< Back
International Old
തായ്‌ലാന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ പുറത്തെത്തിക്കാന്‍ ഡൈവിംങ് പരിശീലിപ്പിക്കും
International Old

തായ്‌ലാന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ പുറത്തെത്തിക്കാന്‍ ഡൈവിംങ് പരിശീലിപ്പിക്കും

Web Desk
|
4 July 2018 7:39 PM IST

ഡൈവിങ് വഴിയല്ലെങ്കില്‍ കുട്ടികളെ പുറത്തെത്തിക്കാന്‍ ഗുഹയിലെ വെള്ളം താഴുന്നത് വരെ കാത്തിരിക്കേണ്ടി വരും. അങ്ങനെയാണെങ്കില്‍ മഴക്കാലം അവസാനിക്കുന്ന ഒക്ടോബര്‍ വരെ ഇവര്‍ക്ക് ഗുഹയില്‍ തുടരേണ്ടി വന്നേക്കും

തായ്‌ലാന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ കോച്ചിനെയും 12 കുട്ടികളെയും പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഡൈവിങ് മാസ്‌ക് ഉപയോഗിച്ച് ശ്വസിക്കാനുള്ള പരിശീലനമാണ് ഇപ്പോള്‍ തായ് നാവികസേന കുട്ടികള്‍ക്ക് നല്‍കുന്നത്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

ഗുഹയില്‍ കുടുങ്ങിയ 11 കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തിയ ശേഷമേ അവരെ പുറത്തെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കൂയെന്ന് തായ് നാവികസേന നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ചളിയും വെള്ളവും നിറഞ്ഞ ഗുഹയില്‍ നിന്ന് കോച്ചിനെയും കുട്ടികളെയും പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡൈവിങ് മാസ്‌കുകള്‍ ഉപയോഗിച്ച് കുട്ടികള്‍ക്ക് ഇപ്പോള്‍ പരിശീലനം നല്‍കി വരികയാണ്.

കുട്ടികളുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കിയായിരിക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ എന്ന് ചിയാങ് റായ് ഗവര്‍ണര്‍ അറിയിച്ചു. ഡൈവിങ് വഴിയല്ലെങ്കില്‍ കുട്ടികളെ പുറത്തെത്തിക്കാന്‍ ഗുഹയിലെ വെള്ളം താഴുന്നത് വരെ കാത്തിരിക്കേണ്ടി വരും. അങ്ങനെയാണെങ്കില്‍ മഴക്കാലം അവസാനിക്കുന്ന ഒക്ടോബര്‍ വരെ ഇവര്‍ക്ക് ഗുഹയില്‍ തുടരേണ്ടി വന്നേക്കും. ഈ സാഹചര്യത്തില്‍ വെള്ളം പുറത്തേക്ക് പമ്പ് ചെയ്ത് ഗുഹയിലെ വെള്ളത്തിന്റെ അളവ് കുറക്കാനുളള ശ്രമം തുടരുകയാണ്.

മഴ കനക്കുമെന്ന കാലാവസ്ഥാ മുന്നറിയിപ്പും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. കോച്ചിനും കുട്ടികള്‍ക്കുമായുള്ള ഭക്ഷണവും മരുന്നും ഗുഹയ്ക്ക് അകത്തേക്ക് എത്തിക്കുന്നത് തുടരുകയാണ്. ഗുഹക്ക് അകത്ത് ഇന്റര്‍നെറ്റ് ലൈന്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നാവികസേന തുടരുകയാണ്. കഴിഞ്ഞ ദിവസം ഈ ശ്രമം പരാജയപ്പെട്ടിരുന്നു. അതിനിടെ 11 ദിവസത്തിന് ശേഷവും കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സൂചിപ്പിക്കുന്ന ഒരു മിനിറ്റ് വീഡിയോ ആണ് നാവികസേന ഫേസ്ബുക്കിലൂടെ വിട്ടു.

Similar Posts