< Back
International Old
കാലാവസ്ഥ വ്യതിയാനം നരകിപ്പിക്കുക ഈ ഭൂഖണ്ഡത്തെ... വിളിച്ചുവരുത്തുന്നത് മാരക രോഗങ്ങളെ
International Old

കാലാവസ്ഥ വ്യതിയാനം നരകിപ്പിക്കുക ഈ ഭൂഖണ്ഡത്തെ... വിളിച്ചുവരുത്തുന്നത് മാരക രോഗങ്ങളെ

Web Desk
|
30 Nov 2018 9:28 AM IST

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 27 സ്ഥാപനങ്ങളിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഗൌരവകരമായ കണ്ടെത്തലുകള്‍ ഉള്ളത്. 

കാലാവസ്ഥ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് യൂറോപ്പിനെയെന്ന് പഠനം. ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതയെയും ആരോഗ്യത്തെയും കാലാവസ്ഥാ വ്യതിയാനം സാരമായി ബാധിക്കുന്നതായാണ് കണ്ടെത്തല്‍.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 27 സ്ഥാപനങ്ങളിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഗൌരവകരമായ കണ്ടെത്തലുകള്‍ ഉള്ളത്. ആഗോള താപനിലയിലുണ്ടാകുന്ന വര്‍ധനവ് പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് സാരമായി ബാധിക്കുക യൂറോപ്യന്‍ വന്‍കരയെയാകും. കൂടിയ തോതിലുള്ള നഗരവത്കരണമാണ് ഇതിന് പ്രധാനകാരണം.

കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം പെട്ടെന്ന് ബാധിക്കുന്നത് പ്രായമേറിയവരെയാണ്. ആയുര്‍ദൈര്‍ഘ്യം കൂടുതലുള്ള യൂറോപ്പില്‍ 42 ശതമാനം വൃദ്ധരും കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നു. ഏഷ്യയില്‍ ഇത് 34 ശതമാനമാണ്. ഗര്‍ഭസ്ഥ ശിശുക്കളും കാലാവസ്ഥാ മാറ്റത്തിന്റെ ഇരകളാണ്. യൂറോപ്പാണ് ഇക്കാര്യത്തിലും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. പൊതുജനാരോഗ്യത്തെയും ഉദ്പാദന ക്ഷമതയെയും ചൂടുകൂടുന്നത് സാരമായി ബാധിക്കുന്നുണ്ട്.

തൊഴില്‍ ക്ഷമത ഗണ്യമായി കുറയുന്നു. 153 ബില്യണ്‍ മണിക്കൂര്‍ തൊഴില്‍ സമയമാണ് കഴിഞ്ഞ വര്‍ഷം മാത്രം ലോകത്താകെ നഷ്ടമായത്. കാര്‍ഷിക ഉദ്പാദനത്തിലും സാരമായ കുറവുണ്ട്. പകര്‍ച്ചവ്യാധികള്‍ക്കും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം ഒരു പ്രധാന കാരണമാണ്. ഉദാഹരണത്തിന് 1950 കളേതിനേക്കാള്‍ ഡങ്കി വൈറസിന് എട്ട് ശതമാനത്തോളം കരുത്ത് കൂടി. സിക, ഡെങ്കി, ചിക്കുന്‍ഗുനിയ തുടങ്ങിയ വൈറസുകള്‍ പരത്തുന്ന ഈഡിസ് കൊതുകള്‍ വ്യാപകമായി പെരുകി. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഡങ്കി പടര്‍ന്നുപിടിച്ചത് 2016 ല്‍ ആയിരുന്നു. ഇതും ഈ റിപ്പോര്‍ട്ടിനോട് ചേര്‍ത്ത് വായിക്കണം.

അന്തരീക്ഷ മലിനീകരണവും കാലാവസ്ഥ വ്യതിയാനവും പ്രതിരോധിച്ചില്ലെങ്കില്‍ പ്രശ്നങ്ങള്‍ സങ്കീര്‍ണമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Related Tags :
Similar Posts