ഹംഗറി, റൊമാനിയ, ചെക്ക് റിപ്പബ്ലിക്, ഗ്വാട്ടമാല, പരാഗ്വെ എന്നീ രാജ്യങ്ങളിലെ പ്രതിനിധികള്‍ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാകും.

എംബസി മാറ്റുന്നതില്‍ പ്രതിഷേധിച്ച് യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍മാര്‍ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കും. ആദ്യഘട്ടത്തില്‍ യുഎസ് കോണ്‍സുലേറ്റ് കെട്ടിടത്തിലാണ് എംബസി പ്രവര്‍ത്തിക്കുക.

ആഘോഷത്തിന്റെ സമയമാണ് വന്നുചേര്‍ന്നിരിക്കുന്നതെന്നായിരുന്നു ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ പ്രതികരണം. എന്നാല്‍ ഫലസ്തീന്‍- ഇസ്രായേല്‍ സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാനുള്ള അര്‍ഹത ഈ തീരുമാനത്തോടെ അമേരിക്കക്ക് നഷ്ടമായെന്നാണ് ഫലസ്തീന്റെ പക്ഷം. അതേസമയം ജറുസലേമിലേക്ക് എംബസി മാറ്റി സ്ഥാപിക്കുന്നത് സംഘര്‍ഷങ്ങള്‍ക്ക് അയവു വരുത്തുമെന്നാണ് യുഎസ് വിശദീകരിക്കുന്നത്.

Similar Posts