< Back
International Old
ശ്രീലങ്കയില്‍ വിക്രമസിംഗയെ പിന്തുണച്ച് വന്‍ റാലി
International Old

ശ്രീലങ്കയില്‍ വിക്രമസിംഗയെ പിന്തുണച്ച് വന്‍ റാലി

Web Desk
|
31 Oct 2018 8:29 AM IST

ലക്ഷത്തിലധികം പേര്‍ റാലിയില്‍ പങ്കെടുത്തതായി വിക്രമസിംഗയുടെ യുനൈറ്റഡ് നാഷണല്‍ പാര്‍ട്ടി അവകാശപ്പെട്ടു. എന്നാല്‍ 25000 പേര്‍ മാത്രമാണ് പങ്കടുത്തതെന്ന് പൊലീസ് പറഞ്ഞു.

രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്ന ശ്രീലങ്കയില്‍ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റനില്‍ വിക്രമസിംഗയെ പിന്തുണച്ച് വന്‍ റാലി. പ്രസിഡന്റ് മൈത്രിപാല സിരിസേന നടത്തിയത് അട്ടിമറിയാണെന്നാരോപിച്ച് വിക്രമസിംഗെ നേതൃത്വം നല്‍കുന്ന യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയാണ് റാലി നടത്തിയത്.

ലക്ഷത്തിലധികം പേര്‍ റാലിയില്‍ പങ്കെടുത്തതായി വിക്രമസിംഗയുടെ യുനൈറ്റഡ് നാഷണല്‍ പാര്‍ട്ടി അവകാശപ്പെട്ടു. എന്നാല്‍ 25000 പേര്‍ മാത്രമാണ് പങ്കടുത്തതെന്ന് പൊലീസ് പറഞ്ഞു. രാഷ്ട്രീയ അട്ടിമറിക്കാണ് പ്രസിഡന്റ് മൈത്രിപാല സിരിസേന നേതൃത്വം നല്‍കിയിരിക്കുന്നതെന്ന് റാലിയില്‍ വിക്രമസിംഗെ കുറ്റപ്പെടുത്തി. ഭരണനിര്‍വഹണ അധികാരം ഭരണഘടനാവിരുദ്ധമായി പിടിച്ചെടുക്കുകയാണ് സിരിസേന ചെയ്തിരിക്കുന്നത്. പാര്‍ലമെന്റിന്റെ അവകാശങ്ങള്‍ അദ്ദേഹം ഹനിച്ചിരിക്കുന്നുവെന്നും വിക്രമസിംഗെ ആരോപിച്ചു.

225 അംഗ പാര്‍ലമെന്റില്‍ 113 എന്ന കേവല ഭൂരിപക്ഷത്തിനായി 18 എംപിമാരുടെ പിന്തുണ കൂടി രജപക്‌സെക്ക് വേണം. ഇത്രയും പേരെ മറുവശത്തുനിന്ന് അടര്‍ത്തിയെടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. മുഖ്യ തമിഴ് രാഷ്ട്രീയകക്ഷിയായ തമിഴ് നാഷനല്‍ അലയന്‍സ് നേതാക്കള്‍ ഇന്നലെ രജപക്‌സെയുമായി കൂടിക്കാഴ്ച നടത്തി. വിശ്വാസ വോട്ടെടുപ്പ് നടത്തിയാല്‍ 16 അംഗങ്ങളുള്ള ടി.എന്‍.എയുടെ നിലപാട് നിര്‍ണായകമാവും. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന രാഷ്ട്രീയ അട്ടിമറിയിലൂടെ പ്രസിഡന്റ് സിരിസേന പ്രധാനമന്ത്രിയായിരുന്ന റനില്‍ വിക്രമസിംഗയെ പുറത്താക്കി രജപക്‌സയെ അധികാരത്തിലെത്തിക്കുകയായിരുന്നു.

Similar Posts