
യു.എസ് പ്രതിനിധി പാക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
|അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടത്തുന്ന യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായിരുന്നു മുന്‍തൂക്കം.
യു.എസ് പ്രതിനിധി സാൽമേ ഖലീൽസാദ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമായി കൂടിക്കാഴ്ച നടത്തി. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടത്തുന്ന യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായിരുന്നു മുന്‍തൂക്കം.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രത്യേക ആവശ്യ പ്രകാരമാണ് സാല്‍മേ ഖലീല്‍സാദ് പാകിസ്ഥാനിലെത്തിയത്. താലിബാനുമായി അമേരിക്ക നടത്തുന്ന സമാധാന ചര്‍ച്ചക്ക് എല്ലാ വിധ പിന്തുണയും പാകിസ്താന്‍ നല്‍കുമെന്ന് ഇമ്രാന്‍ഖാന്‍ പറഞ്ഞു. പാകിസ്താന്റെ സഹായത്തോടെ അഫ്ഗാനിസ്താനില്‍ സമാധാനം കൊണ്ട് വരാനാണ് യു.എസ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പാകിസ്താന്റെ സഹായം യു.എസ് ആവശ്യപ്പെടുന്നത്. അഫ്ഗാനില്‍ ജനിച്ച ഖലീല്‍സാദ് മുന്‍ യു.എസ് പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ കാലത്ത് അഫ്ഗാനിസ്താനില്‍ യു.എസ് അംബാസിഡറായി സേവനമനുഷ്ഠിച്ചിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സാല്‍മേ ഖലീല്‍സാദ് പാകിസ്താനിലെത്തിയത്. പാകിസ്താന്‍, ഖത്തര്‍ റഷ്യയുള്‍പ്പെടെ എട്ട് രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് തന്നെയാണ് അദ്ദേഹത്തിന്റെ മറ്റ് രാഷ്ട്രങ്ങളിലേക്കുള്ള സന്ദര്‍ശനം.