< Back
International Old
ഹുവായ് ടെലികോം കമ്പനി എക്സിക്യൂട്ടിവിന്‍റെ  മോചനം ഉടന്‍ സാധ്യമാക്കണമെന്ന ആവശ്യവുമായി ചൈന
International Old

ഹുവായ് ടെലികോം കമ്പനി എക്സിക്യൂട്ടിവിന്‍റെ മോചനം ഉടന്‍ സാധ്യമാക്കണമെന്ന ആവശ്യവുമായി ചൈന

Web Desk
|
7 Dec 2018 8:07 AM IST

കാനഡയില്‍ അറസ്റ്റിലായ ഹുവായ് ടെലികോം കമ്പനി എക്സിക്യൂട്ടിവിന്‍റെ മോചനം ഉടന്‍ സാധ്യമാക്കണമെന്ന ആവശ്യവുമായി ചൈന രംഗത്ത്. അറസ്റ്റ് നയതന്ത്ര ബന്ധത്തിന് ഭീഷണിയായേക്കുമെന്ന..

കാനഡയില്‍ അറസ്റ്റിലായ ഹുവായ് ടെലികോം കമ്പനി എക്സിക്യൂട്ടിവിന്‍റെ മോചനം ഉടന്‍ സാധ്യമാക്കണമെന്ന ആവശ്യവുമായി ചൈന രംഗത്ത്. മെങ് വാന്‍ഷൂവിന്‍റെ അറസ്റ്റ് നയതന്ത്ര ബന്ധത്തിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് ചൈന ശക്തമായ നിലപാടുമായി രംഗത്തെത്തിയത്. ഹുവായ് എക്സിക്യൂട്ടിവിന്റെ അറസ്റ്റ് ആഗോള സാമ്പത്തിക രംഗത്തും തിരിച്ചടിക്ക് കാരണമായിട്ടുണ്ട്. മെങ് വാന്‍ഷൂവിന്റെ അറസ്റ്റ് രാഷ്ട്രീയ ലക്ഷ്യത്തോടെയല്ലെന്നും തങ്ങള്‍ക്ക് അതില്‍ പങ്കില്ലെന്നും കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ വിശദീകരിച്ചു.

ചൈനയിലെ ഹുവായ് ടെലികോംസ് സീനിയര്‍ എക്സിക്യൂട്ടിവ് ഓഫീസര്‍ മെങ് വാന്‍ഷൂ കഴിഞ്ഞ ശനിയാഴ്ചയാണ് കാനഡയില്‍ അറസ്റ്റിലായത്. യു.എസ് ഉപരോധവുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പേരിലാണ് മെങ് വാന്‍ഷൂവിന്‍റെ അറസ്റ്റെന്നാണ് കനേഡിയന്‍ നിയമ വകുപ്പിന്‍റെ നിലപാട്. എന്നാല്‍ കമ്പനിയുടെ ഗ്ലോബല്‍‍ ഫിനാന്‍ഷ്യല്‍ ഓഫീസറായ ‍മെങ് വാന്‍ഷൂവിനെ തടവിലാക്കിയിരിക്കുന്നതിന്‍റെ കാരണമെന്തെന്ന കാര്യത്തില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ അമേരിക്കയും കാനഡയുടെ തയ്യാറാകണമെന്ന് ചൈന ആവശ്യപ്പെട്ടു

വാന്‍കൂവറില്‍ വെച്ച് ശനിയാഴ്ച പിടിയിലായ മെങ് വാന്‍ഷൂവിന്‍റെ തടവ് സംബന്ധിച്ച സ്ഥിരീകരണം കാനഡ നല്‍കിയത് ബുധനാഴ്ച രാത്രി മാത്രമാണ്. തടവിലാക്കിയ ഉദ്യോഗസ്ഥയെ ഉടന്‍ വിട്ടയക്കണമെന്നും തടവിന് കാരണം അമേരിക്കയും കാനഡയും വ്യക്തമാക്കണമെന്നും ആവിശ്യപ്പെട്ട് ചൈനീസ് വിദേശ കാര്യ മന്ത്രാലയം വക്താവ് ഗെങ് ഷുവാങാണ് രംഗത്തെത്തിയത്.

ചൈനീസ് ടെക്നോളജി കമ്പനിയുടെ വൈസ് ചെയര്‍പേഴ്സണ്‍മാരിലൊരാളായ മെങിന്‍റെ പിതാവാണ് ഈ കമ്പനിയുടെ സ്ഥാപകനും. വിവാദം കൂടുതല്‍ രൂക്ഷമായതോടെ ചൈനയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധവും കൂടുതല്‍ ഭീഷണിയിലാവുകയാണ്. അതേസമയം ഹുവായ് എക്സിക്യൂട്ടിവിന്‍റെ അറസ്റ്റ് സാമ്പത്തിക മേഖലയിലും പ്രതിഫലിച്ചിട്ടുണ്ട്. യു.എസ് സ്റ്റോക്ക് എക്സേചേഞ്ചിലും ഇടിവുണ്ടായി.

Similar Posts