< Back
International Old
സ്വപ്നങ്ങളില്‍ ഞാന്‍ എന്റെ മകനെ കാണുന്നു: നോവുന്ന ശ്രീലങ്കന്‍ തമിഴ് ജീവിതങ്ങളിലൂടെ.....  
International Old

സ്വപ്നങ്ങളില്‍ ഞാന്‍ എന്റെ മകനെ കാണുന്നു: നോവുന്ന ശ്രീലങ്കന്‍ തമിഴ് ജീവിതങ്ങളിലൂടെ.....  

Web Desk
|
25 Nov 2018 9:49 PM IST

ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധം അവസാനിച്ച് ഒന്‍പത് വര്‍ഷത്തിന് ശേഷവും അപ്രത്യക്ഷമായവര്‍ രാജ്യത്തെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. 1983നും 2009നും ഇടയില്‍ 65,000ത്തിലധികം പേര്‍ കാണാതായിരിക്കുന്നു.  

കാണാതായവരുടെ തമിഴ് കുടുംബങ്ങളുടെ പ്രത്യാശയും ശക്തിയും പ്രതിഫലിക്കുന്ന ചിത്രങ്ങളാണ് മാര്‍ക്കോ വല്ലെയുടേത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മാനുവല്‍ ഉദചന്ദ്രയുടെ മകനെ ശ്രീലങ്കന്‍ സൈന്യം കൊണ്ടുപോയി ചോദ്യം ചെയ്യുന്നത്. പിന്നീട് അവര്‍ തന്റെ മകനെ ഒരിക്കലും കണ്ടിട്ടില്ല. മകനു വേണ്ടിയുള്ള കാത്തിരിപ്പ് ഉദചന്ദ്ര അവസാനിപ്പിച്ചിട്ടുമില്ല. ഈ വര്‍ഷം അവര്‍ പ്രാദേശിക തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുകയുണ്ടായി. അപ്രത്യക്ഷമായവരുടെ കുടുംബാംഗങ്ങളുടെ ശബ്ദമായിത്തീരാനാണ് അവര്‍ ആഗ്രഹിക്കുന്നത്.
കൊളംബോയെ ബദുല്ല ജില്ലയുമായി ബന്ധിപ്പിക്കുന്ന റെയില്‍ പാളത്തിലൂടെ രണ്ടുപേര്‍ നടക്കുന്നു. ശ്രീലങ്കയിലെ ഇപ്പോഴത്തെ ജനസംഖ്യയില്‍ 74 ശതമാനവും സിംഹളരാണ്. അവശേഷിക്കുന്നവരില്‍ തമിഴര്‍ പതിനെട്ട് ശതമാനവും അറബികള്‍ ഏഴ് ശതമാനവും വെദ്ദ ഒരു ശതമാനവുമാണ്.
കഴിഞ്ഞ 349 ദിവസങ്ങളായി കിരിമ്പാഞ്ചിയിലെ ശാന്തിനഗരത്തില്‍ താമസിക്കുന്നവര്‍ ഗവണ്‍മെന്റിനെതിരായ പ്രതിഷേധത്തിലാണ്. കാണാതായവരുടെ പട്ടികയിലുള്ള കുട്ടികളെ മോചിപ്പിക്കുക, രഹസ്യ തടവറകളില്‍ പ്രവേശിക്കുന്നതിനുള്ള അനുമതി നല്‍കുക, രാഷ്ട്രീയ തടവുകാരുടെ മോചനം, വടക്കന്‍ പ്രദേശങ്ങളിലെ സൈന്യത്തെ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിന്റെ 365-ാം ദിവസം അവര്‍ നിരാഹാര സമരം തുടങ്ങാനിരിക്കുകയാണ്.
വടക്കന്‍ ശ്രീലങ്കയിലെ ജാഫ്‌ന ഉപദ്വീപിലെ ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന വീട്. ശ്രീലങ്കന്‍ ഗവണ്‍മെന്റ് പിടിച്ചടക്കിയതും കൈവശപ്പെടുത്തിയതുമായ തമിഴ് ഭൂമികളും സ്വത്തുക്കളും ഇപ്പോഴും ഉടമസ്ഥര്‍ക്ക് തിരികെ നല്‍കിയിട്ടില്ല.
മാന്നാര്‍ ജില്ലയില്‍ നിന്ന് കാണാതായവരുടെ ചിത്രങ്ങളും ഫയലുകളും. 65,000 പേരെ കാണാതായതായി വിദേശകാര്യ മന്ത്രാലയം സമ്മതിക്കുന്നുണ്ട്. എന്നാല്‍ അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ഒരു ലക്ഷത്തോളം വരുന്നവരെ പട്ടാളവും അര്‍ദ്ധസൈനിക വിഭാഗങ്ങളും തട്ടിക്കൊണ്ടുപോവുകയും അറസ്റ്റുചെയ്യുകയും ചെയ്തിട്ടുണ്ട്.
Similar Posts