< Back
International Old
ശ്രീലങ്കയില്‍ ഒടുവില്‍ പാര്‍ലമെന്‍റ് വിളിച്ച് ചേര്‍ക്കാന്‍ ഉത്തരവിട്ട് മൈത്രിപാല സിരിസേന
International Old

ശ്രീലങ്കയില്‍ ഒടുവില്‍ പാര്‍ലമെന്‍റ് വിളിച്ച് ചേര്‍ക്കാന്‍ ഉത്തരവിട്ട് മൈത്രിപാല സിരിസേന

Web Desk
|
5 Nov 2018 10:01 AM IST

പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയെ പുറത്താക്കി മഹീന്ദ്ര രാജപക്സയെ പ്രധാനമന്ത്രിയാക്കിയതോടെയാണ് ശ്രീലങ്കയില്‍ രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തത്.

രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ ഒടുവില്‍ പാര്‍ലമെന്‍റ് വിളിച്ച് ചേര്‍ക്കാന്‍ ഉത്തരവിട്ട് പ്രസിഡന്റ് മൈത്രിപാല സിരിസേന. പത്ത് ദിവസത്തിനകം പാര്‍ലമെന്‍റ് ചേരാനാണ് പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കിയത്. സ്വന്തം പാര്‍ട്ടിയില്‍ നിന്നടക്കം എതിര്‍പ്പ് ശക്തമായ സാഹചര്യത്തിലാണ് പ്രസിഡന്റ് പാര്‍ലമെന്‍റ് വിളിച്ച് ചേര്‍ക്കുന്നത്.

പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയെ പുറത്താക്കി മഹീന്ദ്ര രാജപക്സയെ പ്രധാനമന്ത്രിയാക്കിയതോടെയാണ് ശ്രീലങ്കയില്‍ രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തത്. പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ യുനൈറ്റഡ് നാഷണല്‍ പാര്‍ട്ടി നേതാവുമായ റെനില്‍ വിക്രമസിംഗെക്ക് തന്റെ കക്ഷിയായ യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സ് നല്‍കി വന്നിരുന്ന പിന്തുണയും സിരിസേന പിന്‍വലിച്ചു.

നവംബര് 16 വരെ പാര്‍ലമെന്റ് നടപടികള്‍ നിര്‍ത്തി വെക്കുന്നതായും സിരിസേന പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും സമ്മര്‍ദ്ദം ശക്തമായതോടെയാണ് പത്ത് ദിവസത്തിനകം പാര്‍ലമെന്റ് വിളിച്ച് ചേര്‍ക്കാന്‍ ഇന്നലെ സിരിസേന ഉത്തരവിട്ടത്. പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഇരു കക്ഷികള്‍ക്കും അവസരം നല്‍കണമെന്ന് സ്പീക്കര്‍ ജയസൂര്യയും ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് നേരത്തെ നിശ്ചയിച്ചതിന് രണ്ട് ദിവസം മുമ്പ് ഈ മാസം 14ന് ശ്രീലങ്കന്‍ പാര്‍ലമെന്റ് ചേരും.

പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടങ്കിലും ഇതംഗീകരിക്കാത്ത റെനില്‍ വിക്രമസിംഗ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിയാന്‍ ഇനിയും തയ്യാറായിട്ടില്ല. നിരാശരായ തന്റെ അണികള്‍ അക്രമത്തിന് മുതിര്‍ന്നേക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിരുന്നു. പാര്‍ലമെന്റില്‍ ഭൂരിപക്ഷം ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് വിക്രമസിംഗെ.

Similar Posts