< Back
International Old
‘ഇഡിയറ്റ്’ ആരാണെന്ന് ചോദിക്കൂ; ഗൂഗിള്‍ പറയും, ട്രംപ് എന്ന്
International Old

‘ഇഡിയറ്റ്’ ആരാണെന്ന് ചോദിക്കൂ; ഗൂഗിള്‍ പറയും, ട്രംപ് എന്ന്

Web Desk
|
21 July 2018 10:50 AM IST

ഗൂഗിളില്‍ 'ഫേകു' എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമാണ് റിസള്‍റ്റായി വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ തരംഗമാകുന്നത് ഇഡിയറ്റ് എന്ന പദത്തിന്റെ സെര്‍ച്ച് റിസല്‍റ്റാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രങ്ങളാണ് ഇഡിയറ്റിന് മറുപടിയായി ഗൂഗിള്‍ നല്‍കുന്നത്.

പ്രസിഡന്റിന്റെ നയങ്ങളിൽ അസന്തുഷ്ടരായ ജനങ്ങൾ ട്രംപ് ചിത്രങ്ങൾ ഉപയോഗിച്ച് ഇഡിയറ്റ് എന്ന പദത്തെ ബന്ധിപ്പിക്കുന്ന പ്രചാരണത്തിന് തുടക്കമിട്ടതാണ് വിനയായത്‍. ഇത് ക്രമേണ ഓൺലൈൻ പ്രതിഷേധമായി മാറി. ട്രംപിന്റെ ചിത്രവും ഇഡിയറ്റ് എന്ന പദവും ചേര്‍ന്ന ഒരു പോസ്റ്റിന് റെഡ്ഡിറ്റ് ഉപയോക്താക്കൾ ധാരാളമായി വോട്ട് ചെയ്യുകയും ചെയ്തതോടെ സംഗതി കഥ മാറി. ഇതോടെ സെര്‍ച്ചില്‍ ഇഡിയറ്റ് എന്ന പദം ടൈപ് ചെയ്യുമ്പോള്‍ ട്രംപിന്റെ പല ഭാവങ്ങളിലുള്ള ചിത്രങ്ങളും ലഭിക്കാന്‍ തുടങ്ങി. ഗൂഗിള്‍ അല്‍ഗൊരിതം വഴിയാണ് ഇത് സംഭവിക്കുന്നത്.

മുമ്പ് 'പപ്പു' എന്ന പേര് ഗൂഗിളില്‍ തിരഞ്ഞാല്‍ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ലഭിക്കുന്നതും വാര്‍ത്തയായിരുന്നു. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ 'ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി' എന്ന തിരയലിന് നരേന്ദ്രമോദിയുടെ ചിത്രങ്ങളായിരുന്നു മറുപടിയായി ലഭിച്ചിരുന്നത്. ഇത് പിന്നീട് ഗൂഗിള്‍ തിരുത്തുകയായിരുന്നു.

Similar Posts