
യമന്‍ ആഭ്യന്തര യുദ്ധം അവസാനത്തിലേക്ക്; തടവുകാരെ പരസ്പരം കൈമാറാന്‍ ധാരണ
|യു.എന്‍ മധ്യസ്ഥതയില്‍ ഇരുകൂട്ടരും കരാര്‍ ഒപ്പിട്ടു
ആഭ്യന്ത യുദ്ധം തുടരുന്ന യമനില്‍ തടവുകാരെ പരസ്പരം കൈമാറാന്‍ സര്‍ക്കാരും ഹൂതി വിമതരും തമ്മില്‍ കരാറായി. യു.എന്‍ മധ്യസ്ഥതയില്‍ സ്വീഡനില്‍ നടക്കുന്ന ചര്‍ച്ചയിലാണ് കരാര്‍ ഉണ്ടാക്കിയത്. ഇന്ന് തുടങ്ങിയ ചര്‍ച്ച യമന്‍ പ്രതിസന്ധി പരിഹരിക്കും വരെ തുടരുമെന്നാണ് സൂചന.
രണ്ടര വര്‍ഷത്തിന് ശേഷമാണ് ഹൂതി വിമതരും യമന്‍ സര്‍ക്കാറും ഒന്നിച്ചിരുക്കുന്നത്. യു.എന്‍ മധ്യസ്ഥന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്തിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച. ചര്‍ച്ചയുടെ ലക്ഷ്യം യമനിലെ രാഷ്ട്രീയ പരിഹാരവും യുദ്ധം അവസാനിപ്പിക്കലുമാണ്. ആദ്യ ദിനം തന്നെ തടവുകാരെ കൈമാറാന്‍ ഇരുകൂട്ടരും തീരുമാനിച്ചത് നിര്‍ണായക നീക്കമായി.
യമന്‍ വിദേശകാര്യ മന്ത്രി ഖാലിദ് അല്‍ യമനിയുടെ നേതൃത്വത്തിലാണ് 12 അംഗ സര്‍ക്കാര്‍ സംഘം. പതിനഞ്ചംഗ ഹൂതികളുമാണ് ജോഹന്നാസ്ബര്‍ഗ് ചര്‍ച്ചയുടെ ഭാഗം. 2016ല്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെ യുദ്ധം രംഗം വഷളാക്കി. നിലവില്‍ സൗദി സഖ്യസേനയും ഹൂതികളും സര്‍ക്കാറും രാഷ്ട്രീയ പരിഹാരം ലക്ഷ്യം വെക്കുന്നതിനാല്‍ യുദ്ധാവസാന പ്രതീക്ഷയിലാണ് യമന്‍. യമന്‍ തുറമുഖം ഹുഹൈദ പ്രശ്നം പരിഹാരം വരെ താല്‍ക്കാലികമായി ഏറ്റെടുക്കാമെന്ന് യു.എന്‍ അറിയിച്ചിട്ടുണ്ട്.

രണ്ടായിരത്തോളം തടവുകാരെയാണ് യമന്‍ ഭരണകൂടവും ഹൂതികളും കൈമാറുക. ഭരണ നേതൃത്വത്തിലെ ഉന്നതരെയടക്കം കൈമാറുന്നതോടെ ഇരു കൂട്ടരും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിക്കും. പ്രശ്ന പരിഹാര ചര്‍ച്ചയിലൂടെ രാഷ്ട്രീയ പ്രാതിനിധ്യം നേടാനുള്ള ശ്രമത്തിലാണ് ഹൂതികള്‍.
രണ്ടായിരത്തോളം ഹൂതികളാണ് സര്‍ക്കാര്‍ കസ്റ്റഡിയില്‍. ആയിരത്തിലേറെ സര്‍ക്കാര്‍ പക്ഷക്കാര്‍ ഹൂതികളുടെ കസ്റ്റഡിയിലും. ഇവരെ വിട്ടു കൊടുക്കാനാണ് സ്വീഡന്‍ ചര്‍ച്ചയുടെ ആദ്യ ദിന തീരുമാനം.
യമന്‍ യുദ്ധം തുടങ്ങിയ ശേഷം കൊല്ലപ്പെട്ടത് പതിനായിരത്തിലേറെ പേരാണ്. ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക കണക്കാണിത്. കഴിഞ്ഞ മാസം മുതല്‍ കൊല്ലപ്പെട്ട ഹൂതികള്‍ മാത്രം ആയിരത്തിലേറെ പേര്‍. തുടര്‍ച്ചയായ ഏറ്റുമുട്ടല്‍ നാശനഷ്ടങ്ങള്‍ മാത്രം ബാക്കി വെച്ചു. ഇതിന് പിന്നാലെയാണ് രാഷ്ട്രീയ പരിഹാര ചര്‍ച്ച. തടവുകാരെ കൈമാറാനുള്ള തീരുമാനം യുദ്ധത്തിലൂടെ സൃഷ്ടിക്കപ്പെട്ട വിടവ് നികത്താനുള്ള ആദ്യ ശ്രമമാണ്.
മോചിപ്പിക്കുന്നവരില്‍ മുന്‍ യമന്‍ പ്രതിരോധ മന്ത്രിയും, ഹൂതികളുടെ മുതിര്‍ന്ന നേതാക്കളും പെടും. രാഷ്ട്രീയ പ്രാതിനിധ്യം ലഭിക്കാനാണ് ഹൂതികളുടെ ശ്രമം. സൗദിയില്‍ അഭയം തേടിക്കഴിയുന്ന യമന്‍ പ്രസിഡണ്ട് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെ നിലനിര്‍ത്തിയുള്ള രാഷ്ട്രീയ പരിഹാര ശ്രമത്തെയാണ് സൗദി സഖ്യം പിന്താങ്ങുന്നത്. ഇതെല്ലാം മുന്നില്‍ വച്ചുള്ള ഫോര്‍മുലയാണ് യു.എന്‍ ലക്ഷ്യം.