< Back
International Old
സ്പെയിനില്‍ 18കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ ശിക്ഷാവിധി പ്രാദേശിക കോടതി ശരിവെച്ചു
International Old

സ്പെയിനില്‍ 18കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ ശിക്ഷാവിധി പ്രാദേശിക കോടതി ശരിവെച്ചു

ടി. മുഹമ്മദ്​ വേളം
|
6 Dec 2018 2:26 PM IST

2016ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പാംപലോണയിലെ സാന്‍ ഫെര്‍മിന്‍ ഫെസ്റ്റിവലിനിടയിലാണ് 18കാരിയെ 5 പേര്‍ ചേര്‍ന്ന് കൂട്ട ബലത്സംഗത്തിനിരയാക്കിയത്.

സ്പെയിനില്‍ ഒട്ടേറ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ച കൂട്ട ബലാത്സംഗ കേസിലെ ശിക്ഷാവിധി പ്രാദേശിക കോടതി ശരിവെച്ചു. 18കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ 5 പ്രതികള്‍ക്കും 9 വര്‍ഷം തടവ്. എന്നാല്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് ആയിരങ്ങള്‍ തെരുവില്‍ ഇറങ്ങി.

2016ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പാംപലോണയിലെ സാന്‍ ഫെര്‍മിന്‍ ഫെസ്റ്റിവലിനിടയിലാണ് 18കാരിയെ 5 പേര്‍ ചേര്‍ന്ന് കൂട്ട ബലത്സംഗത്തിനിരയാക്കിയത്. സംഭവത്തെ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ഹാസ്യവത്കരിക്കുകയും ചെയ്തു. ചെന്നായക്കൂട്ടം എന്നായിരുന്നു പ്രതികള്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്. ലൈംഗിക പീഡനങ്ങള്‍ക്ക് ചെറിയശിക്ഷ എന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സംഭവം പ്രചരിപ്പിക്കപ്പെട്ടു.

പ്രതികള്‍ക്ക് 20 വര്‍ഷം തടവിന് വേണ്ടിയാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍ പെണ്‍കുട്ടി ആക്രമിക്കപ്പെട്ടെങ്കിലും ബലാത്സംഗത്തിനിരയായി എന്നതിന് മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി പ്രതികള്‍ക്ക് 9 വര്‍ഷം തടവിന് വിധിച്ചു. ഇത് ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിവെച്ചു. ഈ വിധിയാണ് പ്രാദേശിക കോടതി ചൊവ്വാഴ്ച ശരിവെച്ചത്. സ്പെയിനിലെ നിയമമനുസരിച്ച് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇത്തരം കേസുകളില്‍ ശിക്ഷ നടപ്പിലാക്കൂ.

2016ലെ സംഭവം സ്പെയിനിലൂടനീളം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ലൈംഗിക പീഡനങ്ങള്‍ക്കും ആണ്‍കോയ്മക്കുമെതിരെ ശബ്ദമൂയര്‍ത്തിക്കൊണ്ട് പതിനായരങ്ങളാണ് അന്ന് തെരുവിലിറങ്ങിയത്. മീ ടൂ ക്യാമ്പയിന്റെ പശ്ചാത്തലത്തില്‍ അന്തരാഷ്ട്ര തലത്തിലും ഈ കേസ് ശ്രദ്ധിക്കപ്പെട്ടു. സ്പെയിനിലെ മിക്ക നഗരങ്ങളിലും ചൊവ്വാഴ്ച്ചത്തെ വിധിക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. പ്രതികള്‍ക്ക് കഠിനമായ ശിക്ഷ നല്‍കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

വിധിക്കെതിരെ സുപ്രീം കോടതിയിലേക്ക് പോകാനാണ് പ്രോസിക്യൂഷന്റെ തീരുമാനം. നിലവില്‍ 5 പ്രതികളും ജൂണ്‍ മുതല്‍ ജാമ്യത്തിലാണ്. നിര്‍ദ്ദിഷ്ട വിധി വരുന്നത് വരെ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ പ്രതികളെ ജയിലിലടക്കരുത് എന്ന നിയമത്തിന്റെ ആനുകൂല്യത്തിലാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. ജ്യുഡീഷ്യറിയുടെ സത്യസന്ധതയെപ്പോലും ചോദ്യം ചെയ്യുന്ന ഇത്തരം നിയമങ്ങള്‍ പുനപരിശോധിക്കണമെന്നാവശ്യം സ്പെയിനില്‍ ശക്തമാണ്.

Related Tags :
Similar Posts