
ഇസ്രയേലിനെ വിമര്‍ശിച്ച ലേഖകനുമായുള്ള കരാര്‍ സി.എന്‍.എന്‍ റദ്ദാക്കി
|കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് ഇസ്രയേലിനും ജൂതരുടെ കീഴിലുള്ള ആന്‍റി ഡിഫമേഷന്‍ ലീഗ് എന്ന സംഘടനക്കും എതിരെ മാര്‍ക്ക് ലമോന്‍റ് ശക്തമായി രംഗത്ത് എത്തിയത്.
ഇസ്രയേലിനെ വിമര്‍ശിച്ച് പ്രസംഗിച്ചതിന് പിന്നാലെ ലേഖകനുമായുള്ള കരാര്‍ സി.എന്‍.എന്‍ റദ്ദാക്കി. രാഷ്ട്രീയകാര്യ ലേഖകനായ മാര്‍ക്ക് ലമോന്‍റ് ഹില്ലുമായുള്ള കരാറാണ് കമ്പനി കാരണം കാണിക്കാതെ റദ്ദാക്കിയത്.
കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് ഇസ്രയേലിനും ജൂതരുടെ കീഴിലുള്ള ആന്‍റി ഡിഫമേഷന്‍ ലീഗ് എന്ന സംഘടനക്കും എതിരെ മാര്‍ക്ക് ലമോന്‍റ് ശക്തമായി രംഗത്ത് എത്തിയത്. ഇസ്രയേല്‍ അക്രമത്തിന്‍റെ രാജ്യമാണെന്നും വംശഹത്യ നടത്തുന്നവരാണെന്നുമായിരുന്നു പ്രസംഗത്തിലെ വാക്കുകള്‍. ഫലസ്തീനെ ഇല്ലാതാക്കിക്കൊണ്ടുള്ള ഏകരാഷ്ട്ര പരിഹാരത്തിന്‍റെ വക്താക്കളാണ് ഇസ്രയേലെന്നും അദ്ദേഹം ആഞ്ഞടിച്ചു.

ഇതിന് പിന്നാലെയാണ് മാര്‍ക്ക് ലമോന്‍റ് ഹില്ലുമായുള്ള കോണ്‍ട്രാക്ട് അവസാനിപ്പിക്കുകയാണെന്ന് ചാനല്‍ പ്രസ്താവനയിലൂടെ അറിയിച്ചത്. എന്നാല്‍ കരാര്‍ റദ്ദാക്കിയതിനു പിന്നിലെ കാരണം എന്താണെന്ന് പ്രസ്താവനയില്‍ പറയുന്നില്ല. ഫിലാഡല്‍ഫിയയിലെ ടെംപിള്‍ സര്‍വകലാശാലയില്‍ മീഡിയ സ്റ്റഡീസിലെ പ്രൊഫസര്‍ കൂടിയാണ് ലമോന്‍റ്.
മനുഷ്യാവകാശ സംഘടനയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ജൂത സംഘടനയായ ആന്‍റി ഡിഫമേഷന്‍ ലീഗ് അറബ്, മുസ്‍ലിം, ഫലസ്തീന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ചതാണ്. 1993 ല്‍ സംഘടനയുടെ സാന്‍ഫ്രാന്‍സിസ്കോ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ നിരവധി ക്രമവിരുദ്ധ രേഖകള്‍ അമേരിക്കന്‍ പൊലീസ് പിടിച്ചെടുത്തിരുന്നു.
സി.എന്‍.എന്‍ കരാര്‍ റദ്ദാക്കിയതിന് പിന്നാലെയും പരമാര്‍ശത്തില്‍ തെറ്റില്ലെന്ന് ഹില്‍ ആവര്‍ത്തിച്ചു. സ്വതന്ത്ര ഫലസ്തീനെ പിന്തുണക്കുന്നുവെന്നും എന്നാല്‍ ജൂതരെ നശിപ്പിക്കണമെന്ന ആശയം തനിക്കില്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു.