< Back
International Old
കുടിയേറ്റം തടയാന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സെെന്യത്തെ വിന്യസിക്കുമെന്ന് ട്രംപ്; രാഷ്ട്രീയ നാടകമെന്ന് വിമര്‍ശനം
International Old

കുടിയേറ്റം തടയാന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സെെന്യത്തെ വിന്യസിക്കുമെന്ന് ട്രംപ്; രാഷ്ട്രീയ നാടകമെന്ന് വിമര്‍ശനം

Web Desk
|
1 Nov 2018 8:44 AM IST

അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ അടക്കമുള്ള സംഘടനകള്‍, ട്രംപ് സൈന്യത്തെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്ന വിമര്‍ശനവുമായി രംഗത്തെത്തി.

കുടിയേറ്റം തടയാന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ പട്ടാളത്തെ വിന്യസിക്കുമെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസി‍ഡന്റ് ഡോണ‍ള്‍ഡ് ട്രംപ്. എന്നാല്‍ കുടിയേറ്റക്കാര്‍ക്കെതിരായി ട്രംപ് സ്വീകരിക്കുന്ന നടപടികള്‍ വരുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തുന്ന രാഷ്ട്രീയ നാടകമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

മെക്സിക്കന്‍ അതിര്‍ത്തിയില്‍ 15000 സൈനികരെ നിയമിക്കുമെന്നാണ് ഏറ്റവും ഒടുവിലായി ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. തെക്കന്‍ അതിര്‍ത്തിയില്‍ 7000 പട്ടാളക്കാരെ മുഴുവന്‍ സമയവും സജീവമായി പ്രവര്‍ത്തിക്കാന്‍ സജ്ജരായും 2000 പേരെ അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ സജ്ജരായും വിന്യസിക്കുമെന്ന് പെന്റഗണും വ്യക്തമാക്കി. എന്നാല്‍ ഇതെല്ലാം വരുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ അടവാണെന്നാണ് പൊതുവെയുള്ള വിമര്‍ശനം.

അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ അടക്കമുള്ള സംഘടനകള്‍ സൈന്യത്തെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്ന വിമര്‍ശനവുമായി രംഗത്തെത്തി. എന്നാല്‍ ഈ ആരോപണം പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് നിഷേധിച്ചു.

ഇറാഖില്‍ അമേരിക്ക നിയോഗിച്ച സൈനിക ബലത്തിന് തുല്യമായ സൈന്യം തന്നെയാണ് മെക്സിക്കോ അതിര്‍ത്തിയിലുമുള്ളത്. ഇങ്ങനെയൊക്കെയാണെങ്കിലും മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം ഇപ്പോഴും ശക്തമായി തുടരുകയാണ്. കഴിഞ്ഞ ദിവസവും നൂറിലധികം പേരാണ് അതിര്‍ത്തി കടക്കാനെത്തിയത്. ആറായിരത്തോളം പേര്‍ മെക്സിക്കോയിലെത്തിയതായും ഇതില്‍ 2200 പേര്‍ രാജ്യത്ത് അഭയം തേടിയതായും മെക്സിക്കോയുടെ ആഭ്യന്തര മന്ത്രി അല്‍ഫോണ്‍സോ നവറെറ്റെ അറിയിച്ചു. 700 പേര്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar Posts