
മ്യാന്‍മര്‍ റോഹിങ്ക്യകളോട് കനിയുമോ ?
|സൈനിക നടപടിയെ തുടര്‍ന്ന് 2017 സെപ്തംബറിന് ശേഷം മ്യാന്‍മറില്‍ നിന്നും ഏഴ് ലക്ഷത്തിലധികം റോഹിങ്ക്യന്‍ അഭയാര്‍ഥികളാണ് അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്.
ബംഗ്ലാദേശില്‍ കഴിയുന്ന റോഹിങ്ക്യകളുടെ മടങ്ങിപ്പോക്കില്‍ അനിശ്ചിതത്വം തുടരുന്നു. മ്യാന്‍മര്‍ പൌരത്വം നല്‍കാതെ റോഹിങ്ക്യകള്‍ മടങ്ങിപോകില്ലെന്ന് മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കി. ഈ വര്‍ഷം നവംബര്‍ 15 വരെ 14,922 റോഹിങ്ക്യകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്.

സൈനിക നടപടിയെ തുടര്‍ന്ന് 2017 സെപ്തംബറിന് ശേഷം മ്യാന്‍മറില്‍ നിന്നും ഏഴ് ലക്ഷത്തിലധികം റോഹിങ്ക്യന്‍ അഭയാര്‍ഥികളാണ് അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. കോക്സ് ബസാറിലാണ് ഇവര്‍ക്കായി താമസസൌകര്യം ഒരുക്കിയിരുന്നത്. ഏകദേശം പത്ത് ലക്ഷം റോഹിങ്ക്യകളാണ് കോക്സ് ബസാറില്‍ നിലവില്‍ കഴിയുന്നത്. ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ നവംബര്‍ 15 വരെയുള്ള കണക്ക് പ്രകാരം 14,922 റോഹിങ്ക്യകളാണ് പുതുതായി ബംഗ്ലാദേശിലേക്ക് എത്തിയത്.

അക്രമവും കൊള്ളവും ബലാത്സംഗവും പീഡനവും സഹിക്കവയ്യാതെയാണ് ഇവര്‍ സ്വന്തം നാട് വിട്ടത്. പത്ത് ലക്ഷത്തിലധികം ആളുകള്‍ക്ക് അഭയം നല്‍കുന്നയെന്നത് ബംഗ്ലാദേശിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നു. ഈ ഘട്ടത്തിലാണ് ബംഗ്ലാദേശ് മ്യാന്‍മര്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തുകയും റോഹിങ്ക്യകളെ തിരികെ നാട്ടിലെത്തിക്കാനുള്ള കരാറിലേര്‍പ്പെടുകയും ചെയ്തത്. എന്നാല്‍ യു.എന്നും മനുഷ്യാവകാശ സംഘടനകളും ഈ കരാറിനെ ശക്തമായി എതിര്‍ത്തു. കരാര്‍ പ്രകാരമുള്ള റോഹിങ്ക്യകളുടെ മടങ്ങിപ്പോക്ക് ഇതോടെ പ്രതിസന്ധിയിലായി. യാതൊരു ഉറപ്പുമില്ലാതെ റോഹിങ്ക്യകള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോയാല്‍ വീണ്ടും വംശഹത്യക്ക് സാധ്യത കൂടുതലാണെന്ന് യു.എന്‍ വ്യക്തമാക്കി. രാജ്യത്തെ പൌരന്‍മാരായി റോഹിങ്ക്യകളെ അംഗീകരിച്ചാല്‍ മാത്രമേ മടക്കമുണ്ടാകൂവെന്ന നിലപാടിലാണ് മനുഷ്യാവകാശ സംഘടനകളും യു.എന്നും. ഈ സാഹചര്യത്തില്‍ മ്യാന്‍മര്‍ എടുക്കുന്ന നിലപാട് ഏറെ നിര്‍ണായകമാകും.