< Back
International Old
സൈന്യം ഒരുങ്ങിയിരിക്കണം; യുദ്ധം സംബന്ധിച്ച് പരോക്ഷ മുന്നറിയിപ്പുമായി ഇറാന്‍
International Old

സൈന്യം ഒരുങ്ങിയിരിക്കണം; യുദ്ധം സംബന്ധിച്ച് പരോക്ഷ മുന്നറിയിപ്പുമായി ഇറാന്‍

Web Desk
|
3 Sept 2018 7:49 AM IST

എന്നാല്‍ നിലവില്‍ യുദ്ധത്തിന് സാധ്യതയില്ലെന്നും ഖാംനഇ ഔദ്യോഗിക വെബ്സൈറ്റില്‍ വ്യക്തമാക്കി

യുദ്ധം സംബന്ധിച്ച് പരോക്ഷ മുന്നറിയിപ്പുമായി ഇറാന്‍. രാജ്യത്തെ സൈന്യം ഒരുങ്ങിയിരിക്കണമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ആഹ്വാനം. എന്നാല്‍ നിലവില്‍ യുദ്ധത്തിന് സാധ്യതയില്ലെന്നും ഖാംനെയി ഔദ്യോഗിക വെബ്സൈറ്റില്‍ വ്യക്തമാക്കി.

'നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു യുദ്ധത്തിന് സാധ്യതയില്ല. എന്നാല്‍ രാജ്യത്തെ സായുധ സേനകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ഉദ്യോഗസ്ഥരും യുദ്ധസാമഗ്രികളും എപ്പോഴും സര്‍വ്വ സജ്ജമായിരിക്കണം' എന്നാണ് ഇറാന്‍ പരമോന്നത നേതാവായ ആയത്തുള്ള അലി ഖാംനഇ യുടെ വാക്കുകള്‍. ആണവ കരാറില്‍ നിന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പിന്‍മാറുകയും ഇറാനെതിരെ രാജ്യാന്തര ഉപരോധവും സമ്മര്‍ദ്ദവും ശക്തമായ സാഹചര്യത്തിലാണ് ഖാംനഇയുടെ ഈ ആഹ്വാനം. സൈനിക ശക്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മിസൈല്‍ ശേഷി വര്‍ധിപ്പിക്കാനും ആധുനിക യുദ്ധവിമാനങ്ങളും അന്തര്‍വാഹിനികളും വാങ്ങാന്‍ പദ്ധതിയുണ്ടെന്ന് ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ എത്തിയ ആയത്തുള്ള അലി ഖാംനഇ യുടെ വാക്കുകള്‍ പശ്ചിമേഷ്യയെ വീണ്ടും ഒരു യുദ്ധഭീതിയുടെ നിഴലിലാക്കിയിരിക്കുകയാണ്.

രാജ്യത്തിന് മേലുള്ള യുഎസ് ഉപരോധം നീക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ കഴിഞ്ഞ ദിവസം സമീപിച്ചിരുന്നു. രാജ്യത്തെ നിലവിലെ സാമ്പത്തിക സ്ഥിതി മോശമാണെന്നും യുഎസ് ഉപരോധം സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ദുര്‍ബലമാക്കുമെന്നും ഇറാന്‍ പറഞ്ഞു. ഇരു രാജ്യങ്ങല്‍ക്കുമിടയിലുണ്ടായ 1955ലെ സൌഹൃദ ഉടമ്പടി ലംഘിക്കുന്ന നിലപാടാണ് അമേരിക്കയുടേതെന്നും ഇറാന്‍ വാദിച്ചു. അമേരിക്ക കരാറില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്ന് രാജ്യത്തിനുണ്ടായ പ്രശ്നങ്ങള്‍ക്ക് ഉചിതമായ പരിഹാര പാക്കേജ് നല്‍കണമെന്ന് യൂറോപ്യന്‍ രാജ്യങ്ങളോട് ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യുഎസ് ഉപരോധത്തെ മറികടക്കാന്‍ സഹായിക്കും വിധം സാമ്പത്തിക പാക്കേജ് യൂറോപ്പ് പ്രഖ്യാപിച്ചാല്‍ മാത്രം 2015ലെ ആണവകരാറില്‍ തുടരാമെന്ന നിലപാടിലാണ് ഇറാന്‍.

Similar Posts