< Back
International Old
പശുക്കള്‍ക്കിടയിലെ കാളക്കൂറ്റന്‍
International Old

പശുക്കള്‍ക്കിടയിലെ കാളക്കൂറ്റന്‍

Web Desk
|
28 Nov 2018 1:38 PM IST

പശുക്കളുടെ കൂട്ടങ്ങളെ നിയന്ത്രിക്കുകയും മേയ്ക്കുകയുമാണ് നിക്കേഴ്‌സിന്റെ ചുമതലയെന്ന് ഉടമയായ ജിയോഫ് പിയേഴ്‌സണ്‍ പറയുന്നു. ഒരു വയസു തികയുന്നതിന് മുമ്പേ ഈ നേതാവിന്റെ ജോലി നിക്കേഴ്‌സിന് ലഭിച്ചു

സാധാരണ പശുക്കള്‍ നിക്കേഴ്‌സിനൊപ്പം നല്‍ക്കുന്ന ചിത്രം കണ്ടാല്‍ പലര്‍ക്കും അത്ഭുതം തോന്നും. കാരണം ഈ കാളക്കൂറ്റന്റെ കാലിന്റെ ഉയരം പോലുമില്ല മറ്റു പശുക്കള്‍ക്ക്. കിഴക്കന്‍ ആസ്‌ത്രേലിയയില്‍ നിന്നുള്ള ഈ കൂറ്റന്‍ കാളയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വലിപ്പം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നത്.

194 സെന്റിമീറ്റര്‍(6അടി 4ഇഞ്ച്) ഉയരവും 1400 കിലോഗ്രാം ഭാരവുമുണ്ട് നിക്കേഴ്‌സ് എന്നു വിളിക്കുന്ന ഈ കൂറ്റന്. പശുക്കളുടെ കൂട്ടങ്ങളെ നിയന്ത്രിക്കുകയും മേയ്ക്കുകയുമാണ് നിക്കേഴ്‌സിന്റെ ചുമതലയെന്ന് ഉടമയായ ജിയോഫ് പിയേഴ്‌സണ്‍ പറയുന്നു. ഒരു വയസു തികയുന്നതിന് മുമ്പേ ഈ നേതാവിന്റെ ജോലി നിക്കേഴ്‌സിന് ലഭിച്ചു. വലിപ്പംകൊണ്ട് വമ്പനായതുകൊണ്ടുതന്നെ നിക്കേഴ്‌സിനെ അനുസരിക്കാന്‍ മറ്റു പശുക്കള്‍ മടിക്കാറുമില്ല. ഇപ്പോള്‍ ഏഴ് വയസുകഴിഞ്ഞു നിക്കേഴ്സിന്.

ചെറുപ്പം മുതലേ മറ്റു കാളകളെ അപേക്ഷിച്ച് നിക്കേഴ്‌സിന് വലിപ്പം കൂടുതലുണ്ടായിരുന്നെന്ന് ഉടമ പറയുന്നു. വമ്പനാണെന്നു കരുതി അക്രമസ്വഭാവമില്ലെന്നും ശാന്തശീലനാണ് നിക്കേഴ്‌സെന്നുമാണ് പിയേഴ്‌സന്റെ സാക്ഷ്യം. ഇറച്ചിക്ക് വേണ്ടി വളര്‍ത്തുന്ന പശുക്കളെ മേയ്ക്കുന്ന കാളയാണ് നിക്കേഴ്‌സ്. വരിയുടച്ച ഇത്തരം കാളകളെ പിന്നീട് അറവുകാര്‍ക്ക് നല്‍കുകയാണ് പതിവ്. എന്നാല്‍ നിക്കേഴ്‌സിന്റെ കാര്യത്തില്‍ അതിലും ഇളവുണ്ട്. കാരണം ഇത്രയേറെ വലിപ്പമുള്ള കാളയെ മാംസമാക്കി മാറ്റാനുള്ള യന്ത്രങ്ങളുടെ അപര്യാപ്തത തന്നെ. അതുകൊണ്ട് തന്റെ ജീവിതാവസാനംവരെ പുല്‍മേടുകളില്‍ ഈ കാളക്കൂറ്റന്‍ മേഞ്ഞു നടക്കും.

ഇരുപതിനായിരത്തോളം കാലികളുണ്ട് പിയേഴ്‌സന്റെ ഫാമില്‍. അദ്ദേഹത്തിന്റെ അനുഭവം വെച്ച് കുറച്ച് വര്‍ഷങ്ങള്‍ കൂടി മാത്രമേ ഈ കാളക്കൂറ്റന് ആയുസുള്ളൂ. എന്നാല്‍ ഏറ്റവും വലിയ കാളക്കൂറ്റന്റെ റെക്കോഡ് ബെല്ലിനോ എന്നു പേരുള്ള കാളയുടെ പേരിലാണ്. 2010ല്‍ ഇറ്റലിയില്‍ ജീവിച്ചിരുന്ന ഈ കാളയ്ക്ക് 2.027 മീറ്ററായിരുന്നു ഉയരം

Related Tags :
Similar Posts