< Back
International Old
ചാരനില്‍ നിന്ന് ലോകത്തെ ഏറ്റവും സ്വാധീനമുള്ള മനുഷ്യനായ പുടിന്‍
International Old

ചാരനില്‍ നിന്ന് ലോകത്തെ ഏറ്റവും സ്വാധീനമുള്ള മനുഷ്യനായ പുടിന്‍

Web Desk
|
26 Sept 2018 3:20 PM IST

സോവിയറ്റ്‌ ചാരനില്‍ നിന്നും റഷ്യന്‍ ഭരണാധികാരിയിലേക്കുള്ള പുടിന്റെ വളര്‍ച്ച മുത്തശ്ശിക്കഥകളെ വെല്ലുന്നതാണ്‌.

സോവിയറ്റ്‌ യൂണിയന്‍റെ പതനത്തിന്‌ ശേഷം റഷ്യ കണ്ട ഏറ്റവും ശക്തനായ നേതാവാണ്‌ വ്‌ളാദിമിര്‍ പുടിന്‍. 1999മുതല്‍ റഷ്യയെ നയിക്കുന്നത്‌ പുടിനാണ്‌. ഈ വര്‍ഷമാദ്യമാണ്‌ പുടിന്‍ നാലാമതും റഷ്യന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്‌. സോവിയറ്റ്‌ ചാരനില്‍ നിന്നും റഷ്യന്‍ ഭരണാധികാരിയിലേക്കുള്ള പുടിന്റെ വളര്‍ച്ച മുത്തശ്ശിക്കഥകളെ വെല്ലുന്നതാണ്‌.

നിയമപഠനത്തിന്‌ ശേഷം 1975ലാണ്‌ പുടിന്‍ സോവിയറ്റ്‌ രഹസ്യാന്വേഷണ സംഘടനയായ കെ.ജി.ബിയില്‍ അംഗമാകുന്നത്‌. പരിശീലനത്തിനുശേഷം ലെനിൻ ഗ്രാദിൽ വിദേശികളെയും, നയതന്ത്രപ്രതിനിധികളെയും നിരീക്ഷിയ്ക്കുന്ന വിഭാഗത്തിലായിരുന്നു നിയമനം‍. പിന്നീട് 1985 മുതൽ 1990 വരെ കിഴക്കൻ ജർമ്മനിയിലെ ഡ്രെസ്ഡനിലും സേവനം അനുഷ്ഠിച്ചു. കിഴക്കൻ ജർമ്മനിയുടെ പതനത്തിനുശേഷം പുടിന്‍ സോവിയറ്റ് യൂണിയനിലേയ്ക്കു തിരിച്ചുവിളിയ്ക്കപ്പെട്ടു. ഇതോടെയാണ് പുടിന്‍റെ രാഷ്ട്രീയ കരിയറിനും തുടക്കമാകുന്നത്.

1991ല്‍ സെന്‍റ് പീറ്റേഴ്സ്ബര്‍ഗ് ഡെപ്യൂട്ടി മേയറായാണ് തുടക്കം. 1997ല്‍ റഷ്യന്‍ പ്രസിഡന്‍റ് ബോറിസ് യെത്സിന്‍ പുടിനെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫാക്കി. സോവിയറ്റ് യൂണിയന്‍റെ രഹസ്യപൊലീസായിരുന്ന കെജിബിയുടെ പിന്തുടര്‍ച്ച ഏജന്‍സിയായ ഫെഡറല്‍ സെക്യൂരിറ്റി സര്‍വ്വീസിന്‍റെ തലവനായി തൊട്ടടുത്ത വര്‍ഷം പുടിന്‍ നിയമിതനായി. അപ്രതീക്ഷിതമായി 1999ല്‍ യെത്സിന്‍ രാജിവെച്ചതോടെ പുടിന്‍ റഷ്യന്‍ പ്രസിഡന്‍റായി ഉയര്‍ത്തപ്പെട്ടു. പിന്നീട് 2000-ൽ നടന്ന റഷ്യൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ വിജയിച്ചു 2004-ൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച് 2008 വരെ റഷ്യന്‍ പ്രസിഡന്‍റായി തുടര്‍ന്നു.

രണ്ടുതവണയിൽ അധികം പ്രസിഡന്‍റാകാന്‍ റഷ്യന്‍ ഭരണഘടന അനുവദിക്കുന്നില്ല. ഇതോടെ ദിമിത്രി മെദ്‍വദേവ് പ്രസിഡന്‍റായെങ്കിലും പ്രധാനമന്ത്രിയായി 2008 മുതല്‍ 2012 വരെ പിന്‍സീറ്റ് ഭരണം തുടര്‍ന്നു. 2012-ൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെത്തുടർന്ന് പുടിൻ വീണ്ടും റഷ്യയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. റഷ്യയിലെ മാത്രമല്ല ലോകത്തെ തന്നെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളാണ് ഇപ്പോള്‍ പുടിന്‍.

Related Tags :
Similar Posts