< Back
International Old
ട്രംപുമായി കൂടിക്കാഴ്ചക്ക് സന്നദ്ധത അറിയിച്ച് വെനിസ്വേലന്‍ പ്രസിഡന്റ്
International Old

ട്രംപുമായി കൂടിക്കാഴ്ചക്ക് സന്നദ്ധത അറിയിച്ച് വെനിസ്വേലന്‍ പ്രസിഡന്റ്

Web Desk
|
28 Sept 2018 8:39 AM IST

വെനിസ്വേലയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ചര്‍ച്ചയെ സ്വാഗതം ചെയ്ത് നിക്കോളാസ് മദൂറോയും രംഗത്തെത്തിയത്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ചക്ക് തയ്യാറാണെന്ന് വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോ. അമേരിക്ക ആഗ്രഹിക്കുന്ന ഏത് വിഷയവും ചര്‍ച്ച ചെയ്യാമെന്നും മദുറോ വ്യക്തമാക്കി.

വെനിസ്വേലയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ചര്‍ച്ചയെ സ്വാഗതം ചെയ്ത് നിക്കോളാസ് മദൂറോയും രംഗത്തെത്തിയത്. അമേരിക്ക ആവശ്യപ്പെടുന്ന ഏത് വിഷയവും ചര്‍ച്ച ചെയ്യാമെന്നും മദൂറോ പറഞ്ഞു. വെനിസ്വേലയില്‍ ഭരണം അട്ടിമറിക്കാന്‍ അമേരിക്ക ശ്രമിക്കുന്നുവെന്ന് മദൂറോ നിരന്തരം ആരോപണമുന്നയിച്ചിരുന്നു.

എന്നാല്‍ വെനിസ്വേലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണെന്നാണ് അമേരിക്ക ആരോപിക്കുന്നത്. വീണ്ടുവിചാരമില്ലാതെ കറന്‍സി പ്രിന്റ് ചെയ്തത്, കറന്‍സി നിയന്ത്രണത്തിലെ പാളിച്ചകള്‍, ഭരണരംഗത്തെ വീഴ്ചകള്‍ എന്നിവയാണ് പ്രതിസന്ധിക്ക് കാരണമായി അമേരിക്ക ചൂണ്ടിക്കാണിക്കുന്നത്. കുടിയേറ്റ പ്രതിസന്ധി കെട്ടിച്ചമച്ചതാണെന്നും മാനുഷിക പ്രശ്നങ്ങൾ എന്ന് ചൂണ്ടിക്കാണിച്ച് അമേരിക്ക ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ ഭരണത്തില്‍ ഇടപെടാന്‍ ശ്രമിക്കുകയാണെന്ന് മദുറോ പറയുന്നു.

ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കവെയാണ് മദുറോ അമേരിക്കയെ രൂക്ഷമായി വിമര്‍ശിച്ചതും ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് സന്നദ്ധത അറിയിച്ചതും. കഴിഞ്ഞ മാസം വെനിസ്വേലയില്‍ പ്രസിഡന്റ് പങ്കെടുക്കുന്ന പരിപാടിക്കിടെ ഡ്രോണ്‍ ആക്രമണമുണ്ടായ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ യു.എന്‍ നിയമിക്കണമെന്നും മദുറോ ആവശ്യപ്പെട്ടു.

Similar Posts