International Old
ഓസ്‍ലോ കരാറിന് 25 വര്‍ഷം; സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം എന്ന ലക്ഷ്യം ഇപ്പോഴും അകലെ
International Old

ഓസ്‍ലോ കരാറിന് 25 വര്‍ഷം; സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം എന്ന ലക്ഷ്യം ഇപ്പോഴും അകലെ

Web Desk
|
13 Sept 2018 7:33 AM IST

1993 സെപ്തബര്‍ 13ന് വാഷിംങ്ടണില്‍ വെച്ച് അന്നത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി ഇസ്ഹാഖ് റബീനും ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ നേതാവ് യാസര്‍ അറഫാത്തുമായിരുന്നു ഓസ്‍ലോ കരാര്‍ ഒപ്പുവെച്ചത്.

ഫലസ്തീന്‍ പ്രശ്ന പരിഹാരത്തിനായി അമേരിക്കയുടെ മധ്യസ്ഥതയില്‍ ഫലസ്തീനും ഇസ്രായേലും തമ്മിലുണ്ടാക്കിയ കരാറാണ് ഓസ്‍ലോ കരാര്‍. 1993 സെപ്തബര്‍ 13നായിരുന്നു കരാര്‍ ഒപ്പിട്ടത്. ഓസ്ലോ കരാറിന് ഇന്ന് ഇരുപത്തി അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോഴും സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം എന്ന ലക്ഷ്യം ഏറെ അകലെയാണ്.

1993 സെപ്തബര്‍ 13ന് വാഷിംങ്ടണില്‍ വെച്ച് അന്നത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി ഇസ്ഹാഖ് റബീനും ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ നേതാവ് യാസര്‍ അറഫാത്തുമായിരുന്നു ഓസ്‍ലോ കരാര്‍ ഒപ്പുവെച്ചത്. ഇസ്ഹാഖ് റബീനും യാസര്‍ അറഫാത്തും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഷിമോണ്‍ പെരസും നോര്‍വയുടെ തലസ്ഥാനമായ ഓസ്‍ലോയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഉടമ്പടി രൂപപ്പെട്ടത്. അതിന് ശേഷം വൈറ്റ് ഹൌസില്‍ വെച്ച് അമേരിക്കന്‍ പ്രസിഡന്റ് ബില്‍കിന്റന്‍റെ മധ്യസ്ഥതയില്‍ കരാര്‍ ഒപ്പിടുകയും ചെയ്തു. 1967 ലെ അറബ് യുദ്ധത്തില്‍ ഇസ്രയേല്‍ കയ്യേറിയ പ്രദേശങ്ങളില്‍ നിന്ന് പിന്‍മാറി ഗസ്സയും വെസ്റ്റ് ബാങ്കും ചേര്‍ത്ത് സ്വതന്ത്ര ഫലസ്തീന്‍ രാജ്യം രൂപീകരിക്കുക എന്നതായിരുന്നു കരാറിലെ വ്യവസ്ഥ. അതേ സമയം ഇരു രാജ്യങ്ങളും അവകാശ വാദം ഉന്നയിക്കുന്ന ജറൂസലേമിന്റെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കയും ചെയ്യാം എന്നും ധാരണയിലെത്തി. കരാര്‍ പ്രകാരം ഇസ്രായേലും പി.എല്‍.ഒയും പരസ്പരം അംഗീകരിക്കുകയും ചെയ്തു.

കരാറിന്റെ പേരില്‍ യാസര്‍ അറഫാത്തിനും ഇസ്ഹാഖ് റബീനും ഷിമോണ്‍ പെരസിനും ആ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിച്ചു. എന്നാല്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങാന്‍ സാധിച്ചില്ല. 1995ല്‍ ഇസ്ഹാഖ് റബിന്‍ വെടിയേറ്റു മരിച്ചതോടെ കരാറിലെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നത് മന്ദഗതിയിലായി. തുടര്‍ന്ന് വന്ന ഇസ്രായേല്‍ പ്രസിസഡന്റുമാര്‍ക്ക് ഈ സമാധാന ഫോര്‍മുലയോട് താത്പര്യമില്ലാത്തിനാല്‍ കരാര്‍ എങ്ങുമെത്താതെ കിടക്കുകയാണ്. മാത്രമല്ല കൂടുതല്‍ പ്രദേശങ്ങളില്‍ നിന്ന് ഫലസ്തീനികളെ ഒഴിവാക്കി ഇസ്രയേല്‍ അധിനിവേശം തുടര്‍ന്നുകൊണ്ടേയിരുന്നു. ഫലസ്തീന്‍ പ്രശ്നത്തിന്റെ അടിസ്ഥാന കാരങ്ങള്‍ ചര്‍ച്ചയാവാത്ത കരാറിനെക്കുറിച്ച് അന്ന് തന്നെ വിമര്‍ശനങ്ങളും ഉണ്ടായിരുന്നു.

Similar Posts