< Back
International Old
പ്രധാനമന്ത്രിയാര്? ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ കയ്യാങ്കളി
International Old

പ്രധാനമന്ത്രിയാര്? ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ കയ്യാങ്കളി

Web Desk
|
15 Nov 2018 7:20 PM IST

തുടര്‍ന്നാണ് ശബ്ദവോട്ടില്‍ അവിശ്വാസം പാസായതായി സ്പീക്കര്‍ പ്രഖ്യാപിച്ചത്. ഇതോടെ അംഗങ്ങള്‍ തമ്മിലുള്ള കയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയായിരുന്നു.

പ്രധാനമന്ത്രിയാരെന്ന തര്‍ക്കം തുടരുന്ന ശ്രീലങ്കയില്‍ പാര്‍ലമെന്റിനകത്ത് അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. മഹിന്ദ രജപക്‌സെയുടെ സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു സംഘര്‍ഷം ആരംഭിച്ചത്. ശബ്ദവോട്ടോടെ പ്രമേയം പാസ്സാക്കിയതിനെതിരെ മഹിന്ദ രജപക്‌സെ അനുകൂലികള്‍ രംഗത്തെത്തിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.

ഒക്ടോബര്‍ 26 ന് പ്രസിഡന്റ് മൈത്രിപാല സിരിസേന നിയമിച്ച മഹിന്ദെ രജപക്‌സെ ഇന്നലെ പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയത്തില്‍ തോല്‍ക്കുകയായിരുന്നു. ഇതോടെ ഫലത്തില്‍ രജപക്‌സെ അധികാരത്തില്‍ നിന്നും പുറത്തായി. 26 ന് സിരിസേന പുറത്താക്കിയ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ഇപ്പോഴും തീരുമാനം അംഗീകരിച്ചിട്ടില്ല. മാത്രമല്ല രജപക്‌സെ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഒക്ടോബര്‍ 26 നു മുന്‍പുണ്ടായിരുന്ന സര്‍ക്കാര്‍ തുടരുമെന്ന് റനില്‍ വിക്രമസിംഗെ ട്വീറ്റ് ചെയ്തിരുന്നു.

അവിശ്വാസപ്രമേയം പാസായി പുറത്തായ സാഹചര്യത്തില്‍ പുതിയ പ്രധാനമന്ത്രിയും മന്ത്രിസഭയും ചുമതലയേല്‍ക്കേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്. പ്രസിഡന്റാണ് പ്രധാനമന്ത്രിയെ നിര്‍ദേശിക്കേണ്ടത്. ഒരിക്കല്‍ പുറത്താക്കിയ റനിലിനെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ പ്രസിഡന്റ് സിരിസേന തയാറാവില്ലെന്നത് പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുന്നു.

യുണൈറ്റഡ് നാഷനല്‍ പാര്‍ട്ടി (യു.എന്‍.പി) അംഗം ലക്ഷ്മണ്‍ കിരിയേല ആണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. വോട്ടെടുപ്പിനു തൊട്ടുമുന്‍പ് രജപക്‌സെ പ്രധാനമന്ത്രിയുടെ ചേംബറില്‍നിന്നു പോയി. ഇതിന് പിന്നാലെ രജപക്സെ അനുകൂലികള്‍ ബഹളം വെക്കുകയും വോട്ടെടുപ്പു തടസപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്നാണ് ശബ്ദവോട്ടില്‍ അവിശ്വാസം പാസായതായി സ്പീക്കര്‍ പ്രഖ്യാപിച്ചത്. ഇതോടെ അംഗങ്ങള്‍ തമ്മിലുള്ള കയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാര്‍ലമെന്റ് പിരിച്ചുവിട്ടതായും ജനുവരി 5ന് തിരഞ്ഞെടുപ്പു നടക്കുമെന്നും പ്രസിഡന്റ് സിരിസേന പ്രഖ്യാപിച്ചത്. രാജപക്‌സെക്ക് ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്ന സൂചനയില്‍ നടത്തിയ ഈ നീക്കം ചൊവ്വാഴ്ച സുപ്രീം കോടതി സ്റ്റേ ചെയ്യുകയും ചെയ്തു. അടുത്തമാസം ഏഴു വരെയാണ് സ്‌റ്റേ. എന്നാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്നും ഉറപ്പില്ലാത്ത അവസ്ഥയില്‍ ആരാണ് പ്രധാനമന്ത്രിയെന്ന കാര്യത്തില്‍ പോലും ഉറപ്പില്ലാത്ത അവസ്ഥയിലാണ് ശ്രീലങ്കക്കാര്‍.

Similar Posts