< Back
International Old
ശ്രീലങ്കന്‍ പാര്‍ലമെന്‍റ് സസ്‍പെന്‍ഡ് ചെയ്തു
International Old

ശ്രീലങ്കന്‍ പാര്‍ലമെന്‍റ് സസ്‍പെന്‍ഡ് ചെയ്തു

Web Desk
|
27 Oct 2018 5:49 PM IST

ഇന്നലെയാണ് വിക്രമസിംഗെ സര്‍ക്കാരിനെ പുറത്താക്കി മഹീന്ദ രജപക്സെ പ്രധാനമന്ത്രിയായി അധികാരമേറ്റത്.

ശ്രീലങ്കന്‍ പാര്‍ലമെന്‍റ് പ്രസിഡന്‍റ് മൈത്രിപാല സിരിസേന സസ്‍പെന്‍ഡ് ചെയ്തു. രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നതിനിടെയാണ് പ്രസിഡന്‍റിന്‍റെ തീരുമാനം. ഇന്നലെയാണ് വിക്രമസിംഗെ സര്‍ക്കാരിനെ പുറത്താക്കി മഹീന്ദ രജപക്സെ പ്രധാനമന്ത്രിയായി അധികാരമേറ്റത്.

മഹീന്ദ രജപക്സെയുടെ അധികാരാരോഹണം ഭരണഘടനാ വിരുദ്ധമായാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. മാത്രമല്ല റെനില്‍ വിക്രമസിംഗെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരം തരാന്‍ പ്രസിഡന്‍റിനനോട് ആവശ്യപ്പെട്ടു. തനിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമുണ്ടെന്നാണ് പുറത്താക്കപ്പെട്ട പ്രധാനമന്ത്രിയുടെ വാദം. ഇതേ തുടര്‍ന്നാണ് പാര്‍ലമെന്‍റ് നടപടികള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ പ്രസിഡന്‍റ് സിരിസേന ഉത്തരവിട്ടത്. നവംബര്‍ 16 വരെ പാര്‍ലമെന്‍റിന്‍റെ എല്ലാ യോഗങ്ങളും പ്രസിഡന്‍റ് സസ്പെന്‍ഡ് ചെയ്തതായി പാര്‍ലമെന്‍ററി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തീരുമാനത്തിന് പിന്നാലെ രജപക്സെയുടെ അനുയായികള്‍ വിവിധ ശ്രീലങ്കന്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടു. നിലവിലെ പ്രതിസന്ധി വളരെ വേഗം പരിഹരിക്കപ്പെടുമെന്നാണ് ശ്രീലങ്കന്‍ പാര്‍ലമെന്‍റ് സ്പീക്കര്‍ കാരു ജയസൂര്യ പറഞ്ഞു. അതേസമയം, യൂറോപ്യന്‍ യൂണിയനും അമേരിക്കയുമുള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ ശ്രീലങ്കയിലെ ഭരണ പ്രതിസന്ധി ഉറ്റുനോക്കുന്നുണ്ട്. ഇന്നലെ പ്രസിഡന്‍റ് മൈത്രിപാല സിരിസേനയുടെ പാര്‍ട്ടി റെനില്‍ വിക്രമസിംഗെ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെയാണ് ശ്രീലങ്ക അസാധാരണമായ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങിയത്.

Similar Posts