ആഫ്രിക്ക പിളരുന്നു, 'കൊമ്പ്' നഷ്ടമാകുംആഫ്രിക്ക പിളരുന്നു, 'കൊമ്പ്' നഷ്ടമാകും
|700 മീറ്റര്‍ നീളത്തില്‍ 50 അടി ആഴത്തിലും 20 മീറ്റര്‍ വീതിയിലുമാണ് ഇപ്പോള്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആഫ്രിക്കയുടെ കൊമ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സൊമാലിയ, എത്തോപ്യയുടെ ഭാഗം, കെനിയ, താന്‍സാനിയ എന്നീ രാജ്യങ്ങളുള്‍പ്പെടുന്ന പ്രദേശമാണ് പുതിയ ഭൂഖണ്ഡമായി മാറുന്നത്...

ആഫ്രിക്കന്‍ ഭൂഖണ്ഡം അതിവേഗം രണ്ടായി പിളരുന്നു. നേരത്തെ കരുതിയതിലും വേഗത്തിലാണ് ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നതെന്ന് ശാസ്ത്രലോകം സമ്മതിക്കുന്നു. കെനിയയും സൊമാലിയയും താന്‍സാനിയയും ഉള്‍പ്പെടുന്ന ആഫ്രിക്കയുടെ കൊമ്പ് എന്ന് വിശേഷിപ്പിക്കുന്ന ഭാഗമാണ് ആഫ്രിക്കയില്‍ നിന്നും പിളര്‍ന്ന് മാറുന്നത്.
കെനിയയിലെ തിരക്കേറിയ ഹൈവേകളിലൊന്നായ മായ് മാഹിയു- നരോക് പാതയെ കീറിമുറിച്ചുകൊണ്ട് വിള്ളല്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. ഇക്കാര്യം കെനിയ നാഷണല്‍ ഹൈവേസ് അതോറിറ്റി(KeNHA) തന്നെയാണ് പുറംലോകത്തെ അറിയിച്ചത്. 700 മീറ്റര്‍ നീളത്തില്‍ 50 അടി ആഴത്തിലും 20 മീറ്റര്‍ വീതിയിലുമാണ് ഇപ്പോള്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മായ് മാഹിയു- നരോക് ഹൈവേയിലെ ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് താത്ക്കാലിക നടപടികള്‍ KeNHA കൈക്കൊണ്ടിട്ടുണ്ട്. മണ്ണും പാറയും ഇട്ട് വിള്ളല്‍ നികത്താനാണ് ശ്രമം. എന്നാല്‍ ഇത് ഒരിക്കലും ദീര്‍ഘകാല പരിഹാരമല്ല.
ഭൂമിക്കടിയിലെ അഗ്നിപര്‍വ്വതങ്ങളുടെ പ്രവര്‍ത്തനഫലമായാണ് വിള്ളല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്നാണ് ഭൗമശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. ആഫ്രിക്കയുടെ കൊമ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സൊമാലിയ, എത്തോപ്യയുടെ ഭാഗം, കെനിയ, താന്‍സാനിയ എന്നീ രാജ്യങ്ങളുള്‍പ്പെടുന്ന പ്രദേശമാണ് പുതിയ ഭൂഖണ്ഡമായി മാറുന്നത്. വര്‍ഷങ്ങള്‍ക്കകം ആഫ്രിക്കയ്ക്കും കൊമ്പിനുമിടയിലേക്ക് ഇന്ത്യന്‍ മഹാ സമുദ്രം ഇരമ്പിയെത്തും. 5 കോടി വര്‍ഷമെന്ന ദീര്‍ഘ സമയമെടുത്തായിരിക്കും ആഫ്രിക്കന്‍ ഭൂഖണ്ഡം പിളരുന്ന പ്രതിഭാസം പൂര്‍ണ്ണമാവുക. ഇത്തരം ശക്തിയേറിയ പ്രതിഭാസങ്ങളുടെ പ്രഭവ കേന്ദ്രം ഭൂമിക്കടിയിലായതിനാല്‍ തന്നെ ഈ പ്രതിഭാസത്തെ തടയാന്‍ മനുഷ്യന് നിലവിലെ സാങ്കേതിക വിദ്യകള്‍ പ്രകാരം സാധ്യമല്ല.

പ്രധാനമായും ഒമ്പത് പാളികളാണ് ഭൂമിയിലുള്ളതെന്നാണ് ഭൗമശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. വടക്കേ അമേരിക്ക, പസഫിക്, യുറേഷ്യന്‍, ആഫ്രിക്കന്‍, ഇന്‍ഡോ ആസ്‌ത്രേലിയന്‍, ആസ്‌ത്രേലിയന്‍, ഇന്ത്യന്‍, ദക്ഷിണ അമേരിക്കന്‍, അന്റാര്‍ട്ടിക്ക് എന്നിങ്ങനെയാണ് പാളികള്‍ക്ക് പേരിട്ടിരിക്കുന്നത്. ഇതില്‍ ആഫ്രിക്കന്‍ പാളിയാണ് രണ്ടായി പിളര്‍ന്നുകൊണ്ടിരിക്കുന്നത്. നിലവില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങള്‍ സുരക്ഷിതമായ പ്രദേശങ്ങളിലേക്ക് മാറി താമസിച്ചു തുടങ്ങിയിട്ടുണ്ട്.